Faith And Reason - 2024

കാനഡയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ റോമിലെത്തി; പതിവ് തെറ്റിക്കാതെ മരിയന്‍ സന്നിധിയില്‍ നന്ദിയര്‍പ്പണം

പ്രവാചകശബ്ദം 30-07-2022 - Saturday

റോം: തദ്ദേശീയ സമൂഹത്തിനേറ്റ മുറിവുണക്കിക്കൊണ്ട് കനേഡിയന്‍ മണ്ണിലൂടെ നടത്തിയ അനുതാപത്തിന്റെ തീര്‍ത്ഥാടനത്തിന് വിജയകരമായ പരിസമാപ്തി കുറിച്ച് ഫ്രാന്‍സിസ് പാപ്പ റോമില്‍ മടങ്ങിയെത്തി. മുന്‍കൂട്ടി നിശ്ചയിച്ചപോലെ തന്നെ കാനഡയില്‍ നിന്ന് ഉച്ചകഴിഞ്ഞ് (ഇന്ത്യന്‍ സമയം ഇന്ന്‍ പുലര്‍ച്ചെ) റോമിലേക്കുള്ള വിമാനത്തില്‍ യാത്രതിരിച്ച പാപ്പ ഇന്ന് ഇറ്റാലിയന്‍ സമയം രാവിലെ 8:50-ഓടെ (ഇന്ത്യന്‍ സമയം ഉച്ചക്ക് 12:20) റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ 1970 വരെ തദ്ദേശ വിഭാഗത്തില്‍ നിന്നുള്ള കുട്ടികളെ കുടുംബത്തിൽനിന്ന് അകറ്റി കനേഡിയൻ സർക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരിന്ന കത്തോലിക്ക റെസിഡൻഷൽ സ്കൂളുകളില്‍ പ്രവേശിപ്പിച്ചതും തദ്ദേശ സംസ്കാരത്തിൽനിന്ന് അവരെ മാറ്റിയെടുത്തതിലും മാപ്പ് പറയുക എന്ന ലക്ഷ്യവുമായാണ് പാപ്പയുടെ കനേഡിയന്‍ സന്ദര്‍ശനം ഇക്കഴിഞ്ഞ ജൂലൈ 24നു ആരംഭിച്ചത്.

തദ്ദേശീയരായ കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്നും, സാംസ്കാരിക വേരുകളില്‍ നിന്നും അടര്‍ത്തിമാറ്റി പാശ്ചാത്യ സംസ്കാരത്തില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള കനേഡിയന്‍ സര്‍ക്കാര്‍ പരിപാടിയായിരുന്നു റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍. തന്റെ കാനഡ സന്ദര്‍ശനത്തിനിടെ പാപ്പ, നിരവധി തവണ തദ്ദേശീയ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും വിവിധയിടങ്ങളില്‍ മാപ്പ് യാചിക്കുകയും ചെയ്തിരിന്നു. ''സൃഷ്ടാവിന്റെ സഹായത്തോടെ ആ ഇരുണ്ട കാലഘട്ടത്തെ മറികടക്കുവാനുള്ള പ്രകാശം ചൊരിയുവാനായി നമുക്കൊരുമിച്ച് സൗഖ്യത്തിന്റേയും, അനുരഞ്ജനത്തിന്റേയും പാതയിലൂടെ മുന്നേറാം എന്നായിരിന്നു'' കാനഡയിലെ തന്റെ അവസാന പരിപാടിക്കിടെ പാപ്പ പറഞ്ഞത്.

കാലിന്റെ മുട്ടിലെ വിവിധ പ്രശ്നങ്ങളെ പോലും വകവെക്കാതേയാണ് പാപ്പ കാനഡയില്‍ സന്ദര്‍ശനം നടത്തിയതെന്നതും ഏറെ ശ്രദ്ധേയമാണ്. സന്ദര്‍ശനാനന്തരം റോമില്‍ തിരിച്ചെത്തിയ പാപ്പ പതിവ് തെറ്റിക്കാതെ മരിയ മജിയോരെ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിച്ചു. ‘റോമൻ ജനതയുടെ സംരക്ഷക’ ( 'സാലുസ് പോപുലി റൊമാനി') എന്ന വിശേഷണത്തോടെ വണങ്ങുന്ന മരിയൻ തിരുരൂപം ഉള്‍പ്പെടുന്ന അൾത്താരയ്ക്ക് മുന്നില്‍ ഏതാനും സമയം മൗനമായി പ്രാർത്ഥിച്ചശേഷമാണ് പാപ്പ വാസസ്ഥലത്തേക്ക് മടങ്ങിയത്. തന്റെ അന്താരാഷ്ട്ര അപ്പസ്തോലിക സന്ദര്‍ശനത്തിന് മുന്‍പും ശേഷവും പാപ്പ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിക്കാറുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »