News - 2025

ലോകകപ്പ്‌ തയ്യാറെടുപ്പുകള്‍ക്കിടെ മരണപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി കത്തോലിക്ക സംഘടന രംഗത്ത്

പ്രവാചകശബ്ദം 22-11-2022 - Tuesday

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മാമാമങ്കം ഖത്തറില്‍ നടക്കുന്നതിനിടെ മരണപ്പെട്ട നൂറുകണക്കിന് ഏഷ്യന്‍ കുടിയേറ്റ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര കത്തോലിക്കാ സംഘടന രംഗത്ത്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അടക്കം നിരവധി മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇടപെടല്‍ നടത്തുന്ന ഓഷ്യാനയിലെ റിഡംപ്റ്ററിസ്റ്റ് സമൂഹത്തിന്റെ പ്രാര്‍ത്ഥനാ സംഘടനയായ ‘ബ്രഡ് 4 ടുഡേ’യാണ് മരണപ്പെട്ട തൊഴിലാളികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളില്‍ '#PayUpFIFA' എന്ന ഹാഷ്ടാഗില്‍ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തങ്ങളുടെ യൂട്യൂബ് ചാനലില്‍ “വേള്‍ഡ് കപ്പ് പ്രെയര്‍” എന്ന പേരില്‍ ഒരു വീഡിയോയും ഇവര്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. കോടികണക്കിന് ഡോളറിന്റെ വരുമാനമുണ്ടാക്കിയിട്ടും കൊല്ലപ്പെട്ട തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ ഫിഫ വീഴ്ച വരുത്തിയെന്നാണ് കത്തോലിക്ക സന്നദ്ധ സംഘടന ഉയര്‍ത്തുന്ന ആരോപണം.

ഖത്തറിലെ കുടിയേറ്റ തൊഴിലാളികള്‍ നേരിട്ട തൊഴിലധിക്ഷേപത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് ‘ഹ്യൂമന്‍ റൈറ്റ്സ് വാച്ച്’ (എച്ച്ആര്‍ഡബ്ല്യു) എന്ന മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് പുറത്തുവിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രാര്‍ത്ഥന പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വേള്‍ഡ് കപ്പ്‌ തുടങ്ങുമ്പോള്‍ കുടിയേറ്റ തൊഴിലാളികളും, അവരുടെ കുടുംബങ്ങളും ടൂര്‍ണമെന്റ് കാരണമുണ്ടായ മനുഷ്യ ജീവന്റെ നഷ്ടത്തിന്റെ ഭയാനകമായ ഭാരം അനുഭവിക്കുകയാണെന്നു ഹ്യൂമന്‍ റൈറ്റ്സ് വാച്ചിനെറ്റ് മധ്യപൂര്‍വ്വേഷ്യ, നോര്‍ത്ത് ആഫ്രിക്ക ഡെപ്യൂട്ടി ഡയറക്ടര്‍ മൈക്കേല്‍ പേജ് പറഞ്ഞു. കുടിയേറ്റ തൊഴിലാളികള്‍ നേരിട്ട തൊഴില്‍ അധിക്ഷേപങ്ങളുടെ നിരവധി സംഭവങ്ങളും എച്ച്ആര്‍ഡബ്ല്യു ചൂണ്ടിക്കാട്ടുന്നുണ്ട്.

2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കൊല്ലപ്പെട്ട കുടിയേറ്റ തൊഴിലാളികളില്‍ 69%വും ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് സംഘടന പറയുന്നു. ഇത്തരം മരണങ്ങള്‍ സ്വാഭാവിക മരണങ്ങള്‍ ആക്കുവാനുള്ള ശ്രമങ്ങള്‍ വരെ ഉണ്ടായെന്ന് സംഘടന ആരോപിച്ചു. കൂലി നിഷേധവും, അധികമായി ചെയ്ത ജോലിക്ക് കൂലി ലഭിക്കാത്തതും, അന്യായമായ ശമ്പള ചുരുക്കലും, ശമ്പളം നല്കുന്നതിലുള്ള കാലതാമസം തുടങ്ങി നിരവധി അനീതികള്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നുണ്ടെന്ന്‍ ഉറപ്പ് വരുത്തുവാന്‍ ഖത്തര്‍ സര്‍ക്കാര്‍ വെജ് പ്രൊട്ടക്ഷന്‍ സിസ്റ്റം ആരംഭിച്ചുവെങ്കിലും അത് വെറുമൊരു നിരീക്ഷക സംവിധാനം മാത്രമായി ചുരുങ്ങിയെന്നും സംഘടന ആരോപിച്ചു.

ജീവനോടെ തിരിച്ചു വരുവാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് നേപ്പാളി തൊഴിലാളിയായ ബസന്ത സുനുവര്‍ പറയുന്നത്. ഫലപ്രദമായ താപ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഹൃദയസ്തംഭനം മൂലമുള്ള നിരവധി മരണങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും വിവിധ റിപ്പോര്‍ട്ടുകളുണ്ട്.

More Archives >>

Page 1 of 804