News

തീവ്രവാദികളില്‍ നിന്നും രക്ഷപ്പെട്ട് യുഎസിലെത്തിയ ക്രൈസ്തവരെ സംരക്ഷിക്കണമെന്ന ആവശ്യവുമായി സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ

പ്രവാചകശബ്ദം 20-10-2022 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: സ്വന്തം രാജ്യത്ത് ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന കടുത്ത പീഡനത്തില്‍ നിന്നും രക്ഷപ്പെട്ട് അമേരിക്കയിലെത്തിയ കോംഗോ പൗരന്‍മാരായ ക്രൈസ്തവര്‍ക്കു വര്‍ക്ക് പെര്‍മിറ്റോടെ അമേരിക്കയില്‍ തുടരുവാനുള്ള അനുവാദം നല്‍കണമെന്ന ആവശ്യവുമായി സര്‍ക്കാരേതര സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി അലെജാണ്ട്രോ മയോക്കാസിന് കത്തയച്ചു. ഇവര്‍ക്ക് താല്‍ക്കാലിക സംരക്ഷിത പദവി (ടി.പി.എസ്) നല്‍കണമെന്നാണ് കത്തിലെ ആവശ്യം. അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, എല്‍ സാല്‍വഡോര്‍, ഹെയ്തി, ഹോണ്ടുറാസ്, നിക്കരാഗ്വേ, സൊമാലിയ, തെക്കന്‍ സുഡാന്‍, സുഡാന്‍, സിറിയ, ഉക്രൈന്‍, വെനിസ്വേല, യെമെന്‍ തുടങ്ങി സ്വന്തം രാജ്യത്തേക്ക് തിരികെപ്പോകുന്നത് സുരക്ഷിതമല്ലാത്ത പന്ത്രണ്ടിലധികം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നല്‍കുന്നതാണ് ടി.പി.എസ്.

കിഴക്കന്‍ കോംഗോയിലെ ക്രൈസ്തവര്‍ രാജ്യത്തിന്റെ കിവു പ്രവിശ്യയുടെ ഉഗാണ്ടയുമായി അതിര്‍ത്തി പങ്കിടുന്ന വടക്ക്-കിഴക്കന്‍ ഭാഗത്ത് സജീവമായ ‘അല്ലൈഡ് ഡെമോക്രാറ്റിക്‌ ഫോഴ്സസ്’ (എഡിഎഫ്) പോലെയുള്ള ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ മതപീഡനത്തിന് ഇരയാകുന്നുണ്ടെന്നു അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനായ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐസിസി) ഇതുസംബന്ധിച്ച് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. കോംഗോ സര്‍ക്കാര്‍ തീവ്രവാദി സംഘടനകള്‍ക്കെതിരെ പോരാടുന്നുണ്ടെങ്കിലും ക്രിസ്ത്യന്‍ സമൂഹത്തിന്റെ കാര്യത്തില്‍ ആരുംതന്നെ കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ലെന്നും സംഘടന പറഞ്ഞു.



ഇക്കഴിഞ്ഞ ജൂണില്‍ ക്രൈസ്തവര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ നടന്ന തീവ്രവാദി ആക്രമണവും, ദിവസങ്ങള്‍ക്ക് ശേഷം ഇസ്ലാമിക തീവ്രവാദികള്‍ പത്തോളം ക്രൈസ്തവരെ കൊലപ്പെടുത്തി അവര്‍ സഞ്ചരിച്ചിരുന്ന വാഹനം അഗ്നിക്കിരയാക്കിയതും ഐ.സി.സി ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യത്തിനാണ് അമേരിക്കയുടെ വിദേശ നയത്തില്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ജൂണില്‍ നടന്ന ഒരു പടിപാടിയില്‍വെച്ച് പറഞ്ഞതും ഐ.സി.സി പരാമര്‍ശിക്കുന്നുണ്ട്. കിഴക്കന്‍ കോംഗോയിലെ ഒരു ജില്ലയില്‍ ഒരുകാലത്ത് ഇരുപത്തിനാലോളം ഇവാഞ്ചലിക്കല്‍ ദേവാലയങ്ങള്‍ സജീവമായിരുന്നിടത്ത് ഇപ്പോള്‍ വെറും നാലു ദേവാലയങ്ങള്‍ മാത്രമാണുള്ളതെന്നു അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1990കളില്‍ സ്ഥാപിതമായ എ.ഡി.എഫ് 2021 ജനുവരിക്കും 2022 ജനുവരിക്കും ഇടയില്‍ ഏതാണ്ട് ആയിരത്തിമുന്നൂറോളം ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ ഇടൂരി പ്രവിശ്യയിലെ ഓട്ടോമാബെരെ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും, നിരവധി വീടുകള്‍ അഗ്നിക്കിരയാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന മൂന്ന്‍ ആക്രമണങ്ങളിലായി നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഔദ്യോഗികമായി ‘എ.ഡി.എഫ്’ന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമില്ലെങ്കിലും എ.ഡി.എഫ് നടത്തിയ ചില ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. ഇസ്ലാമിക് കാലിഫേറ്റിന്റെ മധ്യ-ആഫ്രിക്കന്‍ പ്രവിശ്യയായിട്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് കോംഗോയെ നിരീക്ഷിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 798