News - 2025
പ്രമുഖ അമേരിക്കന്‍ മതസ്വാതന്ത്ര്യ വിശകലന സംഘടനയിലേക്ക് നൈജീരിയന്‍ വൈദികര്‍
പ്രവാചകശബ്ദം 24-08-2022 - Wednesday
വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കയിലെ വാഷിംഗ്‌ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ട്’ന്റെ (ആര്‍.എഫ്.ഐ) അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നയത്തിന്റെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ പദവികളിലേക്ക് രണ്ട് നൈജീരിയന്‍ കത്തോലിക്ക വൈദികര്‍. ജോസ് സര്‍വ്വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ലെക്ചററും, നൈജീരിയയിലെ ‘മീഡിയ ടീം നെറ്റ്വര്‍ക്ക് ഇനീഷ്യേറ്റീവ്’ (എം.ടി.എന്‍.ഐ) ന്റെ കണ്‍വീനറുമായ ഫാ. ജസ്റ്റിന്‍ ഡൈകുക്കിനേയും, നൈജീരിയയിലെ യോളാ രൂപതാംഗവും, നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നയരൂപീകരണ ഗവേഷണ സ്ഥാപനമായ ‘ദി കുക്കാ സെന്റര്‍’ (ടി.കെ.സി) ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. അറ്റ ബാര്‍കിണ്ടോയേയുമാണ് ‘ആര്‍.എഫ്.ഐ’യുടെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോസായി നിയമിച്ചത്.
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഇരു വൈദികരും നടത്തിയ പ്രവര്‍ത്തനങ്ങളും, പ്രഭാഷണങ്ങളും, സമീപകാലത്ത് നടത്തിയ രചനകളുമാണ് ഇരുവര്‍ക്കും പുതിയ ഉത്തരവാദിത്വം ലഭിക്കാന്‍ കാരണമായത്. രണ്ടു നൈജീരിയന്‍ വൈദികരും പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സമാധാനത്തിനും, മതസ്വാതന്ത്ര്യത്തിനും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുമെന്ന് ആര്‍.എഫ്.ഐ വൈസ് പ്രസിഡന്റ് ഡോ. എറിക് പാറ്റേഴ്സന്റെ നിയമന കത്തില്‍ പറയുന്നു. മതസ്വാതന്ത്ര്യത്തിന്റെ പുരോഗമനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നതില്‍ നന്ദിയുണ്ടെന്നും പശ്ചാത്തലവും, പ്രവര്‍ത്തി പരിചയവും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രത്യേക കാഴ്ചപ്പാട് നല്‍കുമെന്നും കത്തിലുണ്ട്.
മുന്‍ അമേരിക്കന്‍ നയതന്ത്രജ്ഞരും, കാനഡ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന മുതിര്‍ന്ന ആര്‍.എഫ്.ഐ പ്രവര്‍ത്തക സംഘത്തിന്റെ ഭാഗമായിട്ടായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ഇന്റര്‍നാഷ്ണല്‍ റിസര്‍ച്ച് ഫ്രീഡം പോളിസിയുടെ മുതിര്‍ന്ന റിസര്‍ച്ച് ഫെല്ലോസായി ഈ രണ്ടു നൈജീരിയന്‍ വൈദികരും അറിയപ്പെടുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ആര്‍.എഫ്.ഐ ഓഗസ്റ്റ് 19-ന് പുറത്തുവിട്ട പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്.
മതസ്വാതന്ത്ര്യത്തെ, അടിസ്ഥാന അവകാശവും വ്യക്തിപരവും സാമൂഹ്യപരവുമായ വികാസത്തിന്റെ ഉറവിടവും, സമൂഹ വിജയത്തിന്റെ ആണിക്കല്ലും, ദേശീയവും അന്താരാഷ്ട്രപരവുമായ സുരക്ഷയുടെ ചാലക ശക്തിയുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2011-ല്‍ ജോര്‍ജ്ജ് ടൌണ്‍ സര്‍വ്വകലാശാലയുടെ ബെര്‍ക്ലി സെന്ററില്‍ സ്ഥാപിതമായ മതസ്വാതന്ത്ര്യ വിശകലന സ്ഥാപനമാണ് റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ട്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ നിന്നു തന്നെ അമേരിക്കന്‍ മതസ്വാതന്ത്ര്യ വിശകലന സംഘടനയിലേക്ക് വൈദികര്‍ക്ക് നിയമനം ലഭിച്ചത് വിശ്വാസി സമൂഹത്തിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.