Youth Zone - 2024

'വിശുദ്ധനായ ഡോക്ടറുടെ' നാമകരണ ചടങ്ങിന് 10 കോടി ഷില്ലിംഗ് അനുവദിച്ച് ഉഗാണ്ടന്‍ പ്രസിഡന്റ്

പ്രവാചകശബ്ദം 30-09-2022 - Friday

കംപാല: “വിശുദ്ധനായ ഡോക്ടര്‍” എന്ന് ഉഗാണ്ടയില്‍ അറിയപ്പെട്ടിരുന്ന ഇറ്റാലിയന്‍ പുരോഹിതനും ഡോക്ടറുമായിരുന്ന റവ. ഡോ. ഫാ. ജോസഫ് അംബ്രോസോളിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനായി ഉഗാണ്ടന്‍ പ്രസിഡന്റ് മുസെവേനി 10 കോടി ഉഗാണ്ടന്‍ ഷില്ലിംഗ് അനുവദിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച ആർച്ച് ബിഷപ്പ് ജോണ്‍ ബാപ്റ്റിസ്റ്റ് ഒഡാമയുടെ നേതൃത്വത്തില്‍ തന്നെ സന്ദര്‍ശിച്ച ഗുളു അതിരൂപതയില്‍ നിന്നുള്ള പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലായിരുന്നു മുസെവേനി ഈ പ്രഖ്യാപനം നടത്തിയത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണമായ പിന്തുണ ഉണ്ടായിരിക്കുമെന്നും മുസെവേനി ഉറപ്പ് നല്‍കി. ഇതാദ്യമായാണ് ഉഗാണ്ടയില്‍ ഇത്തരമൊരു ചടങ്ങ് നടക്കുന്നത്. ഉഗാണ്ടയിലെ ചീഫ് ജസ്റ്റിസ് അല്‍ഫോണ്‍സെ ഒവിനി ഡോളോ, ജസ്റ്റിസ് ആന്‍ഡ്‌ കോണ്‍സ്റ്റിറ്റ്യൂഷന്‍ അഫയേഴ്സ് മന്ത്രി നോര്‍ബര്‍ട്ട് മാവോ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കംബോണി മിഷണറീസ് സമൂഹാംഗമായ ഫാ. ഗിയുസെപ്പെ അംബ്രോസോളി 35 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മരണമടഞ്ഞത്. 1923 ജൂലൈ 25-ന് ഇറ്റലിയില്‍ ജനിച്ച ഫാ. ഡോ. ജോസഫ് അംബ്രോസോളി 1951-ലാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. 1955-ൽ ഉഗാണ്ടയിലെത്തിയ അദ്ദേഹം ഗുളു അതിരൂപതയിലെ കലോങ്ങോ ഡിസ്പെന്‍സറിയിൽ നിയമിതനായി. നീണ്ട 36 വര്‍ഷങ്ങളോളം ആ ആരോഗ്യ കേന്ദ്രത്തില്‍ സേവനമനുഷ്ടിച്ച ഫാ. അംബ്രോസോളി ഡിസ്പെന്‍സറിയെ ഒരു ആശുപത്രിയായി വികസിപ്പിക്കുകയുണ്ടായി. "കഷ്ടപ്പെടുന്ന ആളുകള്‍ക്ക് വേണ്ടിയുള്ള യേശുവിന്റെ ദാസനാണ് ഞാന്‍" എന്നാണ് ഫാ. അംബ്രോസോളി സ്വയം വിശേഷിപ്പിച്ചിരുന്നത്. രക്തദാനം കുറവായിരുന്ന കാലഘട്ടമായിരുന്നിട്ട് പോലും സ്വന്തം രക്തം മറ്റുള്ളവര്‍ക്ക് ദാനം ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.

1987-ല്‍ എന്ഗെട്ടായില്‍വെച്ചാണ് അദ്ദേഹം മരണമടയുന്നത്. 1999-ൽ ഫാ. അംബ്രോസോളിയുടെ നാമകരണ നടപടികള്‍ക്ക് തുടക്കമായി. ഈ വരുന്ന നവംബര്‍ 20-ന് കലോങ്ങോയില്‍ വെച്ചാണ് ഫാ. ഡോ. അംബ്രോസോളിയേ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. ദൈവജനത്തിനു വേണ്ടി സമര്‍പ്പിതമായ ജീവിതത്താലും സേവനത്താലും അറിയപ്പെട്ടിരുന്ന തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് സാക്ഷ്യം വഹിക്കുവാന്‍ ഉഗാണ്ടയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു മാത്രമല്ല അയല്‍ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Related Articles »