News - 2025

തീവ്രവാദവും ദാരിദ്ര്യവും: യുക്രൈന് ഒപ്പം മൊസാംബിക്കിലെ അവസ്ഥയും പരിഗണിക്കപ്പെടണമെന്ന് മെത്രാന്‍

പ്രവാചകശബ്ദം 11-10-2022 - Tuesday

മാപുടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോയിലെയും വടക്ക് ഭാഗത്തുള്ള മറ്റ് പ്രവിശ്യകളിലെയും ക്രൈസ്തവര്‍ തീവ്രവാദി ആക്രമണങ്ങള്‍ക്ക് പുറമേ, വിവിധ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കത്തോലിക്ക മെത്രാന്‍. ഗറില്ല യുദ്ധമുറപോലെയുള്ള പുതിയൊരു യുദ്ധമുറയാണ് തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നു ഇക്കഴിഞ്ഞ ഒക്ടോബര്‍ 6ന് എസിഐ ആഫ്രിക്കയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നാക്കാല രൂപതാധ്യക്ഷന്‍ ആല്‍ബര്‍ട്ടോ വേര പറഞ്ഞു.

ഇതിനെ തടുക്കുവാന്‍ ബുദ്ധിമുട്ടാണെന്നും ആറോ ഏഴോ പേരടങ്ങുന്ന ഒരു ചെറു സംഘത്തിന് വലിയ നാഷനഷ്ട്രങ്ങള്‍ വരുത്തുവാന്‍ കഴിയുമെന്നും മെത്രാന്‍ പറഞ്ഞു. സ്കൂളുകള്‍, ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍, ബാങ്കുകള്‍, ഭരണനിര്‍വഹണ കാര്യാലയങ്ങള്‍ പോലെയുള്ള സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടാണ് തീവ്രവാദികളുടെ ആക്രമണങ്ങളെന്ന് പറഞ്ഞ ബിഷപ്പ് - സിസ്റ്റര്‍ മരിയ ഡി കോപ്പിയും മറ്റ് 11 പേരും സമീപദിവസങ്ങളില്‍ കൊല്ലപ്പെട്ടത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

ഈ ആക്രമണങ്ങളുടെ അനന്തര ഫലങ്ങള്‍ വളരെ ഗുരുതരമാണ്. പ്രിയപ്പെട്ടവര്‍ അതിക്രൂരവും, നിഷ്ടൂരവുമായി കൊല്ലപ്പെടുന്നതിനാണ് തങ്ങള്‍ സാക്ഷ്യം വഹിച്ചുക്കൊണ്ടിരിക്കുന്നത്. വീടുകള്‍ അഗ്നിക്കിരയാവുകയും തകര്‍ക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അമ്മമാരും കുട്ടികളും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു കൊണ്ടിരിക്കുന്നു. എന്നാല്‍ സൈന്യത്തിന്റെ ഇടപെടല്‍ കാരണം നാക്കാലയില്‍ അന്തരീക്ഷം പൊതുവെ സമാധാനപരമാണ്. തീവ്രവാദികള്‍ക്ക് സാമ്പത്തികവും, വാണീജ്യപരവുമായി വളരെ പ്രാധാന്യമുള്ള നാക്കാല തുറമുഖത്ത് പ്രവേശിക്കുവാന്‍ കഴിഞ്ഞാല്‍ അത് സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമായിരിക്കുമെന്നും മെത്രാന്‍ ഓര്‍മ്മിപ്പിച്ചു.

ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു മുഖമില്ലെന്നതാണ് വാസ്തവം. യുവജനങ്ങള്‍ക്ക് സുരക്ഷിതമായ ഭാവി ഉണ്ടായാല്‍ അവര്‍ തീവ്രവാദത്തിലേക്ക് തിരിയില്ലെന്നും മെത്രാന്‍ ചൂണ്ടിക്കാട്ടി. ഏതാണ്ട് 9,00,000-ത്തിലധികം ആഭ്യന്തര ഭവനരഹിതര്‍ രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യകളില്‍ ഉണ്ട്. ഭവനരഹിതര്‍ക്ക് പാര്‍പ്പിടത്തിന്റെയും, തൊഴിലിന്റെയും ആവശ്യമുണ്ട്. നിത്യവൃത്തിക്കായി കുട്ടികള്‍ ഉള്‍പ്പെടെ വേശ്യാവൃത്തി പോലെയുള്ള ഹീനമായവ ചെയ്യുന്നതിലേക്ക് തിരിയുന്നു. ശുദ്ധജലത്തിന്റെയും ഭക്ഷണത്തിന്റെയും അഭാവം കാരണം ആളുകള്‍ രോഗികളായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈന് ലഭിക്കുന്ന ശ്രദ്ധയും മാനുഷിക സഹായവും മൊസാംബിക്കില്‍ ദുരിതത്തില്‍ കഴിയുന്നവര്‍ക്കും അടിയന്തരമായി ലഭിക്കേണ്ട സാഹചര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ മൂന്ന് ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 796