Faith And Reason - 2024

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി മത തീവ്രവാദികളുടെ കെണി; എട്ടുനോമ്പില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനവുമായി മാര്‍ ജോസഫ് പാംപ്ലാനി

പ്രവാചകശബ്ദം 05-09-2022 - Monday

തലശ്ശേരി: ജന്മം നൽകി സ്നേഹിച്ചു വളർത്തിയ മക്കൾ മതതീവ്രവാദികളുടെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ രക്ഷിക്കാൻ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടിവരുന്ന ക്രിസ്ത്യന്‍ മാതാപിതാക്കളുടെ സങ്കടങ്ങളെ എട്ട് നോമ്പിന്റെ പ്രാര്‍ത്ഥന നിയോഗമായി സമര്‍പ്പിക്കാന്‍ ആഹ്വാനവുമായി തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. സെപ്റ്റംബര്‍ മാസത്തെ ഇടയലേഖനത്തിലാണ് ഇക്കാര്യം ആര്‍ച്ച് ബിഷപ്പ് സൂചിപ്പിച്ചിരിക്കുന്നത്. എട്ടുനാൾ നീണ്ടുനിന്ന നോമ്പിലും ഉപവാസത്തിലും ദേവാലയത്തിൽ കഴിച്ചുകൂട്ടിയ ക്രൈസ്തവ യുവതികളെ രക്ഷിക്കാൻ പരിശുദ്ധ ദൈവമാതാവ് അത്ഭുതകരമായി ഇടപെട്ടതു അടക്കമുള്ള ചരിത്രം സൂചിപ്പിച്ചുക്കൊണ്ടാണ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഇടയലേഖനം.

''സെപ്റ്റംബർ മാസം എട്ടുനോമ്പിലൂടെ പരിശുദ്ധ അമ്മയുടെ ജനനത്തിന് നാം ഒരുങ്ങുന്ന സമയമാണല്ലോ. കേരളത്തിലെ സുറിയാനി സഭകളുടെ തനതുപാരമ്പര്യത്തിന്റെ ഭാഗമായ എട്ടുനോമ്പ് നമ്മുടെ പൂർവ്വികരുടെ മരിയഭക്തിയുടെ ഏറ്റവും ശ്രദ്ധേയമായ സാക്ഷ്യമാണ്. എട്ടുനോമ്പിനു പിന്നിലെ പാരമ്പര്യങ്ങളെ ചേർത്തുവായിച്ചാൽ പ്രധാനമായും മൂന്നു വസ്തുതകളാണ് വെളിപ്പെടുന്നത്. ഇവയുടെ വെളിച്ച ത്തിൽ പരിശുദ്ധ അമ്മയ്ക്കുള്ള ജന്മദിനസമ്മാനമായി മൂന്നു പദ്ധതികൾ ഞാൻ നിങ്ങൾക്കു മുന്നിൽ വയ്ക്കുകയാണ്''.

''ഒന്നാമതായി, വിജാതീയ രാജാക്കന്മാരുടെ പടയോട്ടങ്ങളിൽ തങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കാൻ എട്ടുനാൾ നീണ്ടുനിന്ന നോമ്പിലും ഉപവാസത്തിലും ദൈവാലയത്തിൽ കഴിച്ചുകൂട്ടിയ ക്രൈസ്തവ യുവതികളെ രക്ഷിക്കാൻ പരിശുദ്ധ ദൈവമാതാവ് അത്ഭുതകരമായി ഇടപെട്ടതിന്റെ കൃതജ്ഞതാനിർഭരമായ ഓർമ്മ ഈ നോമ്പിന്റെ പിന്നാമ്പുറങ്ങളിലുണ്ട്. നമ്മുടെ കുടുംബങ്ങളിലെ പെൺമക്കളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ ഇന്ന് വർദ്ധമാനമാകുന്നുണ്ട്. ജന്മം നൽകി സ്നേഹിച്ചു വളർത്തിയ മക്കൾ മതതീവ്രവാദികളുടെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ രക്ഷിക്കാൻ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ ഈ നോമ്പുകാലത്തിന്റെ പ്രാർത്ഥനാ നിയോഗമായി നമുക്ക് സമർപ്പിക്കാം''.

"സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകളെയും സ്ത്രീത്വത്തെയും പരിശുദ്ധ അമ്മയെ എന്നപോലെ ആദരിക്കാൻ നാം പഠിക്കേണ്ട നാളുകളാണിവ. പരിശുദ്ധ അമ്മയുടെ നീല അങ്കിയുടെ സംരക്ഷണതണലിൽ നമ്മുടെ മക്കൾ സുരക്ഷിതരാകാൻ ഈ എട്ടുനോമ്പിൽ നമുക്ക് തീക്ഷ്ണമായി പ്രാർത്ഥിക്കാം". തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളിൽ നമ്മുടെ മക്കൾ വീണുപോകാതിരിക്കാനുള്ള ബോധവൽക്കരണം കൗമാരക്കാരായ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ലക്ഷ്യ മാക്കി അതിരൂപതാ മതബോധന കേന്ദ്രം ആവിഷ്കരിച്ചിട്ടുള്ളത് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ഇടയലേഖനത്തില്‍ വിശദീകരിക്കുന്നു. മറ്റ് പൊതു വിഷയങ്ങളും ഇടയലേഖനത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വിവരിക്കുന്നുണ്ട്. ആഗസ്റ്റ് 25നു പുറപ്പെടുവിച്ച ഇടയലേഖനം അതിരൂപതയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും ഇന്നലെ ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ വായിച്ചിരിന്നു.


Related Articles »