Youth Zone - 2024

തദ്ദേശീയരായ നാലായിരത്തിൽപരം വിദ്യാർത്ഥികളുടെ പേര് എഴുതിയ ബാനര്‍ ചുംബിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 26-07-2022 - Tuesday

എഡ്മണ്ടന്‍: കാനഡ സന്ദർശനത്തിന്റെ രണ്ടാം ദിവസം തദ്ദേശീയരായ നാലായിരത്തിൽപരം വിദ്യാർത്ഥികളുടെ പേരുകൾ എഴുതിയ ബാനര്‍ ചുംബിച്ച് ഫ്രാൻസിസ് മാർപാപ്പ തന്റെ ബഹുമാനം പ്രകടമാക്കി. സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തിയ റസിഡൻഷ്യൽ സ്കൂളുകളിൽ വിവേചനവും, മറ്റു പീഡനങ്ങളും നേരിട്ട വിദ്യാർത്ഥികളുടെ പേരുകളാണ് പതാകയിൽ എഴുതിവെച്ചിരുന്നത്. 1895നും, 1975നും ഇടയിൽ പ്രവർത്തിച്ച റസിഡൻഷ്യൽ വിദ്യാലയം നിലനിന്ന സ്ഥലത്താണ് തദ്ദേശീയ സമൂഹവുമായുള്ള പാപ്പയുടെ കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയുടെ സമയത്ത് തദ്ദേശീയർ തങ്ങളുടെ പരമ്പരാഗത ഗാനങ്ങൾ ആലപിക്കുകയും, നൃത്തം ചെയ്യുകയും ചെയ്തു.

ഫ്രാൻസിസ് മാർപാപ്പയ്ക്ക് നൽകിയ ബാനറില്‍ 4120 ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും പേരുകളും, അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളുമാണ് ഉണ്ടായിരുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. ഔവർ ലേഡി ഓഫ് സെവൻ സോറോസ് ചാപ്പലിൽ ബഹുമാനത്തിന്റെയും മാപ്പ് പറച്ചിലിന്റെയും പ്രതീകമായി, തല കുമ്പിട്ട്, കണ്ണുകൾ അടച്ച് ചുവന്ന നിറത്തിലുള്ള ബാനര്‍ പാപ്പ ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. പ്രസിഡൻഷ്യൽ വിദ്യാലയങ്ങളിൽ പഠിച്ചവരെ പ്രതിനിധീകരിക്കുന്ന ഓറഞ്ച് നിറത്തിലുള്ള ടീഷർട്ട് ധരിച്ച ഒരു വ്യക്തിയാണ് ബാനര്‍ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൈമാറിയത്.

ആൽബർട്ട സംസ്ഥാനത്തിന്റെ തലസ്ഥാനമായ എഡ്മണ്ടന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന തദ്ദേശീയർ തിങ്ങി പാർക്കുന്ന എർമിനിസ്കിൻ എന്ന സ്ഥലത്തെ സെമിത്തേരിയില്‍ പാപ്പ സന്ദർശനം നടത്തി നിശബ്ദമായി പ്രാർത്ഥിക്കുകയും, ഫസ്റ്റ് നേഷൻസ്, മെറ്റിസ് തുടങ്ങിയ തദ്ദേശീയ വിഭാഗങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മനുഷ്യപ്രയത്നം കൊണ്ട് ഈ മുറിവ് ഉണക്കാൻ സാധിക്കില്ലെന്നും, അതിന് ദൈവത്തിന്റെ കൃപയും, ആത്മാവിന്റെ ജ്ഞാനവും, സഹായകന്റെ ആർദ്രതയും ആവശ്യമാണെന്ന് പാപ്പ തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു. അടക്കം ചെയ്ത സ്ഥലത്തെ പുനർജനനത്തിന്റെയും, ഉയർത്തെഴുന്നേൽപ്പിന്റെയും ഇടമാക്കി മാറ്റിയ ജീവന്റെ ദൈവത്തോട് പ്രാർത്ഥിക്കാൻ പരിശുദ്ധ പിതാവ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.


Related Articles »