Youth Zone
''പ്രതിസന്ധിയില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു'': ലെബനോനിലെ നിര്‍ദ്ധന രോഗികളുടെ ആശാകേന്ദ്രമായി ഇരുപത്തിയൊന്നുകാരി സ്ഥാപിച്ച ‘മെഡോണേഷന്‍സ്’
പ്രവാചകശബ്ദം 19-10-2022 - Wednesday
ബെയ്റൂട്ട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ലെബനോനിലെ പാവപ്പെട്ട രോഗികളുടെ ചികിത്സക്ക് വേണ്ടിയുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിനായി ബെയ്റൂട്ട് സ്വദേശിനിയും ക്രൈസ്തവ വിശ്വാസിയുമായ മരീന ഖാവണ്ട് എന്ന ഇരുപത്തിയൊന്നുകാരി സ്ഥാപിച്ച ‘മെഡോണേഷന്‍സ്’ എന്ന സന്നദ്ധ സംഘടന ആയിരക്കണക്കിന് രോഗികള്‍ക്ക് കൈത്താങ്ങാവുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലെബനോന്‍ തലസ്ഥാനമായ ബെയ്റൂട്ടിനെ പിടിച്ചു കുലുക്കിയ അത്യുഗ്രന്‍ സ്ഫോടനത്തില്‍ മരണത്തെ മുന്നില്‍ കണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഹെലേന ആന്‍ഡ്രാവോസ് ഉള്‍പ്പെടെ ഏതാണ്ട് 18,000-ത്തോളം രോഗികളെ ഈ സംഘടന ഇതിനോടകം തന്നെ സഹായിച്ചു കഴിഞ്ഞു. ഇത് തങ്ങളുടെ ഒരു തുടക്കം മാത്രമാണെന്നാണ് മരീന പറയുന്നത്. സ്ഫോടനത്തേ തുടര്‍ന്ന്‍ വീട്ടില്‍ ബോധരഹിതയായി വീണ ആന്‍ഡ്രാവോസ് 10 ദിവസത്തോളം കോമായിലായിരുന്നു.
രോഗികളെ സഹായിക്കുവാനുള്ള സാമ്പത്തിക ഭദ്രത മരീനക്കില്ലെങ്കിലും, ദൈവത്തില്‍ ആശ്രയിച്ചുള്ള അതിയായ ആഗ്രഹമാണ് അവളെ ഇതിനു പ്രാപ്തയാക്കിയത്. ടിലനോള്‍ പോലെയുള്ള മരുന്നുകള്‍ രാജ്യത്ത് വളരെ വിരളമായാണ് എത്തുന്നതെന്നും, ഇത്തരം മരുന്നുകള്‍ വാങ്ങുവാന്‍ കഴിവില്ലാത്തവര്‍ക്ക് വേണ്ടി അവ ശേഖരിക്കുകയുമാണ് മെഡോണേഷന്‍സ് ചെയ്യുന്ന പ്രധാന സേവനമെന്നും പ്രതിസന്ധിയില്‍ തങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. കൊറോണ മഹാമാരി സമയത്ത് രോഗികള്‍ക്ക് വേണ്ടി ഓക്സിജന്‍ മെഷീനുകള്‍ ലഭ്യമാക്കുന്നതിലും മെഡോണേഷന്‍സ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. രാജ്യത്ത് വൈദ്യുത പ്രതിസന്ധി നേരിട്ടപ്പോള്‍ തങ്ങളുടെ സെല്‍ ഫോണുകളും, ചാര്‍ജ്ജ് ചെയ്യുന്നതിനായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗില്‍ കൊണ്ടുനടക്കാവുന്ന സോളാര്‍ പാനലുകളും ഇതര ഇലക്ട്രോണിക് ഉപകരണങ്ങളും സംഘടന വിതരണം ചെയ്തിരുന്നു. ഗുരുതരമായ രോഗമുള്ളവരുടെ ശസ്ത്രക്രിയകള്‍ക്ക് വേണ്ട ഫണ്ടും ഇവര്‍ സമാഹരിക്കുന്നുണ്ട്.
ബെയ്റൂട്ട് സ്ഫോടനം നടന്ന 2020 ഓഗസ്റ്റ് 4-ന് തന്നെയാണ് മെഡോണേഷന്‍സിന്റെ പ്രവര്‍ത്തനവും ആരംഭിച്ചത്. ഒന്നര ആഴ്ചക്കുള്ളിൽ ആന്‍ഡ്രാവോസിന്റെ ശസ്ത്രക്രിയക്ക് വേണ്ട 8,000 ഡോളര്‍ മരീന സമാഹരിച്ചിരിന്നു. ഇപ്പോള്‍ ആന്‍ഡ്രാവോസും മരീനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സഹായിയാണ്. വെറും 19 വയസ്സുള്ളപ്പോള്‍ മരീന എങ്ങനെയാണ് മെഡോണേഷന്‍സ് സ്ഥാപിച്ചതെന്നും, സര്‍വ്വകലാശാല പഠനവും, ചാരിറ്റി പ്രവര്‍ത്തനങ്ങളും അവള്‍ എങ്ങനെയാണ് ഒരുമിച്ച് കൊണ്ടുപോകുന്നതെന്നും തനിക്കറിയില്ലെന്നും ആന്‍ഡ്രാവോസ് പറയുന്നു. ഓരോ ദിവസവും നൂറിലധികം രോഗികളുടെ കഷ്ട്രപ്പാടുകള്‍ കാണുന്നുണ്ടെന്നും, ഇതൊന്നും നമ്മുടെ കയ്യിലല്ല ദൈവത്തിന്റെ കയ്യിലാണെന്നും പറഞ്ഞ മരീന ഓരോ ചെറിയ പ്രതിസന്ധി നേരിടുമ്പോഴും ദൈവത്തോടു പ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.