News - 2025

ക്രിസ്തുമസിനോട് അനുബന്ധിച്ച് തടവുപുള്ളികൾക്ക് മാപ്പ് കൊടുക്കാൻ ലോക നേതാക്കളോട് അഭ്യർത്ഥനയുമായി പാപ്പ

പ്രവാചകശബ്ദം 15-12-2022 - Thursday

വത്തിക്കാന്‍ സിറ്റി: ലോകരക്ഷകനായ യേശുവിന്റെ ജനനതിരുനാളിന് അനുബന്ധിച്ച് തടവുപ്പുള്ളികൾക്ക് മാപ്പ് കൊടുക്കാനുളള അഭ്യർത്ഥനയുമായി ഫ്രാൻസിസ് മാർപാപ്പ. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് വിവിധ രാജ്യങ്ങളുടെ തലവന്മാർക്ക് പാപ്പ കത്തയക്കും. യോഗ്യത ഉണ്ടായിട്ടും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവർക്ക് വേണ്ടിയാണ് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥന നടത്തുന്നതെന്നു വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. എന്നാൽ ആർക്കൊക്കെ ആയിരിക്കും പാപ്പ കത്ത് അയക്കുന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. 2013ൽ പത്രോസിന്റെ സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ജയിൽവാസികളോട് വലിയ കരുണയാണ് മാർപാപ്പ പ്രകടിപ്പിച്ചിട്ടുള്ളത്.

ഇതേ വർഷം പെസഹ വ്യാഴാഴ്ച, റോമിന്റെ അതിർത്തിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ചെറുപ്പക്കാരെ പാർപ്പിച്ചിരിക്കുന്ന ഒരു ജയിലിൽ എത്തി അവിടെയുള്ള 12 പേരുടെ പാദങ്ങൾ കഴുകി പാപ്പ തന്റെ നയം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട് വന്ന പെസഹാ വ്യാഴാഴ്ചകളിലും പാപ്പ വിവിധ ജയിലുകൾ സന്ദർശിച്ച് അവിടെയുള്ളവരുടെ പാദങ്ങൾ കഴുകി. 2016ലെ കരുണയുടെ ജൂബിലിയോട് അനുബന്ധിച്ച് നവംബർ 6 തീയതി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ജയിൽ പുള്ളികളോടും, അവരുടെ കുടുംബാംഗങ്ങളോടും ഒപ്പം ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു.

അന്ന് തടവുപുള്ളികൾക്ക് മാപ്പ് നൽകണമെന്ന് പാപ്പ, വിവിധ രാജ്യങ്ങളിലെ അധികൃതരോട് അഭ്യർത്ഥിച്ചതിന്റെ ഫലമായി 787 തടവുപുള്ളികളെയാണ് ക്യൂബ വെറുതെ വിട്ടത്. 2000-ലെ ജൂബിലി വർഷത്തോട് അനുബന്ധിച്ച് ജോൺപോൾ രണ്ടാമൻ മാർപാപ്പയും സമാനമായ ആഹ്വാനം നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാർത്ഥന നിയോഗം ലോകമെമ്പാടുമുള്ള വധശിക്ഷ നിർത്തലാക്കപ്പെടുന്നതിനായിട്ടായിരിന്നു. വധശിക്ഷ, ഇരകൾക്ക് നീതി നൽകുന്നില്ലായെന്നും പകരം പ്രതികാരത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും വധശിക്ഷ ധാർമ്മികമായി അസ്വീകാര്യമാണെന്നും പാപ്പ അന്ന് പറഞ്ഞിരിന്നു.

More Archives >>

Page 1 of 809