News - 2025

സഭയുടെ മൊത്തം കെട്ടുറപ്പിനെ ബാധിക്കുന്നതിനാല്‍ അവിടെയൊന്നും ജനത്തെ ആരും തെരുവിലിറക്കിയില്ല; കുറിപ്പുമായി മാര്‍ തോമസ് തറയില്‍

പ്രവാചകശബ്ദം 09-08-2022 - Tuesday

ചങ്ങനാശ്ശേരി: സീറോ മലബാര്‍ സഭയുടെ ഏകീകൃത കുർബാന വിഷയത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സിനഡ് നിർദേശിച്ച ഏകീകൃത കുർബാന രീതി നടപ്പാക്കുന്നത് എല്ലാ രൂപതകൾക്കും വേദനാജനകമായിരുന്നു. എന്നിട്ടും അവരെല്ലാം അത് നടപ്പാക്കിയത് ജനസമൂഹത്തിന്റെ മുമ്പിൽ നടത്തിയ അനുസരണ വ്രത പ്രഖ്യാപനത്തിന്റെ ശ്രേഷ്ഠത മനസ്സിൽ ഉണ്ടായിരുന്നതുകൊണ്ടാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജപമാലയും കുരിശിന്റെ വഴിയും നിരോധിക്കുമെന്നും പള്ളിയിൽ നിന്നും രൂപങ്ങൾ എടുത്തു മാറ്റുമെന്നും ഒക്കെ നിരന്തരം കള്ളം പറഞ്ഞു വൈകാരികമായി ജനത്തെ പ്രകോപിപ്പിക്കാതെ അവരൊരിക്കലും മാർപാപ്പാക്കെതിരെ നിരത്തിലിറങ്ങില്ലായെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

വിശുദ്ധ കുര്‍ബാന ഏകീകൃത ക്രമം എതിർ സ്വരവുമില്ലാതെ നടപ്പാക്കിയ ഒത്തിരി രൂപതകൾ കേരളത്തിൽ തന്നെ ഉണ്ട്. അവിടെയൊന്നും ജനത്തെ ആരും തെരുവിലിറക്കിയില്ല. എന്തുകൊണ്ടായിരിക്കും? പതിനായിരം പേരെ സംഘടിപ്പിച്ചു റാലി നടത്താൻ കഴിവില്ലാത്ത ഒരൊറ്റ രൂപതയെങ്കിലുമുണ്ടോ നമ്മുടെ സഭയിൽ? അവരൊക്കെ വിചാരിച്ചാൽ പതിനായിരമോ ഇരുപതിനായിരമോ അമ്പതിനായിരമോ ആൾക്കാരെ ഇറക്കാം. എന്നിട്ടും അവരാരും അത് ചെയ്തില്ല. കാരണം മാർപാപ്പയുടെയും സിനഡിൻറെയും തീരുമാനത്തിനെതിരെ ജനത്തെ ഇറക്കിയാൽ അത് ഭാവിയിൽ സഭയുടെ മൊത്തം കെട്ടുറപ്പിനെ ബാധിക്കും എന്നബോധ്യം നിലനില്‍ക്കുന്നതിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏകീകൃത ബലിയര്‍പ്പണത്തിനെതിരായി കന്യാസ്തീകളെ പോലും തെരുവില്‍ ഇറക്കിയത് ഒത്തിരി തെറ്റുധാരണകൾ പരത്തതാതെ സാധിക്കില്ലെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ഏകീകൃത കുർബാന നടപ്പാക്കിയാൽ മാതാവിനോടുള്ള ജപമാലയും കുരിശിന്റെ വഴിയും നിരോധിക്കുമെന്നും പള്ളിയിൽ നിന്നും രൂപങ്ങൾ എടുത്തു മാറ്റുമെന്നും ഒക്കെ നിരന്തരം കള്ളം പറഞ്ഞു വൈകാരികമായി ജനത്തെ പ്രകോപിപ്പിക്കാതെ അവരൊരിക്കലും മാർപാപ്പാക്കെതിരെ നിരത്തിലിറങ്ങില്ലായെന്നും ബിഷപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഏകീകൃത കുർബാന രീതി ഫ്രാൻസിസ് പാപ്പ കയ്യൊപ്പു ചാർത്തിയ കത്തിലൂടെയാണെന്നുപോലും അറിയിക്കാതെ എല്ലാം സിനഡിന്റെമേൽ കെട്ടിവച്ചു ജനത്തെ തെരുവിലിറക്കുമ്പോൾ താൽക്കാലിക വിജയം കിട്ടുമെങ്കിലും ഈ സഭയുടെ ഭാവിയെ അതെപ്രകാരം ബാധിക്കുമെന്ന വിവേകം ഇനിയെങ്കിലും നമുക്കുണ്ടാവട്ടെയെന്ന വാക്കുകളോടെയാണ് മാര്‍ തോമസ് തറയിലിന്റെ കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍

സിനഡ് നിർദേശിച്ച ഏകീകൃത കുർബാന രീതി നടപ്പാക്കുന്നത് എല്ലാ രൂപതകൾക്കും വേദനാജനകമായിരുന്നു. എന്നിട്ടും അവരെല്ലാം അത് നടപ്പാക്കി. ഒരു എതിർ സ്വരവുമില്ലാതെ നടപ്പാക്കിയ ഒത്തിരി രൂപതകൾ കേരളത്തിൽ തന്നെ ഉണ്ട്. അവിടെയൊന്നും ജനത്തെ ആരും തെരുവിലിറക്കിയില്ല. എന്തുകൊണ്ടായിരിക്കും? പതിനായിരം പേരെ സംഘടിപ്പിച്ചു റാലി നടത്താൻ കഴിവില്ലാത്ത ഒരൊറ്റ രൂപതയെങ്കിലുമുണ്ടോ നമ്മുടെ സഭയിൽ? അവരൊക്കെ വിചാരിച്ചാൽ പതിനായിരമോ ഇരുപത്തിനായിരമോ അമ്പതിനായിരമോ ആൾക്കാരെ ഇറക്കാം. എന്നിട്ടും അവരാരും അത് ചെയ്തില്ല.

കാരണം മാർപ്പാപ്പയുടെയും സിനഡിൻറെയും തീരുമാനത്തിനെതിരെ ജനത്തെ ഇറക്കിയാൽ അത് ഭാവിയിൽ സഭയുടെ മൊത്തം കെട്ടുറപ്പിനെ ബാധിക്കും എന്നൊരു ബോധ്യവും തങ്ങൾ ജനസമൂഹത്തിന്റെ മുമ്പിൽ നടത്തിയ അനുസരണ വ്രത പ്രഖ്യാപനത്തിന്റെ ശ്രേഷ്ഠതയും അവരുടെ മനസ്സിൽ ഉണ്ടായിരുന്നതുകൊണ്ടായിരിക്കാം...മാത്രമല്ല, കന്യാസ്ത്രീകളെ പോലും മാർപാപ്പയോടുള്ള വിധേയത്വത്തിനെതിരായി നിരത്തിലിറക്കണമെങ്കിൽ ഒത്തിരി തെറ്റുധാരണകൾ പരത്താതെ സാധിക്കില്ല താനും.

ഏകീകൃത കുർബാന നടപ്പാക്കിയാൽ മാതാവിനോടുള്ള ജപമാലയും കുരിശിന്റെ വഴിയും നിരോധിക്കുമെന്നും പള്ളിയിൽ നിന്നും രൂപങ്ങൾ എടുത്തു മാറ്റുമെന്നും ഒക്കെ നിരന്തരം കള്ളം പറഞ്ഞു വൈകാരികമായി ജനത്തെ പ്രകോപിപ്പിക്കാതെ അവരൊരിക്കലും മാർപ്പാപ്പാക്കെതിരെ നിരത്തിലിറങ്ങില്ല. ഏകീകൃത കുർബാന നടപ്പാക്കണമെന്ന് സ്നേഹപൂർവ്വം നമ്മോടു ആവശ്യപ്പെട്ടത് പരിശുദ്ധ ഫ്രാൻസിസ് പാപ്പ കയ്യൊപ്പു ചാർത്തിയ കത്തിലൂടെയാണെന്നുപോലും അറിയിക്കാതെ എല്ലാം സിനഡിന്റെമേൽ കെട്ടിവച്ചു ജനത്തെ തെരുവിലിറക്കുമ്പോൾ താൽക്കാലിക വിജയം കിട്ടുമെങ്കിലും ഈ സഭയുടെ ഭാവിയെ അതെപ്രകാരം ബാധിക്കുമെന്ന വിവേകം ഇനിയെങ്കിലും നമുക്കുണ്ടാവട്ടെ!

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »