Faith And Reason - 2024
ക്രിസ്തുവില്‍ ആത്മീയ സാന്ത്വനം അനുഭവിക്കുന്നയാൾ പ്രതിസന്ധികളിൽ തളരില്ല: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 24-11-2022 - Thursday
വത്തിക്കാന്‍ സിറ്റി: സകല അവസ്ഥകളിലും ദൈവത്തിന്റെ സാന്നിദ്ധ്യം ദർശിക്കാൻ ഒരാളെ അനുവദിക്കുന്ന ആന്തരികാനന്ദത്തിൻറെ അഗാധമായ അനുഭവമാണ് ആത്മീയ സാന്ത്വനമെന്നും അത് അനുഭവിക്കുന്നയാൾ പ്രതിസന്ധികളിൽ തളരില്ലായെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച (23/11/22) വത്തിക്കാനിൽ പ്രതിവാര പൊതുദർശനത്തിന്റെ ഭാഗമായി വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. ''അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും; ഞാന്‍ കുലുങ്ങി വീഴുകയില്ല. ചരിഞ്ഞ മതിലും ആടുന്ന വേലിയും പോലുള്ള ഒരുവനെ തകര്‍ക്കാന്‍ നിങ്ങള്‍ എത്രനാള്‍ ഒരുമ്പെടും? അവിടുന്നു മാത്രമാണ് എന്റെ അഭയ ശിലയും കോട്ടയും എനിക്കു കുലുക്കം തട്ടുകയില്ല'' (സങ്കീര്‍ത്തനങ്ങള്‍ 62:2-6) എന്ന വചനം പാപ്പ പ്രത്യേകം ഉദ്ധരിച്ചു.
ആത്മീയ ആശ്വാസം വിശ്വാസത്തെയും പ്രത്യാശയെയും, അതുപോലെ തന്നെ നന്മ ചെയ്യാനുള്ള കഴിവിനെയും ശക്തിപ്പെടുത്തുന്നു. സാന്ത്വനം അനുഭവിക്കുന്ന വ്യക്തി പ്രയാസങ്ങൾക്ക് മുന്നിൽ തളരില്ല, കാരണം പരീക്ഷണത്തേക്കാൾ ശക്തമായ ഒരു സമാധാനമാണ് അവൻ അനുഭവിക്കുന്നത്. ആകയാൽ, ആത്മീയ ജീവിതത്തിനും മൊത്തത്തിലുള്ള ജീവിതത്തിനും ഇത് ഒരു മഹാദാനമാണ്. തൻറെ അമ്മ മോനിക്കയുമായി വിശുദ്ധ അഗസ്റ്റിൻ നിത്യജീവിതത്തിൻറെ സൗന്ദര്യത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഉണ്ടായ അദ്ദേഹത്തിൻറെ അനുഭവത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം; അല്ലെങ്കിൽ, സർവ്വോപരി, അസഹനീയമായ അവസ്ഥകളുമായി ബന്ധപ്പെട്ടു നിലക്കുന്ന, വിശുദ്ധ ഫ്രാൻസിസിൻറെ പരിപൂർണ്ണാനന്ദത്തെക്കുറിച്ച്, നമുക്ക് ചിന്തിക്കാം; മഹത്തായ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞ അനേകം വിശുദ്ധരെക്കുറിച്ച് നമുക്ക് ചിന്തിക്കാം.
അത് അവർ സ്വയം സമർത്ഥരും നല്ലവരുമായി കണക്കാക്കിയതുകൊണ്ടല്ല, മറിച്ച് ദൈവസ്നേഹത്തിൻറെ പ്രശാന്തമായ മാധുര്യത്താൽ കീഴടക്കപ്പെട്ടതുകൊണ്ടാണ്. നമ്മിൽ നല്ല വികാരങ്ങൾ ഉളവാക്കുന്നതാണ് യഥാർത്ഥ സമാധാനം. സർവ്വോപരി പ്രത്യാശയെ സംബന്ധിച്ചതാണ് സാന്ത്വനം. ആശ്വാസം അനുഭവിക്കുമ്പോഴും ഒരുവൻ വിവേചനബുദ്ധി ഉള്ളവനാകണം. എന്തുകൊണ്ടെന്നാൽ കർത്താവിനെ വിസ്മരിച്ചുകൊണ്ടു നാം വ്യാജമായ സാന്ത്വനത്തെ ഒരു ലക്ഷ്യമായി അന്വേഷിക്കുകയാണെങ്കിൽ അത് ഒരു അപകടമായി മാറും. നാം കർത്താവിനെ അന്വേഷിക്കണം, കർത്താവ് അവിടത്തെ സാന്നിധ്യത്താൽ നമ്മെ ആശ്വസിപ്പിക്കുന്നു, അത് നമ്മെ മുന്നേറാൻ പ്രാപ്തരാക്കുന്നുവെന്നും പാപ്പ പറഞ്ഞു.