Arts

ക്രിസ്തുമസിന്റെ ആവേശം വാനോളം ഉയര്‍ത്തി റോമിലെ 'സഞ്ചരിക്കുന്ന പുല്‍ക്കൂടി'ന്റെ യാത്ര

പ്രവാചകശബ്ദം 20-12-2022 - Tuesday

റോം, ഇറ്റലി: റോമിന്റെ തെരുവുകളില്‍ ക്രിസ്തുമസിന്റെ ആവേശം വാനോളം ഉയര്‍ത്തിയ സഞ്ചരിക്കുന്ന ജീവനുള്ള പുല്‍ക്കൂട്‌ കാഴ്ചക്കാര്‍ക്ക് കൗതുകമായി. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ജീവനുള്ള പുല്‍ക്കൂട് റോമിന്റെ തെരുവുകളെ കീഴടക്കിയത്. യേശു ക്രിസ്തുവിന്റെ കാലഘട്ടത്തിലേതു പോലെ വേഷവിധാനങ്ങള്‍ അണിഞ്ഞുകൊണ്ട് നടത്തിയ പുല്‍ക്കൂട് പ്രദിക്ഷണം ജീവിക്കുന്ന, ചലിക്കുന്ന പുനരാവിഷ്കാരമായി മാറുകയായിരിന്നു. സെന്റ്‌ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ നിന്നും ആരംഭിച്ച പുല്‍ക്കൂട് പ്രദിക്ഷണം വിയാ മെരുലാന വഴി പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തിലുള്ള സെന്റ്‌ മേരി മേജര്‍ ബസിലിക്കയുടെ പ്രവേശന കവാടത്തിനു സമീപം ഒരുക്കിയിരുന്ന കാലിത്തൊഴുത്തിന് മുന്നിലാണ് അവസാനിച്ചത്.

പ്രദിക്ഷണത്തിന് ശേഷം ക്രിസ്തുമസ് നൊവേനയും, വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. റോമിന്റെ വികാരിയായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡൊണാറ്റിസ് വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മറിയത്തിന്റേയും യൗസേപ്പിതാവിന്റേയും വേഷം ധരിച്ചവര്‍ നടക്കുന്നതിനിടയില്‍ ബെത്ലഹേമില്‍ തലചായ്ക്കുവാനായി ഇടം തേടുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ പ്രദിക്ഷണത്തെ ജീവസ്സുറ്റതാക്കി. ചിലര്‍ കുടുംബത്തോടെയാണ് ക്രിസ്തുവിന്റെ ജനനകാലത്തെ റോമിലെ കരകൗശല വിദഗ്ദരുടെയും, പടയാളികളുടെയും മറ്റും വേഷം ധരിച്ചെത്തിയത്. ഇറ്റലിയിലും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള ചില നടീ-നടന്‍മാരും പ്രദിക്ഷണത്തില്‍ പങ്കെടുത്തു.

വിശുദ്ധ നാടായ ബെത്ലഹേമില്‍ യേശു ജനിച്ച സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം യഥാര്‍ത്ഥ തിരുപ്പിറവിയുടെ അനുഭവം പുനര്‍നിര്‍മ്മിക്കണമെന്ന ശക്തമായ ആഗ്രഹം വിശുദ്ധ ഫ്രാന്‍സിസ്‌ അസീസ്സിയില്‍ ഉണ്ടായതോടെയാണ് പുല്‍ക്കൂടിന്റെ ചരിത്രം ആരംഭിക്കുന്നത്. 1221-ലാണ് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ മനസ്സില്‍ ഈ ആശയം ഉദിക്കുന്നത്. ദേവാലയത്തിനകത്ത് വെറും രൂപങ്ങള്‍ കൊണ്ട് മാത്രം പുല്‍ക്കൂട് ഒരുക്കുവാനല്ല അദ്ദേഹം ആഗ്രഹിച്ചത്. മറിച്ച് കുന്നിന്‍ചെരുവിലെ ചെറിയ തോട്ടത്തില്‍ മൃഗങ്ങള്‍ അടക്കം ഉള്ളവയെ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള തിരുപ്പിറവി ദൃശ്യമായിരുന്നു അദ്ദേഹം പദ്ധതിയിട്ടത്‌. പുല്‍കൂടിന് പിന്നിലുള്ള തുടര്‍ ചരിത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »