News - 2025

ഭാരതം ഉള്‍പ്പെടുന്ന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 6.4 ദശലക്ഷം യൂറോയുടെ സംഭാവനയുമായി ഇറ്റാലിയന്‍ ബിഷപ്പുമാർ

പ്രവാചകശബ്ദം 26-09-2022 - Monday

റോം: ആഗോള രാജ്യങ്ങളിലെ ഭക്ഷ്യ പ്രതിസന്ധിയും അടിയന്തര സാഹചര്യങ്ങളും നേരിടാൻ 6.4 ദശലക്ഷം യൂറോ (6.2 ദശലക്ഷം ഡോളർ) സംഭാവന ചെയ്യുമെന്ന് ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ് (സിഇഐ) പ്രഖ്യാപിച്ചു. വിശ്വാസികളിൽ നിന്ന് സമാഹരിച്ച ഫണ്ടിൽ നിന്നാണ്, തുക സംഭാവന ചെയ്യുക. സംഘട്ടനവും വരൾച്ചയും വിലക്കയറ്റവും മൂലം കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുന്ന സഹേലിലെയും ആഫ്രിക്കയിലെ ഗ്രേറ്റർ ഹോണിലെയും സമൂഹത്തിന് മൊത്തം തുകയിൽ 2 ദശലക്ഷം യൂറോ സംഭാവന നൽകും. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ലെബനോൻ, സിറിയ, ജോർദാൻ, ഇറാഖ്, കെനിയ എന്നീ രാജ്യങ്ങളിലെ ജനങ്ങൾക്ക് നൽകുമെന്ന്‍ മെത്രാന്‍ സമിതി വ്യക്തമാക്കി.

സ്വാർത്ഥത മൂലമുണ്ടാകുന്ന ദുരന്തങ്ങളാൽ ബുദ്ധിമുട്ടുന്നവരും നമ്മുടെ സഹോദരങ്ങളാണെന്നും നമ്മുടെ 'ഞാൻ' എന്നതിനപ്പുറം നമ്മുടെ ദൃഷ്ടി വിശാലമാക്കിയാൽ മാത്രമേ, ഏകദൈവത്തിന്റെയും കുടുംബത്തിന്റെയും എല്ലാ സഹോദരന്മാരുടെയും മക്കളായി നമുക്ക് സ്വയം മനസ്സിലാക്കാൻ കഴിയൂവെന്ന് ബൊളോഗ്ന ആർച്ച് ബിഷപ്പും സിഇഐ പ്രസിഡന്റുമായ കർദ്ദിനാൾ മാറ്റിയോ സുപ്പി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് സഹായം. സഹേലിനും ആഫ്രിക്കയിലെ വിവിധ മേഖലകളിലുമുള്ള ജീവിതനിലവാരം മെച്ചപ്പെടുത്താനും ഭക്ഷണവും പോഷകാഹാര സുരക്ഷയും ഉറപ്പുനൽകാനും ശ്രമിക്കുന്നതായി മെത്രാന്‍ സമിതി വ്യക്തമാക്കി.

ശ്രീലങ്കയിലെ സാമ്പത്തിക, ഭക്ഷ്യ പ്രതിസന്ധിയുടെ ഇരകളെ സഹായിക്കാൻ സഹായിക്കുവാനും വെള്ളപ്പൊക്ക ദുരന്തം ഗുരുതരമായി ബാധിച്ച പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ, സിന്ധ്, പഞ്ചാബ് എന്നിവിടങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും, വെള്ളപ്പൊക്കത്തിൽ ഏറെ പ്രതിസന്ധി നേരിട്ട ഒഡീഷയിലെയും ഹിമാചൽ പ്രദേശിലെയും ജനങ്ങളെ സഹായിക്കുവാനും തുക ഉപയോഗപ്പെടുത്തുമെന്നും കർദ്ദിനാൾ മാറ്റിയോ സുപ്പി പറഞ്ഞു. ഈ രാജ്യങ്ങളെ കൂടാതെ ഗുരുതരമായ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധിയിലായ ലെബനനിലും 11 വർഷത്തിലേറെ നീണ്ട സംഘർഷത്തിന് ശേഷം ജനസംഖ്യയുടെ 90 ശതമാനത്തിലധികം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സിറിയയിലേക്കും ഇറാഖിലേക്കും കെനിയയിലേക്കും വിവിധ ബുദ്ധിമുട്ടുകളില്‍ കഴിയുന്നവര്‍ക്കായി തുക കൈമാറും.


Related Articles »