Faith And Reason

'ഒഴുകുന്ന മരിയന്‍ പ്രദിക്ഷണത്തോടെ' റോമിലെ പ്രസിദ്ധമായ കര്‍മ്മല മാതാവിന്റെ തിരുനാളിന് പരിസമാപ്തി

പ്രവാചകശബ്ദം 27-07-2022 - Wednesday

റോമിലെ പ്രസിദ്ധമായ കര്‍മ്മല മാതാവിന്റെ ഒന്‍പത് ദിവസത്തെ തിരുനാളിന് ഞായറാഴ്ചത്തെ 'ഒഴുകുന്ന മരിയന്‍ പ്രദിക്ഷണ'ത്തോടെ വര്‍ണ്ണശബളമായ പരിസമാപ്തി. നിത്യതയുടെ നഗരമെന്നറിയപ്പെടുന്ന റോമില്‍ സൂര്യന്‍ അസ്തമിച്ചതോടെയാണ് ട്രാസ്റ്റെവേരെയിലേക്കുള്ള പുരാതന ജലമാര്‍ഗ്ഗമായ ടൈബര്‍ നദിയിലൂടെ ബോട്ടില്‍ പ്രതിഷ്ടിച്ച മൗണ്ട് കാര്‍മ്മല്‍ മാതാവിന്റെ പൂര്‍ണ്ണരൂപവുമായി പ്രദിക്ഷണത്തിന് ആരംഭമായത്. അയല്‍പക്കത്തിന്റെ മധ്യസ്ഥ എന്നാണ് മൗണ്ട് കാര്‍മ്മല്‍ മാതാവ് ട്രാസ്റ്റെവേരെയില്‍ അറിയപ്പെടുന്നത്. ‘ഫെസ്റ്റാ ഡെ’ നൊവാന്റ്രി’ എന്ന് പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഈ പ്രദിക്ഷണത്തിന് ഏതാണ്ട് 500 വര്‍ഷങ്ങളുടെ ചരിത്രമാണുള്ളത്.

1535-ലെ ഒരു കൊടുങ്കാറ്റിന് ശേഷം ടൈബര്‍ നദീമുഖത്തു നിന്നും മീന്‍പിടുത്തക്കാര്‍ പരിശുദ്ധ കന്യകാമാതാവിന്റെ ഒരു രൂപം കണ്ടെത്തിയെന്നും, ഈ രൂപം ട്രാസ്റ്റെവേരെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍മ്മലൈറ്റ്‌ സമൂഹത്തിന് നല്‍കിയെന്നുമാണ് പാരമ്പര്യം. കാര്‍മ്മലൈറ്റ് സമൂഹം ഈ രൂപം പിന്നീട് കര്‍മ്മല മാതാവിനായി സമര്‍പ്പിക്കുകയായിരുന്നു. ജൂലൈ 16 മുതല്‍ 24 വരെ ആയിരുന്നു തിരുനാളോഘോഷം. ജൂലൈ 16-ന് ദൈവമാതാവിന്റെ രൂപം ട്രാസ്റ്റെവേരെയിലെ വിശുദ്ധ അഗതായുടെ നാമധേയത്തിലുള്ള ദേവാലയത്തില്‍ നിന്നും വിശുദ്ധ ക്രിസോഗോണസിന്റെ ബസിലിക്കയിലേക്ക് എത്തിച്ചതോടെയാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. പ്രദിക്ഷണം വരെ വിശുദ്ധ ക്രിസോഗോണസിന്റെ ബസിലിക്കയിലായിരിന്നു രൂപം സൂക്ഷിക്കുന്നത്.

തിരുനാളാഘോഷത്തിന്റെ അവസാന ദിവസത്തെ നദിയിലൂടെയുള്ള പ്രദിക്ഷണം വഴി രൂപം വിശുദ്ധ അഗതായുടെ ദേവാലയത്തിലേക്ക് തിരികെ എത്തിച്ചു. ചിന്തകളും യാചനകളും വിശ്വസിച്ചേല്‍പ്പിക്കുവാന്‍ കഴിയുന്ന ഒരു അഭയാര്‍ത്ഥിയായിട്ടാണ് മൗണ്ട് കാര്‍മ്മല്‍ മാതാവിനെ ആദരിച്ചു വരുന്നതെന്നും, തങ്ങളെ സംബന്ധിച്ചിടത്തോളം ചെറുപ്പകാലം മുതല്‍ പിന്തുടരുന്ന ഭക്തിയെ പ്രതിനിധീകരിക്കുന്നതാണ് മൗണ്ട് കാര്‍മ്മല്‍ മാതാവെന്നും ട്രാസ്റ്റെവേരെയിലെ കാര്‍മ്മലൈറ്റ് സഭയുടെ ആര്‍ച്ച്‌കണ്‍ഫ്രറ്റേണിറ്റിയുടെ മേധാവിയായ പിയട്രോ സോള്‍ഫിസി - എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കൊറോണ പകര്‍ച്ചവ്യാധി തുടങ്ങിയ ശേഷം ഇതാദ്യമായാണ് തിരുനാള്‍ അതിന്റെ പൂര്‍ണ്ണതയില്‍ ആഘോഷിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »