News - 2025
ക്രിസ്തുമസ് വാരത്തിലും മാറ്റമില്ല: ഒരാഴ്ചക്കുള്ളില്‍ നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത് 3 വൈദികരെ
പ്രവാചകശബ്ദം 26-12-2022 - Monday
അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രിസ്തുമസ് വാരമായ ഈ ഒരാഴ്ചക്കുള്ളില്‍ തട്ടിക്കൊണ്ടുപോയത് 3 കത്തോലിക്ക വൈദികരെ. കിഴക്കന്‍ നൈജീരിയയിലെ ഒടുക്പൊ രൂപതയിലെ സാന്താ മരിയ ഡെ ഒക്പോഗ ആശുപത്രിയിലെ ചാപ്ലൈനായ ഫാ. മാര്‍ക്ക് ഒജോടുവാണ് അവസാനമായി തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികന്‍. ഡിസംബര്‍ 22-ന് ബെന്യു സംസ്ഥാനത്തിലെ ഒക്പോഗ-ഒജാപോ ഹൈവേയില്‍വെച്ചാണ് ഇദ്ദേഹം തട്ടിക്കൊണ്ടുപോകലിനു ഇരയായതെന്നു ഒടുക്പൊ രൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഒടുക്പോ മെത്രാന്‍ മോണ്‍. മൈക്കേല്‍ എകോവി അപോച്ചി വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ഫാ. മാര്‍ക്ക് ഒജോടു തട്ടിക്കൊണ്ടുപോകപ്പെടുന്നതിനു രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് കടുണ സംസ്ഥാനത്തിലെ സാന്‍ അന്റോണിയോ ഡെ കഫാന്‍ചാന്‍ ഇടവക വികാരിയായ ഫാ. സില്‍വസ്റ്റര്‍ ഒകെചുക്വുവിനെ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്.
ഡിസംബര്‍ 20-ന് അര്‍ദ്ധരാത്രിയില്‍ ഇടവക ദേവാലയത്തിലെ റെക്ടറിയില്‍ നിന്നുമാണ് ഫാ. ഒകെചുക്വുവിനെ തട്ടിക്കൊണ്ടു പോയതെന്നു ‘ഏജന്‍സിയ ഫിദെസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാ. ഒകെചുക്വുവിന്റെ സുരക്ഷിതമായ മോചനത്തിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് രൂപത അറിയിച്ചിട്ടുണ്ട്. അബിയ സംസ്ഥാനത്തിലെ ഉമുവാഹിയ രൂപതയിലെ ഫാ. ക്രിസ്റ്റഫര്‍ ഒഗിഡെയാണ് ഈ ആഴ്ച തട്ടിക്കൊണ്ടു പോകലിന് ഇരയായ ആദ്യ വൈദികന്‍. ഡിസംബര്‍ 17-ന് സാന്റാ മരിയ അസുന്ത ഇടവക ദേവാലയത്തില്‍ നിന്നും തോട്ടടുത്തുള്ള ഗ്യാസ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. ഫാ. ഒഗിഡെയുടെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഉമുവാഹിയ രൂപതാധ്യക്ഷന്‍ മോണ്‍. മൈക്കേല്‍ കാലു ഉക്പോങ്ങ് വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
നൈജീരിയയില്‍ വൈദികര്‍ തട്ടിക്കൊണ്ടുപോകപ്പെടുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. മോചനദ്രവ്യം ആവശ്യപ്പെട്ട് പണം സമ്പാദിക്കുകയാണ് അക്രമികളുടെ പ്രഥമ ലക്ഷ്യം. തട്ടിക്കൊണ്ടുപോകപ്പെടുന്ന വൈദീകരില്‍ പലരും കൊല്ലപ്പെടുകയാണ് പതിവ്. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2019 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ബൊക്കോഹറാം എന്ന ഇസ്ലാമിക തീവ്രവാദി സംഘടനയുടേയും ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളുടേയും തുടര്‍ച്ചയായ ആക്രമണങ്ങളും നൈജീരിയന്‍ ക്രൈസ്തവരുടെ ജീവിതം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ഭരണത്തില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പ്രസിഡന്റ് രാജിവെക്കണമെന്ന ആവശ്യം ശക്തമാണ്. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്ക് ബുഹാരി ഗവണ്‍മെന്റ് മൗനാനുവാദം നല്‍കുന്നുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.