News - 2025

നിക്കരാഗ്വേയിലെ കത്തോലിക്ക സഭയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ രാജ്യങ്ങളും രൂപതകളും

പ്രവാചകശബ്ദം 21-08-2022 - Sunday

മാഡ്രിഡ്: സ്വേച്ഛാധിപതിയായ ഡാനിയല്‍ ഒര്‍ട്ടേഗയുടെ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന നിക്കരാഗ്വേയിലെ കത്തോലിക്ക സഭക്ക് പിന്തുണയേറുന്നു. നിക്കരാഗ്വേ സഭക്ക് പ്രത്യേകിച്ച് മതഗല്‍പ രൂപതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ മെത്രാന്‍മാരും രൂപതകളും രംഗത്തെത്തിയിട്ടുണ്ട്. ക്യൂബയിലെയും സ്പെയിനിലെയും അമേരിക്കയിലെയും വിവിധ കത്തോലിക്ക മെത്രാന്‍മാര്‍ വിഷയത്തില്‍ നിക്കരാഗ്വേയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നിക്കരാഗ്വേയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റ് കാർലോസ് എൻറിക് ഹെരേര ഗുട്ടിറസിന് അയച്ച സന്ദേശത്തില്‍, ദൈവജനത്തിന് കഷ്ടപ്പാടുകളും വേദനയും ഉണ്ടാക്കുന്ന സംഭവങ്ങളില്‍ ദുഃഖമുണ്ടെന്നും രാജ്യത്തെ കത്തോലിക്ക സഭയോടു പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും ക്യൂബന്‍ മെത്രാന്‍ സമിതി കുറിച്ചു.

ക്യൂബയിലെ കത്തോലിക്ക ബിഷപ്പുമാർ, വൈദികർ, ഡീക്കൻമാർ, സന്യാസ ജീവിതം നയിക്കുന്നവര്‍ എന്നിവരോടൊപ്പം നിക്കരാഗ്വേയിലെ ദൈവജനത്തിന് വേണ്ടി പ്രാർത്ഥിക്കുകയും അനുഗമിക്കുകയും ചെയ്യുന്നുവെന്നും ക്യൂബന്‍ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ എമിലിയോ അരങ്കുരെൻ എചെവേരിയ പ്രസ്താവിച്ചു. സ്പെയിനിലെ വിവിധ അതിരൂപതകളും നിക്കരാഗ്വേ സഭയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിര്‍ണ്ണായക നിമിഷത്തില്‍ മതഗല്‍പ രൂപതയെ ദൈവത്തിനായി സമര്‍പ്പിക്കുകയും അജപാലകര്‍ക്കും, വിശ്വാസികള്‍ക്കും സഹനശക്തി നല്‍കുവാന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നുവെന്ന്‍ സ്പെയിനിലെ ടോള്‍ഡോ അതിരൂപത ട്വിറ്ററില്‍ കുറിച്ചു.

"ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍" എന്ന കര്‍ത്താവിന്റെ വചനം ഉള്‍പ്പെടുന്ന മതഗല്‍പ മെത്രാന്‍ റൊണാള്‍ഡോ അല്‍വാരസിന്റെ ട്വീറ്റിനുള്ള കമന്റ് ആയിട്ടായിരുന്നു ടോള്‍ഡോ അതിരൂപതയുടെ പരാമര്‍ശം. ആവിലായിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ ആര്‍ച്ച് ബിഷപ്പ് ജോസ് മരിയ ഗില്‍ ടമായോവും നിക്കരാഗ്വേ സഭക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഭരിക്കുന്ന സ്വേച്ഛാധിപത്യ ഭരണകൂടം നിക്കരാഗ്വേയിലെ സഭയുടെ സ്വാതന്ത്ര്യത്തെ തടഞ്ഞിരിക്കുകയാണെന്നു മരിയ ഗില്‍ പറഞ്ഞു. നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയൽ ഒർട്ടെഗയുടെ ഇടതുപക്ഷ ഭരണകൂടം കത്തോലിക്ക സഭയെ വിവിധ അടിച്ചമർത്തൽ നടപടികളിലൂടെ പീഡിപ്പിക്കുന്നത് തുടരുകയാണെന്ന് അമേരിക്കയിലെ മയാമി അതിരൂപതയുടെ ആർച്ച് ബിഷപ്പ് തോമസ് വെൻസ്‌കി പറഞ്ഞു. നിക്കരാഗ്വേ സഭക്ക് വേണ്ടി വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

രാജ്യത്തെ സഭക്കെതിരായ ഭരണകൂട ഭീകരത വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനെ കുറിച്ച് 2014-ല്‍ തന്നെ നിക്കരാഗ്വേയിലെ മെത്രാന്മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. 2018-ലെ ജനകീയ പ്രക്ഷോഭത്തെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയ ഭരണകൂട നടപടിക്കെതിരെ നിലപാടെടുത്തതാണ് കത്തോലിക്ക സഭയെ ഡാനിയല്‍ ഒര്‍ട്ടേഗയുടെ കണ്ണിലെ കരടാക്കി മാറ്റിയത്. ഭരണകൂടം തന്നെ കൊല്ലുവാന്‍ ഉത്തരവിടുമെന്ന് മുന്‍കൂട്ടി കണ്ട മനാഗ്വേയിലെ സഹായ മെത്രാന്‍ സില്‍വിയോ ബയേസ് ഇപ്പോള്‍ അമേരിക്കയില്‍ പ്രവാസിയായി കഴിയുകയാണ്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നിക്കാരാഗ്വേയിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ വാള്‍ഡെമര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാഗ് മെത്രാപ്പോലീത്തയെ നിക്കരാഗ്വേ ഭരണകൂടം രാജ്യത്തു നിന്നും പുറത്താക്കുകയുണ്ടായി. ജൂലൈ 18-ന് മിഷണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കന്യാസ്ത്രീകളെ രാജ്യത്തു നിന്നും പുറത്താക്കിയ നടപടിയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് 4 മുതല്‍ വീട്ടു തടങ്കലിലായിരിന്ന മതഗല്‍പ മെത്രാന്‍ അല്‍വാരെസിനെയും വൈദികരെയും ഏതാനും വിശ്വാസികളെയും അറസ്റ്റ് ചെയ്തു കൊണ്ടുപോയത് ഇക്കഴിഞ്ഞ ദിവസമാണ്. മതഗല്‍പ്പാ രൂപതയുടെ കീഴിലുള്ള റേഡിയോ സ്റ്റേഷനുകളും അടച്ചു പൂട്ടപ്പെട്ടിരിക്കുകയാണ്. .


Related Articles »