News - 2025

“പേടികാരണം ഒരു കണ്ണ് തുറന്നുപിടിച്ചാണ് ഉറങ്ങുന്നത്”; ദേവാലയത്തിലെ തീവ്രവാദി ആക്രമണത്തില്‍ നടുക്കുന്ന ഓര്‍മ്മകളുമായി നൈജീരിയന്‍ സ്വദേശി

പ്രവാചകശബ്ദം 07-08-2022 - Sunday

കടുണ: നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ കത്തോലിക്കാ ദേവാലയമുള്‍പ്പെടെ രണ്ടു ദേവാലയങ്ങളിലുണ്ടായ തീവ്രവാദി ആക്രമണത്തിന് ശേഷം തങ്ങള്‍ ഒരു കണ്ണ് തുറന്നുപിടിച്ചുകൊണ്ടാണ് ഉറങ്ങുന്നതെന്ന് ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കത്തോലിക്ക മതബോധകനായ ഫാ. ഇമ്മാനുവല്‍ ജോസഫ്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) നു നല്‍കിയ അഭിമുഖത്തിലാണ് സെന്റ്‌ മോസസ് കത്തോലിക്ക ദേവാലയത്തിലെ മതബോധകന്‍ കൂടിയായ ഇമ്മാനുവല്‍ ജൂണ്‍ 19-ലെ ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചത്. തെക്കന്‍ കടുണയിലെ കാജുരു പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലുള്ള റോബോ ഗ്രാമത്തിലെ സെന്റ്‌ മോസസ് കത്തോലിക്ക ദേവാലയത്തിലും, കടുണയിലെ മാറാനാത്ത ബാപ്റ്റിസ്റ്റ് ദേവാലയത്തിലും തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തു.

കൊല്ലപ്പെട്ടവരില്‍ 3 പേര്‍ കത്തോലിക്കരും, തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ 5 പുരുഷന്മാരും ബാക്കിയുള്ളവര്‍ സ്ത്രീകളും കുട്ടികളുമാണ്. റോബോ ഗ്രാമത്തിലെ ക്രൈസ്തവര്‍ക്ക് നേര്‍ക്കുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ തങ്ങളെ ദുര്‍ബ്ബലരും ക്ഷീണിതരുമാക്കിയിരിക്കുകയാണ്. തങ്ങള്‍ ഭയത്തിലാണ് കഴിയുന്നത്. ജീവനോടെ ഇരിക്കുന്നതില്‍ മാത്രമാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധ. ദൈവം തങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പോള്‍ തങ്ങള്‍ക്കുള്ളതെന്നും ഇമ്മാനുവല്‍ പറഞ്ഞതായി ഇക്കഴിഞ്ഞ ഓഗസ്റ്റ് 4-ലെ എ.സി.എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2000-ത്തില്‍ ശരിയത്ത് നിയമം പ്രാബല്യത്തില്‍ വരുത്തിയത് മുതല്‍ കടുണയില്‍ സമാധാനമില്ല. വൈദികരും, വിശ്വാസികളും ഉള്‍പ്പെടെ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ പരമ്പരയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ തങ്ങളുടെ സഹായത്തിനായി ഒന്നും തന്നെ ചെയ്യുന്നില്ല. ഫുലാനി ഗോത്രവര്‍ഗ്ഗക്കാരുടെ ആക്രമണങ്ങള്‍ ഭയന്ന്‍ ഒരു കണ്ണ് തുറന്നുപിടിച്ചാണ് ഞങ്ങള്‍ ഉറങ്ങുന്നതെന്നും ഇമ്മാനുവല്‍ പറയുന്നു. സെന്റ്‌ മോസസ് ദേവാലയ മുറ്റത്ത് പ്രവേശിച്ച 40 പേരടങ്ങുന്ന ആയുധധാരികളായ അക്രമിസംഘം 7 മക്കളുള്ള ദമ്പതികള്‍ ഉള്‍പ്പെടെ 3 പേരെ കൊലപ്പെടുത്തിയെന്നും ആക്രമണം നടന്ന ദിവസം ദേവാലയത്തില്‍ ഉണ്ടായിരുന്ന ഇമ്മാനുവല്‍ പറഞ്ഞു. ഏതാണ്ട് 90 മിനിറ്റോളം ആക്രമണം നീണ്ടു.

ആക്രമണം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ എത്തിയെങ്കിലും സംഭവം കഴിഞ്ഞ ശേഷം അവിടെ യാതൊരു സുരക്ഷയും ഏര്‍പ്പെടുത്താത്തതാണ് ഞെട്ടിക്കുന്നതെന്നും, തങ്ങള്‍ക്ക് പുറത്തുനിന്നും യാതൊരു സഹായവും ലഭിച്ചില്ലെന്നും അദ്ദേഹം വിവരിച്ചു. ഇസ്ലാമിസ്റ്റ് ആക്രമണങ്ങള്‍ക്കിടയിലും യേശുവിന്റെ സുവിശേഷം പഠിപ്പിക്കുന്നത് താന്‍ തുടരുമെന്ന്‍ പറഞ്ഞുകൊണ്ടാണ് ഇമ്മാനുവലിന്റെ അഭിമുഖം അവസാനിക്കുന്നത്. ഇതിനിടെ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട 36 പേരുടെ മോചനത്തിനായി ഒരു കോടി നൈറ ($ 2,40,000.00) ആണ് തീവ്രവാദികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


Related Articles »