News - 2025
അമേരിക്കയില്‍ കത്തീഡ്രൽ ദേവാലയത്തിന് നേരെ വാളുമായി പാഞ്ഞെടുത്ത് അക്രമി: ദേവാലയം അഗ്നിക്കിരയാക്കാനും ശ്രമം
പ്രവാചകശബ്ദം 07-10-2022 - Friday
ഒക്ലഹോമ: അമേരിക്കയിലെ ഒക്ലഹോമ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ടൾസ കത്തീഡ്രൽ ദേവാലയത്തിന് നേരെ ആക്രമണം. കൈയിൽ വാളുമായി എത്തിയ ഒരാൾ ദേവാലയത്തിലെ ഒരു ജീവനക്കാരനെ ആക്രമിക്കുകയും, ദേവാലയം അഗ്നിക്കിരയാക്കാൻ ശ്രമിക്കുകയുമായിരുന്നു. വൈകുന്നേരം നാലുമണിക്ക് ആക്രമണം നടന്ന സമയത്ത് കുട്ടികളും ദേവാലയ പരിസരത്ത് ഉണ്ടായിരുന്നതായി ടൾസയിലെ പോലീസ് മേധാവി വെൻഡൽ ഫ്രാങ്ക്ലിൻ ട്വീറ്റ് ചെയ്തു. അക്രമിയെന്ന് കരുതുന്ന ആളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം സംഭവത്തെ പറ്റി അന്വേഷണം നടത്താൻ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. റോൺ നോട്ട്സൺ എന്ന ജീവനക്കാരനാണ് അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടയിൽ കൈയിൽ പരിക്കേറ്റതെന്ന് കത്തീഡ്രൽ റെക്ടർ ഫാ. ഗാരി കാസ്റ്റിൽ വെളിപ്പെടുത്തി.
It’s too early for accurate details. There will be a post soon on https://t.co/asgwi5JJzc. @TulsaPolice will release more as information becomes available. pic.twitter.com/MIgJSYWrY5
— Tulsa Police Department Chief Franklin (@TPD_Franklin) October 6, 2022
സമീപത്തെ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഈ സമയത്ത് ദേവാലയത്തിന് പുറത്ത് ഉണ്ടായിരുന്നത്. അവർ സ്കൂളിന്റെ ചിത്രങ്ങൾ പകർത്തുകയായിരുന്നു. തക്ക സമയത്ത് തന്നെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് മാറ്റിയ അധ്യാപകർക്കും, ജീവനക്കാർക്കും ഫാ. ഗാരി കാസ്റ്റിൽ നന്ദി രേഖപ്പെടുത്തി. എന്തോ ഒരു വസ്തുവിൽ തീ കൊളുത്തി ദേവാലയത്തിന്റെ വശത്തേക്ക് എറിഞ്ഞ അക്രമി ജനാലകൾക്ക് കേടുപാട് വരുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് അയാളെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. അക്രമിയുടെ മാനസാന്തരത്തിനും പരിഹാരത്തിനും വേണ്ടി വ്യാഴാഴ്ച രാവിലെ ദേവാലയത്തിൽ പ്രത്യേക ദിവ്യബലി അർപ്പണം നടന്നു.