News - 2024

ഫാ. ജോണ്‍ പനന്തോട്ടത്തില്‍ സി‌എം‌ഐ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍

പ്രവാചകശബ്ദം 14-01-2023 - Saturday

കൊച്ചി: ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ പുതിയ മെത്രാനായി ഫാ. ജോണ്‍ പനന്തോട്ടത്തില്‍ സി‌എം‌ഐയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിലവില്‍ രൂപതയുടെ അദ്ധ്യക്ഷനായ മാര്‍ ബോസ്കോ പുത്തൂര്‍ 75 വയസ്സു തികഞ്ഞതിനെ തുടര്‍ന്നാണ് പരിശുദ്ധ സിംഹാസനം ഫാ. ജോണ്‍ പനന്തോട്ടത്തില്‍ സി‌എം‌ഐയെ മെത്രാനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു. പൗരോഹിത്യം സ്വീകരിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ഫാ. ജോണ്‍ പനന്തോട്ടത്തില്‍ മെത്രാനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

1966 മെയ് 31ന് തലശ്ശേരി അതിരൂപതയിലെ പേരാവൂർ ഇടവകയിൽ പരേതരായ ജോസഫിന്റെയും ത്രേസ്യായുടെയും മകനായി ജോൺ പനന്തോട്ടത്തിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സി എം ഐ സമൂഹത്തിന്റെ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിൽ ചേർന്നു. മേരിക്കുന്ന് സെന്റ് തോമസ് നോവിഷ്യേറ്റ് ഹൗസിലാണ് നോവിഷ്യേറ്റ് പൂർത്തിയാക്കിയത്. ബെംഗളുരു ധർമാരാം കോളേജിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും അഭ്യസിച്ചു. 1997 ഡിസംബർ 28നായിരുന്നു പൗരോഹിത്യസ്വീകരണം. താമരശ്ശേരി രൂപതയിൽ കൂടരഞ്ഞി ഇടവകയിലെ സഹവികാരിയായിട്ടായിരുന്നു ആദ്യ നിയമനം. തുടർന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദവും എംഎഡും കരസ്ഥമാക്കി.

സിഎംഐ സമൂഹത്തിന്റെ കോഴിക്കോട് പ്രോവിൻസിന്റെ പ്രോവിൻഷ്യാൾ സുപ്പീരിയറായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം വിദേശരാജ്യങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലെ നാഷ്വിൽ ലത്തീൻ രൂപതയിലെ സേവനത്തിനു ശേഷം ഓസ്ട്രേലിയയിൽ ബ്രിസ്ബൻ അതിരൂപതയിലെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിലും റീജെന്റ്സ് പാർക്കിലെ സെന്റ് ബെർനഡൈൻ പള്ളിയിലും സഹവികാരിയായി സേവനം ചെയ്തു. തുടർന്ന് ആസ് ലിയിലെ ഔർ ലേഡി ആൻഡ് സെന്റ് ഡിംപ്നാ പള്ളിയിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.

2020ൽ കേരളത്തിലേക്ക് മടങ്ങിയ ഫാ. ജോൺ മാനന്തവാടി രൂപതയിൽ നിരവിൽ പുഴയിലെ സെന്റ് ഏലിയാസ് ആശ്രമത്തിന്റെ പ്രിയോറായും സെന്റ് ഏലിയാസ് പള്ളിയുടെ വികാരിയായും സേവനം ചെയ്തുവരുന്നതിനോടൊപ്പം മക്കിയാടുള്ള സെന്റ് ബെനഡിക്റ്റൻ ആശ്രമത്തിൽ ഇംഗ്ലീഷ് അദ്ധ്യാപനവും നിർവ്വഹിച്ചു വരികയായിരിന്നു.

സീറോമലബാർ സഭാംഗങ്ങളുടെ അജപാലനശുശ്രൂഷയ്ക്കായി 2013ലാണ് മെൽബൺ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. 2021ൽ മെൽബൺ രൂപതയുടെ അതിർത്തി ന്യൂസിലണ്ടിലേക്കും മറ്റു ഓഷ്യാനിയൻ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയുണ്ടായി. രൂപതയുടെ ആദ്യമെത്രാനായിരിന്നു മാർ ബോസ്കോ പുത്തൂർ.

Tag: Pope Francis names new Bishop of Melbourne Syro Malabar Diocese, Bishop elect John Pananthottathil, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം .

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 816