News - 2025
എലിസബത്ത് രാജ്ഞിയ്ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
പ്രവാചകശബ്ദം 10-09-2022 - Saturday
ബിർമിംഗ്‌ഹാം: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സ്മരണാർത്ഥം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. ബിർമിംഗ്‌ഹാമിലെ സെന്റ് ബെനഡിക്ട് മിഷൻ ആസ്ഥാനമായ ജപമാല രാജ്ഞിയുടെയും വിശുദ്ധ തെരേസയുടെയും നാമധേയത്തിലുള്ള ദേവാലയത്തിൽ ഇന്നലെ നടന്ന അനുസ്മരണ ബലിയില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് പിന്നാലെ എലിസബത്ത് രാജ്ഞിയുടെ ചിത്രത്തിന് മുന്നില്‍ ഒപ്പീസ് ചൊല്ലി.
രാജ്ഞിയുടെ ജീവിതത്തിലെ എല്ലാ വർഷങ്ങളെയും അനുസ്മരിച്ച് ഉച്ച മുതൽ പള്ളിയിലെ മണികൾ 96 തവണ മുഴക്കിയിരിന്നു. 2014-ലെ ക്രിസ്തുമസ് സന്ദേശത്തില്‍ ജീവിതത്തിന്റെ 'പ്രചോദനവും നങ്കൂരവും' യേശുക്രിസ്തു ആയിരുന്നുവെന്നു രാജ്ഞി പറഞ്ഞത് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഫേസ്ബുക്ക് കുറിപ്പില്‍ അനുസ്മരിച്ചു. പൊതു സന്ദേശങ്ങളിൽ പലപ്പോഴും വളരെ വാചാലമായി പ്രഖ്യാപിക്കപ്പെട്ട രാജ്ഞിയുടെ വിശ്വാസം അനേകർക്ക് പ്രചോദനമായിരുന്നു. നിത്യമായ സന്തോഷം നൽകട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണെന്ന് രൂപതയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.