Youth Zone
“യേശുവിനൊപ്പം ഞങ്ങളും വിതുമ്പുന്നു”: ഭ്രൂണഹത്യ അനുകൂല അഭിപ്രായ വോട്ടെടുപ്പ് ഫലത്തില്‍ നിരാശ പ്രകടിപ്പിച്ച് യുഎസ് മെത്രാന്മാര്‍
പ്രവാചകശബ്ദം 12-11-2022 - Saturday
കാലിഫോര്‍ണിയ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അബോര്‍ഷന്‍ സംബന്ധിയായ അഭിപ്രായ വോട്ടെടുപ്പില്‍ ഭ്രൂണഹത്യ അനുകൂല നീക്കത്തിന് വിജയം ലഭിച്ചതില്‍ നിരാശയുമായി കത്തോലിക്ക മെത്രാന്മാര്‍. ദശലക്ഷ കണക്കിന് ജീവനുകള്‍ അപകടത്തിലാണെന്ന മുന്നറിയിപ്പു നല്‍കിയ മെത്രാന്മാരില്‍ ചിലര്‍ പ്രാര്‍ത്ഥനക്കും ഉപവാസത്തിനും ആഹ്വാനം ചെയ്തിട്ടുമുണ്ട്. മിഷിഗണിലെ സംസ്ഥാന ഭരണഘടനയില്‍ കൂടുതല്‍ ഭ്രൂണഹത്യ അനുകൂല വ്യവസ്ഥകള്‍ ചേര്‍ക്കുവാന്‍ നിര്‍ദ്ദേശിക്കുന്ന ‘പ്രൊപ്പോസല്‍ 3’യുമായി ബന്ധപ്പെട്ട് നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്ത 24 ലക്ഷത്തോളം വോട്ടര്‍മാരില്‍ 56.7% പേര്‍ പൈശാചികമായ ഭ്രൂണഹത്യയ്ക്കു അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
സംസ്ഥാന നിയമത്തില്‍ നിന്നും ഭ്രൂണഹത്യയെ നിരോധിച്ചുകൊണ്ടുള്ള നിയമത്തെ നീക്കം ചെയ്യുന്നതാണ് ഈ നിര്‍ദ്ദേശം. മിഷിഗണിനെ സംബന്ധിച്ചിടത്തോളം ഇതൊരു ദുരന്ത ദിനമാണെന്നു ഡെട്രോയിറ്റ് ആര്‍ച്ച് ബിഷപ്പ് അല്ലെന്‍ വിഗ്നെറോണ്‍ പ്രതികരിച്ചു. ജീവന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ നയങ്ങളേയും പിന്തുണക്കുന്നത് തങ്ങള്‍ തുടരും. നോമ്പിന്റെ ആദ്യ രണ്ട് ആഴ്ചകളില്‍ തന്നോടൊപ്പം പ്രാര്‍ത്ഥിക്കുവാനും ഉപവസിക്കുവാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനവും ചെയ്തു. ഇന്ന്‍ യേശു, മിഷിഗണിനേ നോക്കി വിതുമ്പുകയായിരിക്കുമെന്നാണ് സാഗിനോ മെത്രാന്‍ റോബര്‍ട്ട് ഗ്രസ്സിന്റെ പ്രതികരണം. ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ ജീവനെടുക്കുന്ന നിയമം സംസ്ഥാന ഭരണഘടനയില്‍ ചേര്‍ക്കുന്നതിനെ കുറിച്ചോര്‍ത്ത് യേശുവിനൊപ്പം തങ്ങളും വിതുമ്പുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാലിഫോര്‍ണിയയിലും ‘പ്രൊപ്പോസിഷന്‍ 1’ എന്ന അബോര്‍ഷന്‍ അനുകൂല ഭരണഘടന ഭേദഗതി വിജയത്തോടടുക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് വരെ ഏതാണ്ട് 65% വോട്ടര്‍മാര്‍ ഇതിനനുകൂലമായി വോട്ട് ചെയ്ത് കഴിഞ്ഞു. നമ്മുടെ ശ്രമങ്ങള്‍ക്കു ഒരു തിരിച്ചടിയാണിതെങ്കിലും നമുക്ക് അഭിമാനിക്കുവാന്‍ കഴിയുന്ന പല കാര്യങ്ങളുമുണ്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം കാലിഫോര്‍ണിയ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസ്താവിച്ചു. ദൈവം നമ്മുടെ പ്രവര്‍ത്തനങ്ങളെ കാണുകയും അംഗീകരിക്കുകയും ചെയ്യും. മെത്രാന്‍ സമിതി പറഞ്ഞതിനെ പിന്തുണച്ച സാന്‍ ഫ്രാന്‍സിസ്കൊ മെത്രാപ്പോലീത്ത സാല്‍വത്തോര്‍ കോര്‍ഡിലിയോണ്‍ വാക്കാലും പ്രവര്‍ത്തിയാലും പ്രൊപ്പോസിഷന്‍ 1-നെ എതിര്‍ത്ത എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു.
വെര്‍മോണ്ടില്‍ അബോര്‍ഷനെ അനുകൂലിക്കുന്ന ആര്‍ട്ടിക്കിള്‍ 22 പാസ്സായതില്‍ നിരാശ രേഖപ്പെടുത്തിക്കൊണ്ട് ബര്‍ലിംഗ്ടണ്‍ മെത്രാന്‍ ക്രിസ്റ്റഫര്‍ കൊയ്നേ രംഗത്ത് വന്നിട്ടുണ്ട്. വ്യാഴാഴ്ച വരെ 77% വോട്ടര്‍മാരാണ് ഇതിനെ അനുകൂലിച്ചിരിക്കുന്നത്. ഭ്രൂണഹത്യയെ അതിജീവിച്ച കുട്ടികള്‍ക്ക് സംസ്ഥാന പരിരക്ഷ നല്‍കുവാന്‍ നിര്‍ദ്ദേശിക്കുന്ന റെഫറണ്ടം 131 മൊണ്ടാനയിലെ വോട്ടര്‍മാര്‍ തിരസ്കരിച്ചതില്‍ മൊണ്ടാന കത്തോലിക്ക മെത്രാന്‍സമിതി ദുഃഖം രേഖപ്പെടുത്തി. കെന്റക്കിയിലെ ‘ഭേദഗതി 2’ തിരസ്കരിക്കപ്പെട്ടതില്‍ കെന്റക്കിയിലെ മെത്രാന്‍മാരും നിരാശ രേഖപ്പെടുത്തിയിട്ടുണ്ട്. 52.4% പേരാണ് ഇതിനെതിരായി വോട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ അന്ത്യമല്ലെന്നും മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. ഭ്രൂണഹത്യ അനുകൂല നീക്കങ്ങളുടെ വിജയത്തിന് പ്രസിഡന്‍റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി 500 മില്യണ്‍ ഡോളര്‍ ചിലവിട്ടിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.