News - 2025

മനുഷ്യാവകാശ ലംഘനത്തിന്റെ ഇര കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

പ്രവാചകശബ്ദം 09-01-2023 - Monday

റോം/ഹോങ്കോങ്ങ്: ദിവംഗതനായ മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ അന്ത്യ ശുശ്രൂഷകളില്‍ പങ്കെടുക്കുവാനെത്തിയ മനുഷ്യാവകാശ ലംഘനത്തിന്റെ ഇരയും മുന്‍ ഹോങ്കോങ് മെത്രാനുമായ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ഫ്രാന്‍സിസ് പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. ജനുവരി 6ന് ഉച്ചക്ക് വത്തിക്കാനിലെ സാന്താ മാര്‍ത്താ അതിഥിമന്ദിരത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. 2019-ല്‍ ഹോങ്കോങ്ങില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരുടെ നിയമപോരാട്ടങ്ങളില്‍ സഹായിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ച മാനുഷിക സഹായ നിധി പോലീസില്‍ രജിസ്റ്റര്‍ ചെയ്തില്ല എന്ന കുറ്റത്തിന് രാഷ്ട്ര സുരക്ഷ നിയമത്തിന്റെ കീഴില്‍ അറസ്റ്റിലായ തൊണ്ണൂറു വയസ്സുള്ള കര്‍ദ്ദിനാള്‍ സെന്‍ ഇപ്പോഴും വിചാരണ നേരിടുകയാണ്.

സെന്നിന്റെ പാസ്പോര്‍ട്ട്‌ അധികാരികള്‍ പിടിച്ചുവെച്ചിരിന്നെങ്കിലും ബെനഡിക്ട് പാപ്പയുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ റോമില്‍ പോകുവാന്‍ അദ്ദേഹത്തിന് പ്രാദേശിക കോടതി അനുവാദം നല്‍കിയതിനെ തുടര്‍ന്നാണ്‌ കര്‍ദ്ദിനാള്‍ വത്തിക്കാനിലെത്തിയത്. ചുവന്ന ശുശ്രൂഷാ വസ്ത്രം ധരിച്ചിരുന്ന കര്‍ദ്ദിനാള്‍ സെന്‍ തന്റെ പ്രായാധിക്യം പോലും വകവെക്കാതെ വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള ശുശ്രൂഷകളില്‍ സജീവമായി പങ്കെടുത്തു. ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ അന്ന് തന്നെ കര്‍ദ്ദിനാള്‍ ബെനഡിക്ട് പതിനാറാമനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയില്‍ എത്തി ബെനഡിക്ട് പതിനാറാമന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു.



“ഞങ്ങളുടെ പ്രിയപ്പെട്ട ബെനഡിക്ട് പതിനാറാമന്‍ പാപ്പയേ, സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന തുടരണമേ” എന്നാണ് ജനുവരി 7-ന് കര്‍ദ്ദിനാള്‍ സെന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കബറടക്കത്തിന്റെ അന്ന് രാവിലെ ബെനഡിക്ട് പതിനാറാമന്റെ ഭൗതീക ശരീരം അടക്കം ചെയ്തിരുന്ന പെട്ടിയെ ആശ്ലേഷിക്കുന്നതിന്റെയും, മൈക്കേല്‍ ആഞ്ചെലോയുടെ വിശ്വപ്രസിദ്ധമായ പിയത്തായുടെ മുന്നില്‍ വെച്ച് ഫ്രാന്‍സിസ് പാപ്പയെ അഭിവാദ്യം ചെയ്യുന്നതിന്റെയും ഫോട്ടോകള്‍ അദ്ദേഹം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മെത്രാന്‍മാരുടെ നിയമനം സംബന്ധിച്ച് 2018-ല്‍ വത്തിക്കാനും ചൈനയും തമ്മില്‍ ഉണ്ടാക്കിയ കരാറിനെ നിശിതമായി വിമര്‍ശിച്ച വ്യക്തിയാണ് കര്‍ദ്ദിനാള്‍ സെന്‍. 5 ദിവസത്തെ യാത്രാനുമതി ലഭിച്ച അദ്ദേഹം ജനുവരി 7-നു ഹോങ്കോങ്ങിലേക്ക് മടങ്ങി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tag: Cardinal Zen meets Pope Francis, prays at Benedict XVI’s tomb, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.

More Archives >>

Page 1 of 815