Life In Christ - 2024
'ദൈവത്തിന് മാത്രം മഹത്വം'; ലോകകപ്പ് ഫൈനല്‍ ഞായറാഴ്ച നടക്കാനിരിക്കെ ഒലിവിയർ ജിറൂഡിന്റെ സാക്ഷ്യം ശ്രദ്ധ നേടുന്നു
പ്രവാചകശബ്ദം 16-12-2022 - Friday
പാരീസ്: ഞായറാഴ്ച ഖത്തറിൽ ഫ്രാൻസും, അർജൻറീനയുമായി ഫിഫ ലോകകപ്പിന്റെ ഫൈനൽ നടക്കാനിരിക്കെ ഫ്രഞ്ച് താരം ഒലിവിയർ ജിറൂഡിന്റെ ക്രിസ്തീയ സാക്ഷ്യം നവമാധ്യമങ്ങളിലെ ക്രൈസ്തവ പേജുകളില്‍ ചര്‍ച്ചയാകുന്നു. ഒന്‍പതാം നമ്പർ ജേഴ്സിയിൽ കളിക്കുന്ന 36 വയസ്സുള്ള താരം തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാൻ മടിയില്ലാത്ത ആളാണ്. നവംബർ 22നു ഓസ്ട്രേലിയക്കെതിരെ വിജയം നേടിയതിനു ശേഷം തന്റെ ഇൻസ്റ്റഗ്രാം പേജിൽ ദൈവത്തിനു മാത്രം മഹത്വം എന്ന അർത്ഥമുള്ള സോളിഡിയോ ഗ്ലോറിയ എന്ന വാചകം ഫ്രഞ്ച് കളിക്കാരുടെ ചിത്രത്തിനൊപ്പം ഒലിവിയർ ജിറൂഡ് പോസ്റ്റ് ചെയ്തിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഫ്രാൻസ് ജയിച്ച ആ മത്സരത്തിൽ രണ്ടു ഗോളുകളാണ് ഒലിവിയർ നേടിയത്.
മത്സരങ്ങളില്‍ ഗോളടിച്ചതിനുശേഷം മുട്ടുകൾ കുത്തി കൈകൾ ആകാശത്തിലേക്ക് വിരിച്ച് ദൈവത്തിന് നന്ദി പറഞ്ഞതാണ് അദ്ദേഹം ആഘോഷം നടത്താറുള്ളത്. തന്റെ സ്വഭാവ, മാനസിക ശക്തി ക്രൈസ്തവിശ്വാസത്തിൽ നിന്നാണ് വരുന്നതെന്ന് നവംബർ 22നു ഒരു ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഒലിവിയർ ജിറൂഡ് പറഞ്ഞിരുന്നു. എസി മിലാൻ താരമായ ഒലിവിയറിന്റെ വലതു കൈയിൽ വിശുദ്ധ ഗ്രന്ഥത്തിലെ സങ്കീർത്തന പുസ്തകത്തിലെ 'കര്‍ത്താവാണ് എന്റെ ഇടയൻ, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല' എന്ന വചനം ലാറ്റിൻ ഭാഷയിൽ കുറിച്ചതും മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്.