Faith And Reason - 2024

ഗ്വാഡലൂപ്പ തിരുനാള്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് 11 ദശലക്ഷം വിശ്വാസികള്‍ | വീഡിയോ

പ്രവാചകശബ്ദം 13-12-2022 - Tuesday

മെക്സിക്കോ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ രണ്ട് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മെക്സിക്കോയുടെ മധ്യസ്ഥ ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് ഏതാണ്ട് 11 ദശലക്ഷം (1.1 കോടി) വിശ്വാസികള്‍. സന്ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണം മെക്സിക്കോ സിറ്റി ഗവണ്‍മെന്റിന്റെ സെക്രട്ടറിയായ മാര്‍ട്ടി ബാട്രസ് ഇന്നലെ (ഡിസംബര്‍ 12) പങ്കുവെച്ച ട്വീറ്റിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഡിസംബര്‍ 11 ഞായറാഴ്ച രാത്രിവരെ മാത്രം 31 ലക്ഷത്തിലധികം വിശ്വാസികളാണ് ബസിലിക്കയിലെത്തിയത്. മെക്സിക്കന്‍ ഭാഷയിലുള്ള ലാസ് മാനാനിറ്റാസ് എന്ന ഗാനം ഒരുമിച്ച് പാടുവാനും, ഡിസംബര്‍ 12 അര്‍ദ്ധരാത്രിയിലെ വിശുദ്ധ കുര്‍ബാനയുമാണ്‌ തിരുനാളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ ഒന്നുചേര്‍ന്നത്.

കൊറോണ പകര്‍ച്ചവ്യാധി കാരണം കഴിഞ്ഞ വര്‍ഷം ഈ പരിപാടി നടന്നില്ല. ഇതിനായി വരുന്ന ആളുകള്‍ രാത്രി മുഴുവനും ദേവാലയത്തിന് ചുറ്റുമായി കഴിയുകയാണ് പതിവ്. തിരുനാള്‍ ദിവസമായ ഡിസംബര്‍ 12-ന് ഉച്ചക്ക് അര്‍പ്പിച്ച പരമ്പരാഗത ‘മാസ് ഓഫ് റോസസ്’ വിശുദ്ധ കുര്‍ബാനയിലും ലക്ഷകണക്കിന് വിശ്വാസികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. തിരുനാളിനോടനുബന്ധിച്ച് ബസലിക്കയിലെത്തുന്ന ലക്ഷകണക്കിന് വിശ്വാസികളുടെ സൗകര്യാര്‍ത്ഥം രണ്ടര ലക്ഷം പേര്‍ക്കുള്ള വെള്ളം, ഭക്ഷണം, വൈദ്യ സഹായം തുടങ്ങിയ നല്‍കുന്ന അഞ്ച് റൂട്ടുകളാണ് മെക്സിക്കോ സിറ്റി ഗവണ്‍മെന്റ് ഒരുക്കിയിരുന്നത്.

ലാറ്റിന്‍ അമേരിക്കന്‍ കത്തോലിക്കാ വിശ്വാസത്തിന്റെ ശക്തമായ പ്രതീകമാണ് ഗ്വാഡലൂപ്പയിലെ പരിശുദ്ധ കന്യകാമാതാവിന്റെ ബസിലിക്ക. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു.

ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.


Related Articles »