News - 2025
ബന്ധുവിന്റെ ജന്മദിനാഘോഷത്തിൽ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കും
പ്രവാചകശബ്ദം 20-10-2022 - Thursday
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ നവംബറിൽ വടക്കൻ ഇറ്റലിയിലെ അസ്തി പട്ടണം സന്ദർശിക്കും. മാർപാപ്പായുടെ ബന്ധുവിന്റെ 90-ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനാണ് നവംബർ 19, 20 തീയതികളിൽ അസ്തി സന്ദർശിക്കുന്നത്. ഒത്തിരി സന്ദര്‍ശകരും മറ്റ് തിരക്കുകളും ഉള്ളതിനാല്‍ സാധാരണയായി കുടുംബ സംബന്ധമായ പരിപാടികളില്‍ മാര്‍പാപ്പ പങ്കെടുക്കുന്നത് വളരെ വിരളമാണ്.
19നു വൈകുന്നേരം നടക്കുന്ന ബന്ധുവിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്ന മാർപാപ്പ, പിറ്റേന്നു ഞായർ രാവിലെ 11ന് അസ്തി കത്തീഡ്രലിൽ ദിവ്യബലി അർപ്പിക്കും. തുടർന്ന് രൂപതയിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് വത്തിക്കാനിലേക്കു മടങ്ങും. മാർപാപ്പയുടെ പിതാവ് മരിയ ഹൊസെ ബെർഗോളിയോ അസ്തി പ്രവിശ്യയിലെ പൊർട്ടാകൊമാറോയിലാണു ജനിച്ചത്. പിന്നീട് കുടുംബം അർജന്റീനയിലേക്കു കുടിയേറുകയായിരുന്നു.
ബെർഗോളിയോ എന്ന ഫ്രാന്‍സിസ് മാർപാപ്പ 1936 ഡിസംബർ 17ന് ബ്യൂണസ് അയേഴ്സിലാണു ജനിച്ചത്. മാർപാപ്പയുടെ അമ്മ, ഇറ്റാലിയൻ വേരുകളുള്ള റെജീന സിവാരിയും ബ്യൂണസ് അയേഴ്സിലാണ് ജനിച്ചത്. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ അസ്തിയിലും ടൂറിനിലുമുള്ള ബന്ധുക്കളുമായി ഫ്രാന്‍സിസ് പാപ്പ ബന്ധം പുലർത്തിയിരുന്നു. 2015-ൽ ടൂറിൻ സന്ദർശന വേളയിൽ മാർപാപ്പ തന്റെ ആറ് ബന്ധുക്കളുടെ കുടുംബത്തിനുമൊപ്പം ഉച്ചഭക്ഷണം കഴിച്ചിരുന്നു.