News - 2025

മെക്സിക്കോയിൽ സാത്താനിക് ടെമ്പിൾ തുറക്കാൻ ശ്രമം; അപലപിച്ച് കത്തോലിക്ക സഭ

പ്രവാചകശബ്ദം 16-08-2022 - Tuesday

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ സാത്താനിക് ടെമ്പിൾ ആരംഭിക്കാനുള്ള തീരുമാനം എൻറിക് മാർതൻ ബെർഡൻ എന്ന കുപ്രസിദ്ധ മന്ത്രവാദി പ്രഖ്യാപിച്ചതിന് പിന്നാലെ നീക്കത്തെ അപലപിച്ച് കത്തോലിക്ക സഭ രംഗത്ത്. 2023ൽ മാർച്ച് മാസം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് എൻറിക് മാർതന്റെ പ്രഖ്യാപനം. വെരാക്രൂസ് രൂപതയുടെ അധ്യക്ഷന്‍ കാർലോസ് ബ്രിസെനോയും, സ്പാനിഷ് ഭൂതോച്ചാടകൻ ഫാ. ഫ്രാൻസിസ്കോ ടോറസും മന്ത്രവാദിയുടെ പ്രഖ്യാപനത്തെ അപലപിച്ചു. നാം നാശത്തിന് എതിരാണെന്നും, സാത്താൻ നാശത്തിന്റെ രാജകുമാരനാണെന്നും ബിഷപ്പ് കാർലോസ് ബ്രിസെനോ പറഞ്ഞു.

ഭൂമിയിൽ ഒരു സന്തോഷകരമായ ജീവിതം നയിക്കുന്നതിൽ നിന്ന് സാത്താൻ നമ്മെ തടയുന്നു. മരണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്ക് പകരം, ജീവന്റെ സംസ്കാരം വളർത്തേണ്ടതുണ്ടെന്നും ബിഷപ്പ് പറഞ്ഞു. സാത്താനു വേണ്ടി ഏതെങ്കിലും ഒരു ആരാധനാലയം പണിയുന്നത് വലിയ തെറ്റാണെന്ന് എസിഐ പ്രൻസാ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫ്രാൻസിസ്കോ ടോറസ് പറഞ്ഞു. സാത്താൻ എന്നത് സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട മാലാഖയാണ്, അതിനാൽ അത് ഒരു സൃഷ്ടിയാണ്, സാത്താന് അധികാരം ഒന്നുമില്ലായെന്നും പ്ലാസൻസിയ രൂപതയിൽ ഭൂതോച്ചാടനത്തിന്റെ ചുമതലയുള്ള ഫാ. ഫ്രാൻസിസ്കോ ടോറസ് വിശദീകരിച്ചു.

സാത്താന് വിശ്വാസികളെയോ, ശിഷ്യന്മാരെയോ അല്ല; മറിച്ച് അടിമകളെയാണ് ആവശ്യം. സാത്താനിക് ടെമ്പിളുമായി ബന്ധപ്പെടുന്നവർ സാത്താന്റെ അധീനതയിൽ ആകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ദൈവത്തിന്റെ ഏതൊരു മകനും കൃപയിൽ സാത്താനേക്കാൾ ശക്തിയുള്ള വ്യക്തിയാണെന്നും ടോറസ് കൂട്ടിച്ചേർത്തു. മാസ്റ്റർ ഷെഫ് എന്ന പരിപാടിയിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന ആളാണ് സാത്താനിക് ടെംപിളിന് ആരംഭം കുറിച്ചിരിക്കുന്ന മാർതൻ ബെർഡൻ. ടുക്സ്റ്റ്ലാസ് പ്രദേശത്തെ 400 സ്ക്വയർ മീറ്റർ സ്ഥലമാണ് സാത്താനിക് ടെമ്പിൾ പണിയാൻ വേണ്ടി ഇയാള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

More Archives >>

Page 1 of 782