News
കാനഡയില്‍ വിശുദ്ധ കുർബാന അര്‍പ്പണത്തിനിടെ വൈദികനെ ആക്രമിക്കാന്‍ ശ്രമം
പ്രവാചകശബ്ദം 14-02-2025 - Friday
മാനിറ്റോബ: കാനഡയിലെ മാനിറ്റോബയിലെ വിന്നിപെഗില്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ വൈദികനെ ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമം. ഫെബ്രുവരി 9-ന് ഹോളി ഗോസ്റ്റ് ഇടവകയിൽ വൈകുന്നേരം നടന്ന വിശുദ്ധ കുർബാന അര്‍പ്പണത്തിനിടെയാണ് അന്‍പതുകാരനായ അക്രമി ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആയുധം കൈവശംവെച്ചതിനും, ആക്രമണ ലക്ഷ്യം എന്നീ കുറ്റങ്ങൾ ചുമത്തി വിന്നിപെഗ് പോലീസ് സർവീസ് (ഡബ്ല്യുപിഎസ്) കേസ് എടുത്തു.
മുപ്പത്തിയെട്ട് വയസ്സുള്ള വൈദികനെ സമീപിച്ച് അൾത്താരയ്ക്ക് സമീപം കത്തികൊണ്ട് കുത്താനായിരിന്നു ആക്രമിയുടെ ശ്രമം. ആക്രമണത്തിൽ നിന്ന് വൈദികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രതി വൈദികനെ സമീപിച്ചപ്പോൾ, ഭാഗ്യവശാൽ, അദ്ദേഹത്തിന് ഇത് കാണാൻ കഴിഞ്ഞുവെന്നും അതിനാലാണ് രക്ഷപ്പെടുവാന്‍ കഴിഞ്ഞതെന്നും പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കോൺസ്റ്റബിൾ സ്റ്റീഫൻ സ്പെൻസർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
വൈദികന്‍ രക്ഷപ്പെട്ടതിന് പിന്നാലെ അക്രമി കത്തി ബലിവേദിയില്‍ കുത്തി നിര്‍ത്തി അൾത്താരയുടെ പിൻഭാഗത്തുള്ള കസേരയിൽ ഇരിക്കുന്നതും രണ്ടുപേര്‍ പ്രതിയെ സമീപിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിനു പിന്നിലുള്ള കാരണം കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. അതേസമയം താൻ പ്രതിയെ മുന്‍പ് കണ്ടിട്ടില്ലെന്ന് വൈദികന്‍ പറഞ്ഞു. പോലീസ് അന്വേഷണം തുടരുകയാണ്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
![](/images/close.png)