News

വത്തിക്കാന്‍ എംബസിയിലെത്തി ബെനഡിക്ട് പാപ്പയ്ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുഎസ് പ്രസിഡന്റ്

പ്രവാചകശബ്ദം 07-01-2023 - Saturday

ബോസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വാഷിംഗ്ടണ്‍ ഡി.സിയിലെ വത്തിക്കാന്‍ അപ്പസ്തോലിക കാര്യാലയം സന്ദര്‍ശിച്ച് വിടവാങ്ങിയ മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എംബസിയിലെത്തിയ പ്രസിഡന്റ് അവിടെ സൂക്ഷിച്ച അനുശോചന പുസ്തകത്തില്‍ അനുശോചന സന്ദേശം രേഖപ്പെടുത്തി. “എമിരിറ്റസ് പോപ്‌ ബെനഡിക്ട് പതിനാറാമന്റെ വേര്‍പാടില്‍ അമേരിക്കയിലെ മുഴുവന്‍ കത്തോലിക്കരുടെയും ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു” എന്നാണ് ബൈഡന്‍ അനുശോചന പുസ്തകത്തില്‍ ആമുഖമായി രേഖപ്പെടുത്തിയത്.

“അദ്ദേഹം ഒരു മികച്ച പണ്ഡിതനും, യഥാര്‍ത്ഥ വിശുദ്ധനുമായിരുന്നു. അദ്ദേഹം മാര്‍പാപ്പയായിരുന്ന കാലത്ത് വത്തിക്കാനില്‍വെച്ച് ദൈവശാസ്ത്രത്തേക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് ഒരുമിച്ചുണ്ടായിരുന്ന സമയം ഇപ്പോഴും വിലമതിക്കുന്നു. മഹാനായ ദൈവശാസ്ത്ര പണ്ഡിതനായിരുന്ന അദ്ദേഹത്തില്‍ നിന്നും കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുവാന്‍ എനിക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ ആത്മാവ് കര്‍ത്താവില്‍ വിശ്രമിക്കട്ടെ” ബൈഡന്‍ കുറിച്ചു. ജനുവരി 5-ന് വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍വെച്ച് നടന്ന മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ മൃതസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ബൈഡന് കഴിഞ്ഞിരുന്നില്ല.

ഇറ്റലിയേയും, ജര്‍മ്മനിയേയും മാത്രമാണ് ബെനഡിക്ട് പാപ്പയുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ വത്തിക്കാന്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നുള്ളു. ഇക്കാരണത്താല്‍ ഈ രണ്ടു രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധികള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. എങ്കിലും നിരവധി രാഷ്ട്രത്തലവന്‍മാര്‍ വ്യക്തിപരമായ രീതിയില്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. പോളണ്ട് പ്രസിഡന്റ് ആന്ധ്രസേജ് ഡൂഡ, ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍, ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി പെട്ര്‍ ഫിയാല, സ്ലോവേനിയന്‍ പ്രസിഡന്റ് നടാസ പിര്‍ക്ക് മുസാര്‍, സ്പെയിന്‍ രാജ്ഞി സോഫിയ, ബെല്‍ജിയം രാജാവ് ഫിലിപ്പും രാജ്ഞി മെത്തില്‍ഡ തുടങ്ങിയവരാണ് വ്യക്തിപരമായ നിലയില്‍ പരിപാടിയില്‍ പങ്കെടുത്ത രാഷ്ട്രത്തലവന്മാര്‍.

Tag: Biden visits Vatican embassy to pay respects to Benedict XVI, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

More Archives >>

Page 1 of 815