News - 2025
സുഹൃത്തായ വൈദികന്റെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 22-07-2022 - Friday
റോം: കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ദിവസം അന്തരിച്ച സുഹൃത്തായ ജെസ്യൂട്ട് വൈദികൻ ഫാ. ഡീഗോ ഫാരെസിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഫ്രാന്‍സിസ് പാപ്പ. ജെസ്യൂട്ട് സമൂഹത്തിന്റെ ആനുകാലിക പ്രസിദ്ധീകരണമായ ലാ ചിവിൽത്താ കത്തോലിക്കയുടെ റിപ്പോര്‍ട്ടര്‍ കൂടിയായിരിന്നു ഫാ. ഡീഗോ. വത്തിക്കാനിനടുത്തുള്ള ജെസ്യൂട്ട് സമൂഹത്തിന്റെ കൂരിയ ചാപ്പലിൽ നടന്ന സംസ്‌കാര ദിവ്യബലിയിലും പാപ്പ പങ്കുചേര്‍ന്നു. 1976-ൽ ഫാ. ഡീഗോയെ ജെസ്യൂട്ട് സമൂഹത്തിലേക്ക് സ്വാഗതം ചെയ്തത് അന്നത്തെ പ്രൊവിൻഷ്യലായിരിന്ന ഫാ. ജോർജ്ജ് മരിയോ ബെർഗോഗ്ലിയോ (ഫ്രാന്‍സിസ് പാപ്പ) ആയിരിന്നു. പിന്നീട് ഇവര്‍ ഉറ്റ സുഹൃത്തുക്കളായി മാറുകയായിരിന്നു. ഫാ. ഫാരെസിന്റെ മരണത്തിന് മുമ്പ്, ജൂലൈ 10ന് ഫ്രാൻസിസ് പാപ്പ കാനിസിയോ വസതിയിൽ സന്ദർശിച്ചിരുന്നു.
ലാ ചിവിൽത്താ കത്തോലിക്കയുടെ മുഖ്യ പത്രാധിപർ ഫാ. അന്റോണിയോ സ്പഡാരോ വിശുദ്ധ കുർബാന അർപ്പിച്ച് അനുസ്മരണ സന്ദേശം നല്‍കി. സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ തലവനും ജെസ്യൂട്ട് സമൂഹാംഗവുമായ കർദ്ദിനാൾ മൈക്കൽ ചേർണി, സാമ്പത്തികകാര്യ വത്തിക്കാൻ സെക്രട്ടറിയേറ്റ് തലവൻ ഫാ. ഹുവാൻ അന്റോണിയോ ഗുറേറോ ആൽവസ് എന്നിവർ ദിവ്യബലിയിൽ പങ്കെടുത്തു. ഇതാദ്യമായല്ല പരിശുദ്ധ പിതാവ് തനിക്ക് പ്രിയപ്പെട്ടവരുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഒരു പ്രത്യേക യാത്ര നടത്തുന്നത്. മുൻ അധ്യാപകന്റെയും, തന്നെ ചികിൽസിച്ച ഡോക്ടറുടെയും മൃതസംസ്കാര, അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കാൻ പാപ്പ ഇതിന് മുമ്പും വത്തിക്കാനിൽ നിന്ന് പുറത്ത് പോയിട്ടുണ്ട്.