Arts

യുവ ഹിപ്പികളെ യേശുവിലേക്ക് നയിച്ചതിന്റെ കഥയുമായി ‘ജീസസ് റെവല്യൂഷന്‍’ തീയേറ്ററുകളിലേക്ക്

പ്രവാചകശബ്ദം 17-10-2022 - Monday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ യുവ ഹിപ്പികളെ യേശുവിനോടുള്ള ആവേശത്തിന്റെ അഗ്നിജ്വാലയില്‍ ജ്വലിപ്പിച്ചതിന്റെ കഥപറയുന്ന ‘ജീസസ് റെവല്യൂഷന്‍’ എന്ന സിനിമ വരുന്ന ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗ്രെഗ് ലോറി എന്ന യുവാവ് സത്യം അന്വേഷിച്ച് മോശം സ്ഥലങ്ങളിലൂടെ അലയുന്നതും, അവസാനം തെരുവ് സുവിശേഷകനായ ലോണി ഫ്രിസ്ബീ എന്ന ഹിപ്പിയെ കണ്ടുമുട്ടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ‘ദി ചോസണ്‍’ എന്ന ജനപ്രിയ ബൈബിള്‍ ടെലിവിഷന്‍ പരമ്പരയില്‍ യേശുവിന്റെ വേഷം അവതരിപ്പിക്കുന്ന ജോനാഥന്‍ റൂമിയാണ് ഫ്രിസ്ബീയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ആധുനിക നാഗരികതയുടെ പൊള്ളത്തരത്തിനെതിരെ 1960-കളിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി മുതലായ സമ്പന്ന മുതലാളിത്ത രാജ്യങ്ങളിൽ രൂപംകൊണ്ട യുവജനങ്ങളുടെ പ്രതിഷേധ പ്രസ്ഥാനമാണ് ഹിപ്പിയിസം. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്‌കോയിലായിരുന്നു ഉദ്ഭവം.

സിനിമയില്‍ വചനപ്രഘോഷകനായ ചക്ക് സ്മിത്തിനൊപ്പം ഇരുവരും തെക്കന്‍ കാലിഫോര്‍ണിയയില്‍ ദേവാലയം തുറക്കുകയും അതുവഴി അപ്രതീക്ഷിതമായ ആത്മീയ നവോത്ഥാനത്തിന് ആരംഭം കുറിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം. സിനിമയുടെ ഓരോ രംഗത്തിനും പിറകിലുള്ള പരിശ്രമങ്ങളും, താരങ്ങളുടെ അഭിമുഖങ്ങളും റൂമി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ‘ഒരു പുതിയ പ്രതിസംസ്കാര കുരിശ് യുദ്ധം, ചരിത്രത്തിന്റെ ഗതി മാറ്റിയ ഒരു ജീസസ് സംരംഭം’ എന്നാണ് ഈ സിനിമയെ റൂമി വിശേഷിപ്പിച്ചിരിക്കുന്നത്.

സിനിമയില്‍ അഭിനയിച്ചവര്‍ സിനിമയെ കുറിച്ചുള്ള തങ്ങളുടെ ചിന്തകളും, ഇതില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന കാര്യങ്ങളേ കുറിച്ചും വിവരിക്കുന്ന അഭിമുഖങ്ങളാണ് റൂമി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഓരോരുത്തരെയും അവരുടെ വിശ്വാസത്തെയും കണ്ടെത്തുന്നതിനെ കുറിച്ചുള്ള ഒരു കഥയാണിതെന്നു നടി അന്നാ ഗ്രേസ് ബാര്‍ലോ പറഞ്ഞു.

പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുടെയും, സ്നേഹത്തിന്റേതുമായ ഒരു വലിയ സന്ദേശം ഈ സിനിമയില്‍ നിന്നും ലഭിക്കുമെന്ന് ഡെവോണ്‍ ഫ്രാങ്ക്ലിന്‍ പറഞ്ഞപ്പോള്‍, തങ്ങളുടെ വിശ്വാസം കണ്ടെത്തുവാന്‍ ഈ സിനിമ പ്രേക്ഷകരെ സഹായിക്കുമെന്നാണ് കെല്‍സി ഗ്രാമ്മര്‍ പറയുന്നത്. കിംഗ്ഡം സ്റ്റോറി കമ്പനി നിര്‍മ്മിച്ച് ജോണ്‍ എര്‍വിന്‍ സംവിധാനം ചെയ്ത 'ജീസസ് റെവല്യൂഷന്‍' ലയണ്‍സ് ഗേറ്റാണ് വിതരണം ചെയ്യുന്നത്.

ചരിത്രത്തിലെ ഒരു സവിശേഷമായ കാലഘട്ടത്തെയാണ് സിനിമ എടുത്ത് കാട്ടുന്നതെന്നു ജോണ്‍ എര്‍വിന്‍ പറഞ്ഞു. തെറ്റായ സ്ഥലങ്ങളില്‍ ശരിയായ കാര്യങ്ങളെ അന്വേഷിച്ച് ഭീതിയിലും സംശയത്തിലും കഴിഞ്ഞിരുന്ന ഒരു തലമുറയുടെ കാലഘട്ടമായിരുന്നു അതെന്നും സംസ്കാരത്തെയും, അമേരിക്കയെയും രൂപപ്പെടുത്തിയ ദൈവത്തിന്റെ ഒരു ശക്തമായ നീക്കമായിരുന്നു അതെന്നും, നമ്മള്‍ അതുപോലൊന്ന്‍ ഇതുവരെ അനുഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാസ്റ്റര്‍ ഗ്രെഗ് ലോറി രചിച്ച പുസ്തകത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന സിനിമ ഏഴു വര്‍ഷങ്ങള്‍ എടുത്താണ് ചിത്രീകരിച്ചത്. അമേരിക്കക്ക് വീണ്ടും ഒരു ആത്മീയ നവോത്ഥാനത്തിന്റെ ആവശ്യമുണ്ടെന്ന്‍ അദ്ദേഹം സി.ബി.എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.


Related Articles »