News

പാപ്പ ബഹ്റൈനില്‍ എത്തുന്നതിന്റെ ആഹ്ലാദത്തിൽ രാജ്യത്തെ പ്രഥമ ദേവാലയത്തിന് ചുക്കാൻ പിടിച്ച സല്‍മാന്റെ കുടുംബവും

പ്രവാചകശബ്ദം 03-11-2022 - Thursday

മനാമ: ഫ്രാൻസിസ് മാർപാപ്പ അപ്പസ്തോലിക സന്ദർശനത്തിന് ഗൾഫ് രാജ്യമായ ബഹ്റൈനില്‍ എത്താൻ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ രാജ്യത്തെ പ്രഥമ ദേവാലയം പണിയുന്നതിന് ചുക്കാൻ പിടിച്ച നജ്ല ഉച്ചിയും കുടുംബവും വലിയ ആഹ്ളാദത്തില്‍. രാജാവ് ദാനമായി നൽകിയ സ്ഥലത്ത് പണികഴിപ്പിച്ച രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ദേവാലയമായ സേക്രഡ് ഹേർട്ട് ചർച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് നജ്ല ഉച്ചിയുടെ പിതാവായിരിന്ന കോൺട്രാക്ടര്‍ സൽമാനായിരുന്നു. 1939ലാണ് ദേവാലയം ആദ്യത്തെ മണിമുഴക്കിയത്.

പാപ്പയുടെ വരവിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും എല്ലാ ദിവസവും ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്ന് എഴുപത്തിയെട്ടു വയസ്സുള്ള നജ്ല ഉച്ചി പറയുന്നു. മാർപാപ്പയെ ബഹറിനിൽ കാണാൻ സാധിക്കും എന്ന് പലർക്കും സ്വപ്നം പോലും കാണാൻ സാധിക്കാത്ത കാര്യമായിരുന്നു. ആളുകളെല്ലാം വലിയ ആകാംക്ഷയിലാണ്. സേക്രഡ് ഹേർട്ട് ദേവാലയത്തിലെ ആളുകൾ എല്ലാം ഒരു കുടുംബം പോലെയാണെന്നും നജ്ല പറയുന്നു. നജ്ല ജനിച്ചത് ബഹ്റൈനിൽ ആയിരുന്നെങ്കിലും, പില്‍ക്കാലത്ത് സൽമാൻ ഇറാഖിൽ ജനിച്ച് ബഹ്റൈനിലേക്ക് കുടിയേറിയ ആളായിരുന്നു. പിന്നീട് അദ്ദേഹത്തിന് രാജ്യം പൗരത്വം നൽകി.

70% ഇസ്ലാം മത വിശ്വാസികൾ ഉള്ള രാജ്യമാണ് ബഹ്റൈൻ. എന്നാൽ വിദേശ ജോലിക്കാർ ഉൾപ്പെടെയുള്ള ഇതര മതസ്ഥർക്ക് പ്രാർത്ഥിക്കാനുള്ള അനുവാദം രാജ്യത്തുണ്ട്. രണ്ട് കത്തോലിക്ക ദേവാലയങ്ങളാണ് രാജ്യത്തുള്ളത്. കിഴക്കും-പടിഞ്ഞാറും തമ്മിലുള്ള സഹവർത്തിത്വം എന്ന വിഷയത്തിൽ നടക്കുന്ന ബഹ്റൈൻ ഫോറം ഫോർ ഡയലോഗ് അടക്കം നിരവധി പരിപാടികളിൽ ഈ നാലു ദിവസങ്ങളിലായി ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. പൊതു ജനങ്ങൾക്ക് പങ്കെടുക്കാവുന്ന ഒരു ദിവ്യബലിയും ഫ്രാൻസിസ് മാർപാപ്പ ബഹ്റൈനിൽ അർപ്പിക്കും. 2019ൽ ഫ്രാൻസിസ് മാർപാപ്പ യുഎഇ സന്ദർശിച്ചത് ലോകശ്രദ്ധ ആകർഷിച്ചിരുന്നു. ഇതിന് പിന്നാലെ മൂന്നു വര്‍ഷത്തിന് ശേഷം ഗള്‍ഫ് മേഖലയില്‍ നടക്കുന്ന സന്ദര്‍ശനത്തിനായി വലിയ ആകാക്ഷയോടെയാണ് വിശ്വാസി സമൂഹം കാത്തുനില്‍ക്കുന്നത്.

More Archives >>

Page 1 of 801