News - 2025

മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനും ചൈനയും കരാര്‍ രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടി

പ്രവാചകശബ്ദം 23-10-2022 - Sunday

വത്തിക്കാന്‍ സിറ്റി: പുതിയ മെത്രാന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് വത്തിക്കാനും കമ്മ്യൂണിസ്റ്റ് ചൈനയും തമ്മില്‍ 2018-ല്‍ ഉണ്ടാക്കിയ കരാര്‍ വീണ്ടും രണ്ടു വര്‍ഷത്തേക്ക് കൂടി പുതുക്കി. ഇത് രണ്ടാം തവണയാണ് കരാര്‍ പുതുക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഉചിതമായ കൂടിയാലോചനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് പരിശുദ്ധ സിംഹാസനവും, 'പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന'യും തമ്മില്‍ ഉണ്ടാക്കിയ താല്‍ക്കാലിക കരാര്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടുവാന്‍ തീരുമാനിച്ചുവെന്നു ഒക്ടോബര്‍ 22-ന് വത്തിക്കാന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സഭയുടെ ദൗത്യവും, ചൈനീസ്‌ ജനതയുടെ നന്മയും കണക്കിലെടുത്തുകൊണ്ട് ഇരുകക്ഷികളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വികസനത്തിനായി മാന്യവും ക്രിയാത്മകവുമായ സംവാദങ്ങള്‍ തുടരുന്നതില്‍ വത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

2018 സെപ്റ്റംബറില്‍ വത്തിക്കാനും ചൈനയും തമ്മില്‍ ഒപ്പുവെച്ച കരാര്‍ 2020 സെപ്റ്റംബറിലാണ് ആദ്യമായി പുതുക്കിയത്. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സഭയിലെയും സര്‍ക്കാരിനെ ഭയപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക സഭയിലെയും വിശ്വാസികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഈ കരാറിനു വത്തിക്കാന്‍ തയാറായത്. കരാര്‍ രണ്ടാമതും പുതുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരുന്നു. നയതന്ത്രം സാധ്യമാക്കലിന്റെ കലയാണെന്നും, നയതന്ത്രത്തിലൂടെ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാമെന്നും കരാറിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി എന്ന നിലയില്‍ ജൂലൈ 5ന് റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പാപ്പ പറഞ്ഞത്.

കരാര്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും പരിമിതികള്‍ ഉണ്ടെങ്കിലും ഇതൊരു പ്രധാനപ്പെട്ട കരാര്‍ ആണെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ ‘വത്തിക്കാന്‍ ന്യൂസ്’നോട് പറഞ്ഞു. ഇത്തരം സങ്കീര്‍ണ്ണവും ബുദ്ധിമുട്ടേറിയതുമായ കാര്യങ്ങളുടെ ഫലപ്രാപ്തിയും, പുരോഗതിയും വിശകലനം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും മതിയായ സമയം ആവശ്യമുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കരാര്‍ നിലവില്‍ വന്നതിന് ശേഷവും ചൈനയിലെ ക്രൈസ്തവ വിരുദ്ധ മതപീഡനത്തില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ലെന്നും, നിരവധി ദേവാലയങ്ങളും, കുരിശുകളും തകര്‍ക്കപ്പെട്ടുവെന്നതും അടക്കം വലിയ വിമര്‍ശനമാണ് കരാറിനെതിരെ ഉയരുന്നത്. ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നും പത്തുകല്‍പ്പനകള്‍ മാറ്റി കമ്മ്യൂണിസ്റ്റ് ചെയര്‍മാന്‍ മാവോയും, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിന്നു. യു.എസ് കോണ്‍ഗ്രസിന്റെ എക്സിക്യുട്ടീവ്‌ കമ്മീഷന്‍ 2020-ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. ഷി ജിന്‍പിംഗ് മതങ്ങളെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കനുസൃതമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.


Related Articles »