News

ബന്ധിയാക്കപ്പെട്ട ക്രൈസ്തവരില്‍ നിരവധി പേര്‍ ഇപ്പോഴും മോചിതരായിട്ടില്ല: നൈജീരിയന്‍ വൈദികന്റെ വെളിപ്പെടുത്തല്‍

പ്രവാചകശബ്ദം 12-01-2023 - Thursday

കടുണ: വടക്കന്‍ നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ ആങ്വാന്‍ അകു ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ ബന്ധിയാക്കപ്പെട്ടവരില്‍ നിരവധി പേര്‍ ഇപ്പോഴും ബന്ധനത്തില്‍ തന്നെയാണെന്ന് കത്തോലിക്ക വൈദികന്റെ വെളിപ്പെടുത്തല്‍. സി.എന്‍.എയുടെ ആഫ്രിക്കന്‍ വിഭാഗമായ എ.സി.ഐ ആഫ്രിക്കക്ക് ഇക്കഴിഞ്ഞ ജനുവരി 10-ന് നല്‍കിയ അഭിമുഖത്തിലാണ് ഫാ. ജസ്റ്റിന്‍ ജോണ്‍ ഡൈകുക് ഇക്കാര്യം സൂചിപ്പിച്ചത്. 2022-ലെ ക്രിസ്തുമസ് ദിനത്തില്‍ ആങ്വാന്‍ അകു ഗ്രാമത്തില്‍ ഫുലാനികളും, മറ്റ് ഇസ്ലാമിക തീവ്രവാദികളും നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 53 പേര്‍ ബന്ധിയാക്കപ്പെടുകയും ചെയ്തിരുന്നു.

ബന്ധികളില്‍ പലര്‍ക്കും രക്ഷപ്പെടുവാന്‍ കഴിഞ്ഞെങ്കിലും ഡസന്‍ കണക്കിന് ക്രൈസ്തവര്‍ ഇപ്പോഴും മോചിപ്പിക്കപ്പെട്ടിട്ടില്ലെന്ന്‍ ഫാ. ജസ്റ്റിന്‍ ഡൈകുക് പറയുന്നു. ക്രിസ്തുമസ് ദിനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കടുണ സംസ്ഥാനത്തിലെ മല്ലാഗും, കഗോരോ ഗ്രാമങ്ങളിലും ആക്രമണങ്ങള്‍ നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മല്ലാഗുമില്‍ നടന്ന ആക്രമണത്തില്‍ 40 പേരും, ഡിസംബര്‍ 23-ന് കഗോരോയില്‍ നടന്ന ആക്രമണത്തില്‍ മൂന്ന്‍ പേരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും, 102 ഭവനങ്ങള്‍ക്ക് പുറമേ, വിളവെടുത്ത് വെച്ചിരുന്ന ധാന്യങ്ങളും അഗ്നിക്കിരയായായതായും, നിരവധി പേര്‍ ഭവനരഹിതരാവുകയും ചെയ്തതായി ദൃക്സാക്ഷികള്‍ തന്നോടു പറഞ്ഞതായി ഫാ. ഡൈകുക് വെളിപ്പെടുത്തി.

തീവ്രവാദികളുടെ കൈയില്‍ സങ്കീര്‍ണ്ണമായ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്ന്‍ പറഞ്ഞ അദ്ദേഹം, നൈജീരിയയില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുവാനുള്ള ചില കാരണങ്ങളും ചൂണ്ടിക്കാട്ടി. 2023-ല്‍ നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്രൈസ്തവരെ സാമ്പത്തികമായി ദുര്‍ബ്ബലപ്പെടുത്തുകയും, ഭയപ്പെടുത്തുകയും ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പില്‍ നിന്നും അകറ്റുവാനുള്ള തന്ത്രമാണിതെന്നും, രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയില്ലായ്മയും, സുരക്ഷാ സേനക്ക് മുകളില്‍ നിന്നുള്ള ഉത്തരവ് ലഭിക്കാത്തതുമാണ് അക്രമികള്‍ക്ക് പ്രോത്സാഹനമേകുന്ന മറ്റ് കാരണങ്ങളെന്നും അദ്ദേഹം പറയുന്നു.

“ ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കുചോദിക്കും. ഓരോരുത്തനോടും സഹോദരന്റെ ജീവനു ഞാന്‍ കണക്കു ചോദിക്കും.മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം മനുഷ്യന്‍തന്നെ ചൊരിയും; കാരണം, എന്റെ ഛായയിലാണു ഞാന്‍ മനുഷ്യനെ സൃഷ്ടിച്ചത്” (ഉല്‍പ്പത്തി 9:5-6) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് ഉണര്‍ന്നിരിക്കുവാനും, വിശ്വാസത്തിനെതിരെ അനീതി പ്രവര്‍ത്തിക്കുന്നവരെ തടയുവാനും സമയമായെന്ന് ആഹ്വാനം ചെയ്ത ഫാ. ഡൈകുക് നിയമത്തെ അനുസരിച്ചുകൊണ്ട് വേണം പ്രതിരോധ നടപടികള്‍ കൈകൊള്ളുവാനെന്നും ഓര്‍മ്മിപ്പിച്ചു. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2009-ല്‍ ബൊക്കോഹറാം രൂപം കൊണ്ടതിനു ശേഷമാണ് രാജ്യത്ത് അരക്ഷിതാവസ്ഥ രൂക്ഷമായത്. ഇതിനിടെ മുസ്ലീം ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയായിരിന്നു.


Related Articles »