News
നിക്കരാഗ്വേയില്‍ വേട്ടയാടല്‍ തുടര്‍ന്ന് ഒര്‍ട്ടേഗ ഭരണകൂടം; മെത്രാനും വൈദികരും വീട്ടു തടങ്കലില്‍
പ്രവാചകശബ്ദം 09-08-2022 - Tuesday
മനാഗ്വേ: നിക്കരാഗ്വേയില്‍ ഏകാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ കത്തോലിക്ക സഭക്കെതിരെയുള്ള കിരാത നടപടികള്‍ തുടരുന്നു. ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്തുവാന്‍ അക്രമി സംഘങ്ങളെ സംഘടിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് മതഗല്‍പ്പ മെത്രാന്‍ റൊണാള്‍ഡോ ജോസ് അല്‍വാരസ് ഉള്‍പ്പെടെയുള്ള കത്തോലിക്ക നേതാക്കള്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം ഓഗസ്റ്റ് 3 മുതല്‍ ബിഷപ്പ് അല്‍വാരെസും, ആറു വൈദികരും, ഏതാനും വിശ്വാസികളും മതഗല്‍പ്പയിലെ ചാന്‍സെറിയില്‍ വീട്ടുതടങ്കലിലാണ്.
പോലീസിന്റെ കടുത്ത നിരീക്ഷണത്തില്‍ കഴിയുന്ന അവരെ ഓഗസ്റ്റ് 5-ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്നു പോലീസ് തടഞ്ഞത് ചര്‍ച്ചയായിരിന്നു. ഇതിന് പിന്നാലേ അദ്ദേഹം തെരുവിറങ്ങി ദിവ്യകാരുണ്യ ആശീര്‍വാദം നല്‍കിയിരിന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പിന്നീട് വൈറലായി. ഓഗസ്റ്റ് 5-പുറത്തുവിട്ട പ്രസ്താവനയിലൂടെ നിക്കാരാഗ്വേയുടെ പോലീസ് നേതൃത്വം ബിഷപ്പ് അല്‍വാരസ് ഉള്‍പ്പെടെയുള്ള കത്തോലിക്ക നേതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
ആശയവിനിമയ മാധ്യമങ്ങളും, സമൂഹ മാധ്യമങ്ങളും വഴി അക്രമ സംഘങ്ങളെ സംഘടിപ്പിക്കുവാനും, ജനങ്ങള്‍ക്കിടയില്‍ വിദ്വോഷം പരത്തുവാന്‍ അവരെ പ്രോത്സാഹിപ്പിച്ചുവെന്നും, സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും ഭംഗം വരുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ചുവെന്നുമാണ് ആരോപണം. ഇതിനെ കുറിച്ചുള്ള അന്വേഷണം തങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞതായും, അന്വേഷണം നേരിടുന്ന വ്യക്തികള്‍ വീട്ടുതടങ്കലില്‍ ആയിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. 2003 മുതല്‍ സാധുതയില്ലാത്ത ലൈസന്‍സ് വെച്ചുകൊണ്ട് പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് രൂപതയിലെ അടക്കം എട്ട് കത്തോലിക്കാ റേഡിയോ സ്റ്റേഷനുകള്‍ ഒര്‍ട്ടേഗ ഭരണകൂടം അടച്ചുപൂട്ടിയിരിന്നു.
എന്നാല്‍ വേണ്ട രേഖകള്‍ സര്‍ക്കാരിന്റെ റെഗുലേറ്ററി ഏജന്‍സിക്ക് സമര്‍പ്പിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് രൂപത പറയുന്നത്. എന്തുകാര്യത്തിനാണ് താന്‍ അന്വേഷണം നേരിടുന്നതെന്ന് തനിക്കറിയില്ലെന്നും, പോലീസ് സ്വന്തം അനുമാനങ്ങള്‍ ഉണ്ടാക്കുകയാണെന്നും സമീപകാലത്ത് പുറത്തുവന്ന ഒരു വീഡിയോ പ്രസംഗത്തിലൂടെ ബിഷപ്പ് പറഞ്ഞിരിന്നു. ഇവിടെ തങ്ങള്‍ ഒരുമിച്ചാണെന്നും, തങ്ങളുടെ ആന്തരിക ശക്തി ചോര്‍ന്നിട്ടില്ലെന്നും, ഉത്ഥിതനായ ക്രിസ്തുവില്‍ പ്രതീക്ഷ ഉള്ളതിനാല്‍ തങ്ങള്‍ ഭയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 15 വര്‍ഷങ്ങളായി ഡാനിയല്‍ ഒര്‍ട്ടേഗയാണ് നിക്കാരാഗ്വേ ഭരിക്കുന്നത്. 2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ചപ്പോൾ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന്‍ 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. കള്ളത്തരത്തിലൂടെയും, എതിരാളികളെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ട് 2021-ല്‍ ഒര്‍ട്ടേഗ വീണ്ടും അധികാരത്തിലേറുകയായിരിന്നു. അദ്ദേഹത്തിന്റെ സ്വേച്ഛാതിപത്യ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്ക സഭ നേരത്തെ മുതല്‍ രംഗത്തുണ്ട്.
തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കുവാനുള്ള ശ്രമങ്ങളെ കത്തോലിക്ക സഭ പിന്തുണക്കുന്നു എന്നാരോപിച്ചുകൊണ്ട് സഭക്കെതിരെ പരസ്യമായി ശത്രുത്ര പ്രഖ്യാപിച്ചിരിക്കുന്ന ഒര്‍ട്ടേഗ വളരെ മോശം വിശേഷണങ്ങളാണ് മെത്രാന്മാര്‍ക്ക് നല്‍കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ എപ്പിസ്കോപ്പല്‍ സമിതിയിലെ മെത്രാന്മാര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മെത്രാന്‍ സമിതികള്‍, അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി നിരവധി സംഘടനകള്‍ നിക്കാരാഗ്വേ ഭരണകൂടത്തിന്റെ കിരാത നടപടികളെ ശക്തമായി അപലപിച്ചിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക