News

വെള്ളപ്പൊക്കം: സഹായം അഭ്യര്‍ത്ഥിച്ച് പാക്ക് കത്തോലിക്ക മെത്രാന്മാര്‍

പ്രവാചകശബ്ദം 31-08-2022 - Wednesday

കറാച്ചി: പാക്കിസ്ഥാനില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്നുണ്ടായ പ്രളയ കെടുതിക്കിരയായവര്‍ക്ക് വേണ്ടി അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് കത്തോലിക്ക മെത്രാന്മാര്‍. പ്രളയത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ദുരന്തത്തിനിരയായവര്‍ക്ക് അടിയന്തിര സഹായം ആവശ്യമുണ്ടെന്നും, കത്തോലിക്ക സഭയുടെ പേരില്‍ സുമനസ്കരായ ആളുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണെന്നും കറാച്ചി മെത്രാപ്പോലീത്ത മോണ്‍. ബെന്നി ട്രാവാസിന്റെ അഭ്യര്‍ത്ഥനയില്‍ പറയുന്നു. പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് ടെന്റ്, അഭയകേന്ദ്രങ്ങള്‍ക്കുള്ള കിറ്റുകള്‍, ഭക്ഷണം, സാനിട്ടറി ഐറ്റംസ്, വസ്ത്രം തുടങ്ങിയ മാനുഷിക സഹായങ്ങള്‍ ആവശ്യമുണ്ടെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. കറാച്ചി ഉള്‍പ്പെടുന്ന സിന്ധി പ്രവിശ്യയിലും, ബലൂചിസ്ഥാനിലും, തെക്കന്‍ പഞ്ചാബിലുമാണ് പ്രളയം രൂക്ഷമായിരിക്കുന്നത്. പ്രളയത്തെത്തുടര്‍ന്ന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

വിവിധ ഇടവകകളില്‍ നിന്നും, ക്രൈസ്തവ സഭകളില്‍ നിന്നും, പൗര സംരക്ഷണ സമിതികളില്‍ നിന്നും, ജില്ലാ ഭരണകൂടങ്ങളില്‍ നിന്നും നിരവധി സഹായാഭ്യര്‍ത്ഥനകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നു കാരിത്താസ് പാക്കിസ്ഥാന്റെ ഡയറക്ടര്‍ കൂടിയായ ആർച്ച്‌ ബിഷപ്പ് ട്രാവാസ് പറയുന്നു. കാരിത്താസ് സ്റ്റാഫ് ഈ അപേക്ഷകള്‍ പരിശോധിച്ച് വരികയാണ്. പാക്കിസ്ഥാനിലെ തന്നെ ഹൈദരാബാദ് കത്തോലിക്ക രൂപതയിലെ 90% പ്രദേശങ്ങളും പ്രളയത്തിനിരയായെന്നു ഹൈദരാബാദ് മെത്രാന്‍ സാംസണ്‍ ഷുക്കാര്‍ഡിന്‍ പറയുന്നു. രൂപതയിലെ പ്രളയക്കെടുതി അനുഭവിക്കുന്ന ആയിരങ്ങളുടെ സഹായത്തിനായി രാഷ്ട്രീയക്കാരും, സഭാ മേലധികാരികളും, അത്മായരും, സര്‍ക്കാരേതര സന്നദ്ധ സംഘടനകളും, സുഹൃത്തുക്കളും, അഭ്യുദയകാംക്ഷികളും മുന്നോട്ട് വരുവാൻ താത്പര്യം കാണിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

പ്രളയത്തിനിരയായ ചില പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചപ്പോള്‍, ദേവാലയങ്ങളും, ഇടവക കെട്ടിടങ്ങളും, സ്കൂള്‍ കെട്ടിടങ്ങളും വെള്ളത്തില്‍ മുങ്ങി നശിച്ച് കിടക്കുന്ന കാഴ്ചകളും, പട്ടിണി കിടക്കുന്ന ഭവനരഹിതരേയും, പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ ദുഃഖിക്കുന്നവരെയുമാണ്‌ കാണുവാന്‍ കഴിഞ്ഞതെന്നും മെത്രാന്‍ പറഞ്ഞു. കേടുവരാത്ത ഭക്ഷണ സാധനങ്ങള്‍, കുടിവെള്ളം, വസ്ത്രം, കിടക്കകള്‍, കൊതുക് വലകള്‍, ടെന്റ്, സാനിട്ടറി സാധനങ്ങള്‍ തുടങ്ങിയ ആവശ്യമാണെന്ന് പറഞ്ഞ ബിഷപ്പ് ഷുക്കാര്‍ഡിന്‍, പാവപ്പെട്ട കര്‍ഷകരുടെ കൃഷികള്‍ നശിച്ചുവെന്നും അവര്‍ കടക്കെണിയിലായിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

വെള്ളപ്പൊക്കത്തില്‍ ആയിരത്തിലധികം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും, 1400-ലേറെ പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നത്. 3 കോടിയിലേറെ പേരെ പ്രളയം ബാധിച്ചുവെന്നാണ് ദേശീയ ദുരന്ത നിവാരണ സമിതി (എന്‍.ഡി.എം.എ) പറയുന്നത്. 2,18,000 വീടുകള്‍ നശിക്കുകയും, 4,52,000 വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും, 7,93,000 മൃഗങ്ങള്‍ ചത്തൊടുങ്ങുകയും, 20 ലക്ഷം ഹെക്ടര്‍ കൃഷിഭൂമി നശിക്കുകയും ചെയ്തിട്ടുണ്ടെന്ന്‍ ‘എന്‍.ഡി.എം.എ’ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 786