Life In Christ

''ക്ഷമ യാചിക്കുന്നു''; തദ്ദേശ വിഭാഗങ്ങളോട് മാപ്പ് പറഞ്ഞ് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 26-07-2022 - Tuesday

മസ്‌ക്വാചിസ് (കാനഡ): തദ്ദേശ വിഭാഗത്തില്‍ നിന്നുള്ള കുട്ടികളെ കുടുംബത്തിൽനിന്ന് അകറ്റി കനേഡിയൻ സർക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരിന്ന കത്തോലിക്ക റെസിഡൻഷൽ സ്കൂളുകളില്‍ പ്രവേശിപ്പിച്ചതും തദ്ദേശ സംസ്കാരത്തിൽനിന്ന് അവരെ മാറ്റിയെടുത്തതിലും മാപ്പ് പറഞ്ഞ് ഫ്രാന്‍സിസ് പാപ്പ. കാനഡ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ, ആൽബർട്ടയിലെ മസ്‌ക്വാചിസില്‍ ത്രിവിധ തദ്ദേശ ഗോത്ര വിഭാഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ വേദിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പാപ്പ ക്ഷമാപണം നടത്തിയത്. കുഞ്ഞുങ്ങളെ അടക്കിയ സെമിത്തേരിയിലെത്തി പ്രാർത്ഥിച്ചശേഷമായിരിന്നു വീല്‍ ചെയര്‍ മുഖേനെ ഫ്രാന്‍സിസ് പാപ്പ വേദിയിലെത്തിയത്.

സെമിത്തേരിയില്‍ നിന്ന് വേദിയിലേക്കുള്ള വീല്‍ ചെയര്‍ യാത്രയില്‍ ഉടനീളം ഫ്രാന്‍സിസ് പാപ്പ വളരെ ദുഃഖിതനായിരിന്നു. ഫസ്റ്റ് നേഷൻസ്, മെറ്റിസ്, ഇനുയിറ്റ് എന്നീ മൂന്നു തദ്ദേശീയ നേതാക്കളുടെ ഒപ്പമാണ് പാപ്പ വേദിയിലേക്ക് നീങ്ങിയത്. തുടര്‍ന്നു തദ്ദേശീയരുടെ വിവിധ പരിപാടികള്‍ നടന്നു. മാസ്‌ക്‌വ പാർക്കിൽ സ്പാനിഷ് ഭാഷയിലാണ് പാപ്പ പ്രസംഗം നടത്തിയത്. തന്റെ പശ്ചാത്താപ തീർത്ഥാടനത്തിന്റെ ആദ്യപടിയായി വീണ്ടും ക്ഷമ ചോദിക്കുകയാണെന്നും പാപ്പ പറഞ്ഞു.

ആദിമ ജനതയെ അടിച്ചമർത്തുന്ന കോളനിവൽക്കരണ ശക്തികളെ അനേകം ക്രിസ്ത്യാനികൾ പിന്തുണച്ചതില്‍ ഖേദിക്കുന്നു. എന്നോട് ക്ഷമിക്കൂ. അക്കാലത്തെ ഗവൺമെന്റുകൾ പ്രോത്സാഹിപ്പിച്ച സാംസ്കാരിക നാശത്തിന്റെയും നിർബന്ധിത സ്വാംശീകരണത്തിന്റെയും പദ്ധതികളിൽ സഭയിലെയും വിശ്വാസ സമൂഹത്തിലെയും അനേകം അംഗങ്ങള്‍ അവരുടെ നിസ്സംഗതയിലൂടെയും സഹകരിച്ച രീതികൾക്ക് ക്ഷമ ചോദിക്കുകയാണെന്നും പാപ്പ പറഞ്ഞു.

കാനഡയിലെ തന്റെ പശ്ചാത്താപ തീർത്ഥാടനത്തിൽ തദ്ദേശീയ സമൂഹങ്ങളെ കാണാന്‍ സഞ്ചരിക്കുമ്പോൾ 'ക്ഷമാപണം' സംഭാഷണത്തിന്റെ അവസാനമല്ലെന്നും ഫ്രാൻസിസ് പാപ്പ ആവര്‍ത്തിച്ചു. സ്കൂളുകളിൽ നടന്ന പഴയ സംഭവങ്ങളിൽ ഗൗരവത്തോടെ അന്വേഷണം നടത്തണമെന്നും ദുഃഖത്തിലാണ്ടു പോയ തദ്ദേശീയ കുടുംബങ്ങൾക്കു താങ്ങാകണമെന്നും പാപ്പ ആവശ്യപ്പെട്ടു. കാനഡയിലെ ആദ്യ തദ്ദേശീയ ഗവർണർ ജനറൽ മേരി സൈമണും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും സെനറ്റര്‍മാരും പരമ്പരാഗത വേഷത്തിൽ എത്തിയ തദ്ദേശീയരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലാണ് പാപ്പ ക്ഷമാപണം നടത്തിയത്.

19-ാം നൂറ്റാണ്ടു മുതൽ 1970 വരെ കനേഡിയൻ സർക്കാരിന്റെ ധനസഹായത്തോടെയാണു റെസിഡൻഷൽ സ്കൂളുകൾ പ്രവർത്തിച്ചിരുന്നത്. ഇക്കാലയളവില്‍ കനേഡിയന്‍ സംസ്കാരത്തിലേക്ക് കൂട്ടിക്കൊണ്ടു വരുവാന്‍ സര്‍ക്കാര്‍ ഇടപെടലില്‍ ഒന്നര ലക്ഷത്തോളം തദ്ദേശീയരായ കുട്ടികളെ കുടുംബത്തിൽനിന്ന് അകറ്റി റെസിഡൻഷ്യൽ സ്കൂളുകളിൽ പ്രവേശിപ്പിച്ചതും തദ്ദേശ സംസ്കാരത്തിൽനിന്ന് അവരെ മാറ്റിയെടുത്തതും പില്‍ക്കാലത്ത് വിവാദമായി. 139 റെസിഡൻഷൽ സ്കൂളുകളിൽ 66 എണ്ണമാണു കത്തോലിക്ക സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചത്.

അതേസമയം ആറു ദിവസം നീളുന്ന പാപ്പയുടെ കാനഡ സന്ദര്‍ശനം ഇന്നും തുടരും. സന്ദർശനത്തിൽ ആൽബർട്ട്, ക്യുബെക്, നൂനാവ്ട് എന്നിവിടങ്ങൾ സന്ദർശിക്കുകയും തദ്ദേശവാസികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഇന്ന് ചൊവ്വാഴ്ച എഡ്മണ്ടനിലെ കോമൺവെൽത്ത് സ്റ്റേഡിയത്തിൽ മാര്‍പാപ്പ ദിവ്യബലിയർപ്പിക്കും. ഇതിനു ശേഷം നഗരത്തിനു വെളിയിലുള്ള ലാക്എസ്റ്റിഎന്നിൽ തീർത്ഥാടനത്തിലും വചന ശുശ്രൂഷയിലും പാപ്പ പങ്കെടുക്കും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »