News - 2025
ഘാന കര്‍ദ്ദിനാള്‍ റിച്ചാർഡ് കുയിയയുടെ അകാല വേര്‍പ്പാടില്‍ പാപ്പയുടെ അനുശോചനം
പ്രവാചകശബ്ദം 30-11-2022 - Wednesday
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ദിവസം റോമില്‍ അന്തരിച്ച ഘാനയിലെ വാ രൂപതയുടെ അധ്യക്ഷന്‍ കർദ്ദിനാൾ റിച്ചാർഡ് കുയിയ ബാവോബറിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. മൂന്നു മാസം മുന്‍പ് പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ വ്യക്തിയായിരിന്നു അദ്ദേഹം. കർദ്ദിനാളിന്റെ കുടുംബത്തിനും, ആഫ്രിക്കയിലെ മിഷ്ണറിമാർക്കും, വാ രൂപതയിലെ വൈദികരോടും, അൽമായരോടും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതായി പാപ്പ ടെലഗ്രാം സന്ദേശത്തില്‍ കുറിച്ചു.
കരുണാമയനായ പിതാവ് സൗമ്യനായ ദാസന് അവന്റെ അധ്വാനത്തിന്റെ പ്രതിഫലം നൽകാനും സ്വർഗ്ഗത്തിന്റെ പ്രകാശത്തിലേക്കും സമാധാനത്തിലേക്കും അവനെ സ്വാഗതം ചെയ്യാനും പ്രാർത്ഥിക്കുന്നതിൽ വിശ്വാസികളോടൊപ്പം പങ്കുചേരുകയാണെന്ന് പാപ്പയുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു. കര്‍ദ്ദിനാളിന്റെ വിശ്വസ്തമായ സുവിശേഷസാക്ഷ്യം ഘാനയിലെ സഭയ്ക്ക്, വിശിഷ്യ, ഏറ്റം ആവശ്യത്തിലിരിക്കുന്നവർക്ക് ഉദാരമായ സേവനത്താൽ മുദ്രിതമായിരുന്നുവെന്നും പാപ്പ കുറിച്ചു.
ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയതി (27/11/22) ഞായറാഴ്‌ച വൈകുന്നേരം റോമിലെ ജെമെല്ലി ആശുപത്രിയിൽവെച്ചാണ് കർദ്ദിനാൾ റിച്ചാർഡ് കുയിയ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. രണ്ടു മാസം ആശുപത്രിയിലായിരുന്ന അദ്ദേഹം ആശുപത്രിവിട്ടതിനു ശേഷം റോമിൽ, വൈറ്റ് ഫാദേഴ്സ് എന്ന സന്ന്യാസ സമൂഹത്തിൻറെ ഭവനത്തിൽ താമസിച്ചു വരികയായായിരുന്നു. ഞായറാഴ്‌ച വൈകീട്ട് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 63 വയസ്സായിരിന്നു.
കർദ്ദിനാൾ റിച്ചാർഡ് കുയിയയുടെ അകാല നിര്യാണത്തോടെ, കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 225 ആയി കുറഞ്ഞു. ഇവരിൽ 126 പേർക്ക് മാർപാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ പങ്കെടുക്കാന്‍ സമ്മതിദാനാവകാശം ഉണ്ട്. ശേഷിച്ച 99 പേർ, പ്രായ പരിധിയായ 80 വയസ്സു പൂർത്തിയായവരായതിനാൽ വോട്ടവകാശം ഇല്ലാത്തവരാണ്.