Thursday Mirror

ചൂതാട്ടക്കാരനായ കൂലിപ്പടയാളിയിൽ നിന്ന് വിശുദ്ധനിലേക്ക് - കമില്ലസ് ഡി ലെല്ലിസ്

ജില്‍സ ജോയി 14-07-2022 - Thursday

കൃപയുടെ വിസ്മയകരമായ ശക്തിയാണ് വിശുദ്ധ കമില്ലസിന്റെ ജീവിതം വെളിവാക്കുന്നത്. യുവാവായിരിക്കെ പാപക്കയങ്ങളിൽ, ദുശ്ശീലങ്ങളിൽ കുഴഞ്ഞുമറിഞ്ഞൊരു ജീവിതം! ആൽബൻ ഗുഡിയർ, 24 വയസ്സുകാരനായ കമില്ലസിനെപ്പറ്റി പറഞ്ഞതിങ്ങനെ: " ഇറ്റലിയിലെ മടകളെല്ലാം തിരഞ്ഞാലും കമില്ലസിനെപ്പോലെ ചെറിയൊരു പ്രതീക്ഷക്ക് പോലും വകയില്ലാത്ത ഒരാളെ കണ്ടുകിട്ടാൻ വിഷമമായിരിക്കും". ഇത്രക്കും ധൂർത്തപുത്രനായി നടന്നയാൾ ഇന്ന് വിശുദ്ധനായി വണങ്ങപ്പെടുന്നു!

മുപ്പത്തിരണ്ടാം വയസ്സിലാണ് കമില്ലസ് പഠനത്തെ ഗൗരവമായെടുക്കുന്നത്!! ഒരു പുരോഹിതനാകണമെന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു അത്. ആറടി ആറ് ഇഞ്ച് ഉയരമുള്ള ദൃഡഗാത്രനായ കമില്ലസിന് ഈശോ സമൂഹം നടത്തുന്ന റോമൻ കോളേജിൽ ചെറുപ്പക്കാരായ കുട്ടികളുടെ ഇടയിൽ ഇരിക്കാൻ നാണക്കേട് തോന്നിയില്ല. കൂടെ പഠിക്കുന്നവർ അവൻ വൈകി പഠിക്കാൻ വന്നതിൽ ഇരട്ടപ്പേര് വിളിച്ചു കളിയാക്കുന്നതും ശ്രദ്ധിച്ചില്ല. പകരം പഠനത്തിൽ അതീവശ്രദ്ധ ചെലുത്തി. അവന്റെ ടീച്ചർ പറഞ്ഞു, "അവൻ വൈകിയാണ് വന്നതെന്നുള്ളത് ശരിയാണ്. പക്ഷെ അവന്റെ തീക്ഷ്‌ണത കാണുമ്പോഴറിയാം അവൻ ബഹുദൂരം മുന്നോട്ടു പോയി സഭക്കായി മഹത്തായ കാര്യങ്ങൾ നേടാനുള്ളവനാണെന്ന് ".

യുദ്ധവും അക്രമവും പൊട്ടിപ്പുറപ്പെടുന്ന രാജ്യങ്ങളിൽ പോലും കാരുണ്യത്തിന്റെയും അനുകമ്പയുടെയും പ്രതീകമായി എത്തുന്ന റെഡ് ക്രോസ്സിന്റെ ഉത്ഭവത്തിന് നാന്ദിയായത് ഈ കമില്ലസ് തന്നെയാണ് . മറ്റുള്ളവരിൽ നിന്ന് തന്റെ ആളുകൾ തിരിച്ചറിയപ്പെടാനായി അവരുടെ ഉടുപ്പിന്മേൽ ചുവന്ന കുരിശ് ധരിക്കാൻ അനുവദിക്കണമെന്ന് കമില്ലസ് അപേക്ഷിച്ചു. അത് അനുവദിച്ചുകൊണ്ട് 1596 ജൂൺ 26ന് പോപ്പ് സിക്സ്റ്റസ് അഞ്ചാമൻ അപ്പസ്തോലിക വിജ്‌ഞാനാപനത്തിൽ ഒപ്പുവച്ചു. മൂന്നുദിവസത്തിന് ശേഷം, കറുത്ത ഉടുപ്പിന്മേൽ ചുവന്ന കുരിശ് ധരിച്ചുകൊണ്ട്, വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുന്നാൾ ദിനത്തിൽ കമില്ലസ് തന്റെ അനുയായികളുമായി സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലൂടെ ബസിലിക്കയിലേക്ക് മാർച്ച്‌ നടത്തി.

അതെ, ജീവൻ വിലയായി കൊടുത്തുപോലും സേവനം ചെയ്യാൻ തന്റെ സഭയിലെ ഓരോരുത്തരും പ്രതിബദ്ധരാണ് എന്നതിന്റെ അടയാളമായി, ക്രിസ്തുവിന്റെ രക്തത്താൽ ചുവന്ന കുരിശിനെ , ഉപവിയുടെ അഗ്നി ആളിക്കത്തുന്ന ചുവന്ന കുരിശിനെ, കമില്ലസ് ആഗ്രഹിച്ചു.

1550 മെയ്‌ 25ന് ഇറ്റലിയിൽ അബ്രൂസോയിലെ ബുക്കിയാനിക്കൊവിൽ ക്യാപ്റ്റൻ ജോൺ ഡി ലെല്ലിസിന്റെയും കാമില്ലയുടെയും മകനായി കമില്ലസ് ജനിച്ചു. കുടുംബപ്പേര് കേട്ടാലറിയാം നല്ല കുലീനകുടുംബത്തിലെ അംഗമാണെന്ന് പക്ഷെ കമില്ലസിന്റെ പിതാവ് വഴിയായി കുടുംബത്തിന് ആവശ്യത്തിന് ചീത്തപ്പേരുണ്ടായിരുന്നു. സമ്പന്നനായ ഒരു പട്ടാളക്കാരന് അക്കാലത്ത് ഉണ്ടാകാൻ പാടുള്ള എല്ലാവിധ തെറ്റുകളിലും അകപ്പെട്ടിരുന്ന, അനിയന്ത്രിതമായ ധാരാളിത്തവും ആരൊക്കെ പറഞ്ഞാലും നിർത്താത്ത ചൂതുകളി ഭ്രാന്തും എല്ലാമുള്ള ഒരാൾ. "അദ്ദേഹം തന്റെ ഭാര്യക്ക് കൊടുത്തിരുന്ന ഏറ്റവും വലിയ ആശ്വാസം, വീട്ടിൽ അദ്ദേഹം ഉണ്ടാവാറെ ഇല്ല എന്നതാണ് " എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ കമില്ലസിന്റെ പിതാവ് എങ്ങനെയായിരുന്നെന്ന്.

കമില്ലസ് അവന്റെ പിതാവിന്റെ പാത തന്നെ പിന്തുടർന്നു. ചെറുപ്രായം തൊട്ടേ ചീത്ത കൂട്ടുകെട്ടും കടിഞ്ഞാണില്ലാത്ത ജീവിതവുമായി ചൂതുകളിക്ക് അടിമയായി. 17 വയസ്സായപ്പോൾ കൂലിപ്പട്ടാളക്കാരനായി അപ്പന്റെ കൂടെ കൂടി. രണ്ടാളും ഓരോരോ സേനക്ക് വേണ്ടി യുദ്ധം ചെയ്ത് പണമുണ്ടാക്കി അതെല്ലാം ചൂതാട്ടശാലകളിൽ കൊണ്ടുപോയി കളഞ്ഞുകുളിച്ചു.

ഒരിക്കൽ തുർക്കികൾക്ക് എതിരെ യുദ്ധം ചെയ്യാനായി അപ്പനും മകനും വെനീസിലേക്ക് കാൽനടയായി പോകവേ ലോറേറ്റൊയിൽ വെച്ച് രണ്ടുപേരും രോഗബാധിതരായി. പിതാവ് മരിക്കാറായി എന്ന് കണ്ട കമില്ലസ്, അവനും തീരെ വയ്യെങ്കിലും പിതാവിനെ ശുശ്രൂഷിക്കാനായി ഒരു സ്ഥലം അന്വേഷിച്ചു. ആ മനുഷ്യൻ തന്റെ ചെയ്തികളെപ്പറ്റി പശ്ചാത്തപിച്ച് അന്ത്യകൂദാശകൾ ബോധ്യത്തോടെ സ്വീകരിച്ചു മരിച്ചു.

ജീവിതത്തിൽ ആദ്യമായി കമില്ലസ് , അവനു 12 വയസ്സ് മാത്രമുള്ളപ്പോൾ മരിച്ചുപോയ അമ്മ അവനിൽ സന്നിവേശിപ്പിച്ച വിശ്വാസത്തിന്റെ മൂല്യം അറിഞ്ഞു.കുട്ടിയായിരുന്നപ്പോൾ അമ്മക്ക് അവൻ എന്നും പ്രശ്നക്കാരനായിരുന്നു. പക്ഷെ മതത്തോട് അവനിൽ ബഹുമാനം ഉളവാക്കാൻ അവൾക്ക് കഴിഞ്ഞിരുന്നു. ഒട്ടും പ്രാർത്ഥിച്ചിരുന്നില്ലെങ്കിലും, കൂദാശകൾ സ്വീകരിച്ചിരുന്നില്ലെങ്കിലും പ്രാർത്ഥനയോടും കൂദാശകളോടും അവന് ആദരവായിരുന്നു. ഒരു അമ്മക്ക് അവളുടെ കുഞ്ഞിന്റെ മതബോധനത്തിൽ ചെലുത്താൻ കഴിയുന്ന സ്വാധീനം എത്ര വലുത് ! ഒരു ചെറിയ തീപ്പൊരി ആയി ഉള്ളിൽ കിടന്നാലും ദൈവകൃപയാകുന്ന കാറ്റ് അതിനെ യഥാകാലം തീനാളമാക്കുന്നു.

ലോകത്തിൽ തനിച്ചായ കമില്ലസ് അവനും പെട്ടെന്ന് മരിച്ചുപോകുമെന്നും അവനെ അപ്പോൾ ആരും സഹായിക്കാനുണ്ടാകില്ലെന്നും ഭയന്നു. അവന്റെ അങ്കിൾ അക്വിലയിൽ ഒരു ഫ്രാൻസിസ്കൻ സന്യാസി ആയിരുന്നു.അവിടെപ്പോയി പ്രലോഭനങ്ങളിൽ നിന്നകന്ന് lഫ്രാൻസിസ്കൻ സഭയിൽ ചേരാമെന്നുറച്ചു. പക്ഷെ അവന്റെ വലത്തേകാലിൽ കണങ്കാലിൽ വലിയൊരു വ്രണം കണ്ട് അത് സുഖമായിട്ട് ആശ്രമത്തിൽ പോന്നോളാൻ അങ്കിൾ പറഞ്ഞു.

കമില്ലസ് റോമിൽ സാൻ ജ്യാക്കൊമൊ ആശുപത്രിയിൽ പോയി. അവന്റെ കയ്യിൽ പണമൊന്നും ഇല്ലാത്തതുകൊണ്ട് ഒരു നഴ്സിനെപ്പോലെ മറ്റു രോഗികളെ ശുശ്രൂഷിക്കാൻ സഹായിച്ചാൽ കാലിലെ വ്രണം സുഖമാക്കി തരാമെന്ന് ഡോക്ടർമാർ പറഞ്ഞു. അന്നൊക്കെ പുരുഷന്മാരായിരുന്നു നഴ്‌സുമാരായിരുന്നത്.കമില്ലസ് സമ്മതിച്ചു. പക്ഷെ വളരെപ്പെട്ടെന്ന് അവൻ തന്റെ പാപവഴികളിലേക്ക് തിരികെ പോയി. ജോലികൾ അവഗണിക്കാനും ചൂതുകളിക്കാനും മറ്റു നഴ്സുമാരുമായി കലഹിക്കാനും തുടങ്ങി. 9 മാസത്തിനു ശേഷം അവനെ അവർ പുറത്താക്കി. കുറച്ചുകാലം വീണ്ടും പട്ടാളക്കാരനായി സൈന്യത്തിനൊപ്പം കൂടി. 1574ൽ ചൂതുകളിച്ച് ഉണ്ടായിരുന്ന സമ്പാദ്യവും ആയുധങ്ങളും മാറാപ്പും ധരിച്ചിരുന്ന ഷർട്ട് പോലും ഇല്ലാതായി. ദാരിദ്ര്യത്തിൻറെ പരമകോടിയിലെത്തി.

പുറത്ത് ഭിക്ഷ യാചിക്കുമ്പോൾ അവനെ കണ്ട ഒരു സമ്പന്നനായ മനുഷ്യൻ കപ്പൂച്ചിൻ അച്ചന്മാർക്ക് വേണ്ടി അയാൾ പണിയുന്ന കെട്ടിടത്തിന്റെ പണിയിൽ കൂടിക്കോളാൻ പറഞ്ഞു. അത് സസന്തോഷം സ്വീകരിച്ച കമില്ലസ് തന്റെ ശോചനീയമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗമായി ആ ജോലിയെ കണ്ടു.സാവധാനം ആത്മവിശ്വാസവും മറ്റുള്ളവരുടെ ആദരവും നേടിയെടുത്ത കമില്ലസിൽ ഒരു പുരോഹിതനാവാനുള്ള ആഗ്രഹം വീണ്ടും തലപൊക്കി.

കൊച്ചുസന്യാസിമാരുടെ മേൽനോട്ടക്കാരനായ ഫാദർ ആഞ്ചലോയുടെ ആവേശോജ്ജ്വലമായ ഒരു പ്രസംഗം അവസാനഘട്ട മാനസാന്തരത്തിന് വഴിയൊരുക്കി .1575 ഫെബ്രുവരി 2 ന്, നമ്മുടെ കർത്താവിന്റെ കാഴ്ചവെപ്പ് തിരുന്നാളിന്റെയന്ന്, കമില്ലസ് ഓടിച്ചിരുന്ന കുതിരപ്പുറത്തുനിന്നിറങ്ങി, മുട്ടിൽ വീണ്, കഴിഞ്ഞ കാലജീവിതത്തെ കുറിച്ചോർത്തു കണ്ണീർ വാർത്തു. സ്വർഗ്ഗത്തോട് മാപ്പപേക്ഷിച്ചു. നൊവീഷ്യെറ്റിൽ പ്രവേശിച്ചു.

ഫ്രാൻസിസ്ക്കൻ ആശ്രമത്തിലെ സമാധാനത്തിന്റെ നാളുകൾ കഴിഞ്ഞു. കണങ്കാലിനു മുകളിലെ മുറിവ് പഴുത്തു. കമില്ലസിനോട് അവിടം വിട്ടുപോകാൻ പറഞ്ഞെങ്കിലും കാല് സുഖമാകുമ്പോൾ തിരികെ വരാൻ അനുവദിച്ചു. കമില്ലസ് ഫ്രാൻസിസ്കൻ സന്യാസിമാരുടെ ഒരു ശുപാർശക്കത്തുമായി വീണ്ടും സാൻ ജ്യക്കോമോയിലെ ആശുപത്രിയിലേക്ക് പോയി. ഇപ്രാവശ്യം ഒരു പരിചാരകനായി ആണ് അവർ അവനെ എടുത്തത്. എങ്കിലും അവൻ ഒരു പുതിയ മനുഷ്യനായിരുന്നു. ഒരു പരാതിയും അവനുണ്ടായില്ല. വിശുദ്ധ ഫിലിപ്പ് നേരിയെ ആണ് തന്റെ കുമ്പസാരക്കാരനായും ആത്മീയോപദേഷ്ടാവായും അവന് ലഭിച്ചത്.

കമില്ലസിന് 30 വയസ്സായപ്പോൾ അവന്റെ മുറിവ് അപ്രത്യക്ഷമാകുന്നത് പോലെ തോന്നി. ഒരിക്കൽ കൂടെ ആശ്രമത്തിൽ ചെല്ലേണ്ട താമസം വീണ്ടും വ്രണംപൊന്തിവന്നു. ഇനി ആശ്രമത്തിൽ ചേരാൻ ശ്രമിക്കരുതെന്ന് ശാസിച്ച് വീണ്ടും പറഞ്ഞുവിട്ടു. ഇപ്രാവശ്യം ആശുപത്രിയിൽ എല്ലാ നഴ്‌സുമാരുടെയും പണിക്കാരുടെയും സൂപ്രണ്ട് ആയാണ് അവനെ നിയമിച്ചത്.

വിശുദ്ധനായ കമില്ലസ് ഇനിയാണ് വെളിച്ചത്തുവരുന്നത്. തെറ്റുകളിൽ നിന്നും അവനെ രക്ഷിച്ചു മാറ്റിനിർത്താനുള്ള ഉപാധി ആയാണ് നേരത്തെ അവൻ ജോലിയെ കണ്ടത്. എത്രത്തോളം മറ്റുള്ളവർക്കായി അവൻ തന്നെത്തന്നെ ബലിയാക്കുന്നോ അത്രത്തോളം ആനന്ദം വർദ്ധിക്കുന്നതായി ഇപ്പോൾ അവൻ തിരിച്ചറിഞ്ഞു. ഓരോ രോഗികളിലും അവൻ ക്രിസ്തുവിനെ കണ്ടു, പ്രത്യേകിച്ച് കൂടുതൽ ദാരുണവസ്ഥയിലുള്ളവരിൽ.

ഒരു പ്രമുഖവ്യക്തി ഒരിക്കൽ അവനെ കാണാനും സംസാരിക്കാനുമായി ആശുപത്രിയിലെത്തി. അവനെ തിരയാനായി പോയ ആളുകൾ ഒരു രോഗിയെ ശുശ്രൂഷിക്കുന്ന നിലയിൽ അവനെ കണ്ടെത്തി. അവർ പറയുന്നത് കേട്ടതിനു ശേഷം തിരിഞ്ഞുനോക്കാതെ തന്നെ അവരോട് പറഞ്ഞു, "മോൺസിഞ്ഞോറിനോട് പറയു, ഞാൻ യേശുക്രിസ്തുവിനെ പരിചരിക്കുന്നതിൽ കുറച്ചു തിരക്കിലാണെന്ന്. ഈ സ്നേഹസേവനം കഴിഞ്ഞാലുടൻ ഞാൻ എത്രയും ബഹുമാനപ്പെട്ട പുരോഹിതനെ കാണാൻ വരാം".

വേറെ നഴ്‌സുമാരും ഈ സേവനത്തിന്റെ മഹത്വം കണ്ടറിഞ്ഞു കൂട്ടത്തിൽ കൂടി. അവരൊന്നിച്ച് Order of Ministers of the sick എന്ന കൂട്ടായ്മക്ക് രൂപം കൊടുത്തു. മിനിസ്റ്റർ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം ദാസൻ എന്നാണ്, അങ്ങനെയാണ് രോഗികളെ ശുശ്രൂഷിക്കുന്നവർ ആകേണ്ടതും എന്ന് കമില്ലസ് ശഠിച്ചു. ആശുപത്രിയിൽ മാത്രമല്ല തെരുവോരത്തും ജയിലിലും ഓടയിലും ഒക്കെ അവർ തങ്ങളുടെ യജമാനരെ( രോഗികളെ ) കണ്ടെത്തി.

പഠനത്തിന് ശേഷം കമില്ലസ് 1584ൽ പൗരോഹിത്യം സ്വീകരിച്ചു. ഉടൻ തന്നെ രോഗിശുശ്രൂഷക്കായി ഒരു സഭ സ്ഥാപിക്കാൻ നീക്കങ്ങൾ തുടങ്ങി. 1591ൽ പോപ്പ് ഗ്രിഗറി പതിനാറാമൻ അതിന് ഔദ്യോഗികമായി അംഗീകാരം നൽകി.

1588ൽ 12 പേരോട് കൂടെ നേപ്പിൾസിൽ ഒരു ഭവനം സ്ഥാപിച്ചു. പ്ലേഗ് ബാധിച്ച ചിലരുള്ള കപ്പലുകൾക്ക് തുറമുഖത്ത് നങ്കൂരമിടാനുള്ള അനുമതി നിഷേധിച്ചപ്പോൾ കമില്ലസ് തന്റെ കൂട്ടരെ അങ്ങോട്ട്‌ പറഞ്ഞുവിട്ടു രോഗികളെ പരിചരിക്കാനായി. ഈ ഉദ്യമത്തിൽ അവരിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി, അവരാണ് കമില്ലസ് സ്ഥാപിച്ച സഭയിലെ ആദ്യ രക്തസാക്ഷികൾ. രോഗികൾക്ക് അന്ത്യകൂദാശ കൊടുക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് കമില്ലസ് സെമിനാരിയിൽ ചേർന്ന് പഠിച്ച് ഒരു പുരോഹിതനായത്.

കമില്ലസ് അവന്റെ ജീവിതകാലത്ത് 15 സന്യാസഭവനങ്ങളും 8 ആശുപത്രികളും സ്ഥാപിച്ചു. അവന്റെ അനുയായികൾ 1595 നും 1601 num ഇടക്ക് ഹംഗറിയുടെയും ക്രോയേഷ്യയുടെയും യുദ്ധം ചെയ്യുന്ന ട്രൂപ്പുകളെ അനുഗമിച്ചപ്പോൾ അത് റെഡ് ക്രോസിന്റെ ആദ്യത്തെ മെഡിക്കൽ ഫീൽഡ് യൂണിറ്റ് ആയി.

കമില്ലസിന്റെ കാലിലെ രണ്ട് വ്രണങ്ങൾ 46 കൊല്ലത്തോളം അദ്ദേഹത്തിന് വലിയ സഹനമായിരുന്നു. പലപ്പോഴും നിക്കാൻ കഴിയാതെ നിരങ്ങി നീങ്ങി ആണ് രോഗികളുടെ അടുത്തെത്താറുള്ളത്.

ഒരു രോഗിയായ മനുഷ്യൻ ഒരിക്കൽ കമില്ലസിനോട് ഉറക്കെ വിളിച്ചു പറഞ്ഞു, "ഫാദർ, എന്റെ കിടക്ക ഒന്ന് വിരിച്ചു തരണമെന്ന് ഞാൻ താങ്കളോട് അപേക്ഷിക്കുകയാണ്. അതെന്നെ കൊണ്ട് പറ്റുന്നില്ല".

"എന്നോട് അങ്ങനെ പറഞ്ഞതിന് ദൈവം താങ്കളോട് ക്ഷമിക്കട്ടെ" കമില്ലസ് പറഞ്ഞു.

അയ്യോ, അതെന്ത് പറ്റി ഫാദർ?!"

"കാരണം താങ്കൾ എന്നോട് യാചിച്ചു.എന്നോട് ആജ്‌ഞാപിക്കുകയാണ് വേണ്ടതെന്നു താങ്കൾക്കറിയില്ലേ? ഞാൻ നിങ്ങളുടെ ദാസനും അടിമയുമാണ്".

"എന്റെ മരണവിനാഴികയിൽ ഈ പാവപ്പെട്ടവരുടെ ഒരു നെടുവീർപ്പോ അനുഗ്രഹമോ എന്റെ മേലുണ്ടാവാൻ കനിയണമേ" കമില്ലസ് ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു.

അദ്ദേഹത്തിന്റെ അപേക്ഷ ദൈവസന്നിധിയിൽ സ്വീകരിക്കപ്പെട്ടു. രണ്ടാഴ്ചയോളം സർവ്വശേഷിയും ഉപയോഗിച്ചുള്ള തീക്ഷ്ണമായ പ്രാർത്ഥനയോടെ ഒരുങ്ങിയതിന് ശേഷമാണ് അദ്ദേഹം മരിച്ചത്. "May Jesus Christ appear to thee with a mild and joyful countenance" എന്ന് പുരോഹിതൻ പ്രാർത്ഥിക്കവേ കുരിശിന്റെ ആകൃതിയിൽ കൈകൾ നിവർത്തിയിട്ട് അദ്ദേഹം മരിച്ചു. 1614 ജൂലൈ 14 ലെ സായാഹ്നം ആയിരുന്നു അത്. അദ്ദേഹത്തിന് 64 വയസ്സും.

1746ൽ വിശുദ്ധ ജോൺ ഓഫ് ഗോഡ്ന് ഒപ്പം കമില്ലസ് ഡി ലെല്ലിസ് വിശുദ്ധപദവിയിലേക്കുയർന്നു. ലിയോ പതിമൂന്നാമൻ പാപ്പ രോഗികളുടെ മധ്യസ്ഥൻ ആയി വിശുദ്ധ കമില്ലസിനെ പ്രഖ്യാപിച്ചു. നഴ്സുമാരുടെയും നഴ്സിങ്‌ അസോസിയേഷനുകളുടെയും മധ്യസ്ഥനാക്കിക്കൊണ്ട് പ്രഖ്യാപനം നടത്തിയത് പീയൂസ് പതിനൊന്നാം പാപ്പയാണ്. ദൃഡനിശ്ചയത്തോടെ പാപങ്ങളെ വെറുത്തുപേക്ഷിക്കാനും ദൈവകൃപയിൽ ആശ്രയിച്ച് വിശുദ്ധിയിൽ മുന്നേറാനും തീരുമാനമെടുക്കുകയാണെങ്കിൽ കഴിഞ്ഞകാലപാപങ്ങൾക്ക് നമ്മളെ പുറകോട്ടു വലിക്കാനുള്ള ശക്തിയില്ലെന്ന് വിശുദ്ധ കമില്ലസ് നമുക്ക് കാണിച്ചുതരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »