News

ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ കത്തോലിക്ക മെത്രാനും ഡീക്കനും ക്രൂര മര്‍ദ്ദനത്തിന് ഇരയായി

പ്രവാചകശബ്ദം 05-12-2024 - Thursday

എല്‍-ഒബെയ്ദ്: വടക്ക് - കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ സായുധ സേനയും (എസ്.എ.എഫ്) അര്‍ദ്ധസൈനീക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍.എസ്.എഫ്) സൈനീക അട്ടിമറിക്ക് ശേഷം അധികാരം പങ്കിടുന്നതിനെ ചൊല്ലിയുള്ള ആഭ്യന്തരയുദ്ധം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതിനിടയില്‍ കത്തോലിക്കാ മെത്രാന് ക്രൂരപീഡനം. എല്‍-ഒബെയ്ദ് രൂപതാധ്യക്ഷനായ ബിഷപ്പ് യുനാന്‍ ടോംബെ ട്രില്ലെ കുക്കു അന്‍ഡാലിയാണ് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന്റെ ക്രൂരമായ പീഡനത്തിനിരയായത്. ജോസഫ് എന്ന ഒരു ഡീക്കനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തനിക്ക് നേരിടേണ്ടി വന്ന കൊടിയ പീഡനത്തേക്കുറിച്ച് ബിഷപ്പ് ടോംബെ തെക്കന്‍ സുഡാനിലെ ടോംബുരാ യാംബിയോ രൂപതാധ്യക്ഷനായ ബിഷപ്പ് എഡ്വാര്‍ഡ് ഹിബോരോ കുസാലയെ അറിയിക്കുകയായിരിന്നു

ഇക്കാര്യം ബിഷപ്പ് ഹിബോരോ 'എസിഐ ആഫ്രിക്ക' എന്ന മാധ്യമത്തോട് വെളിപ്പെടുത്തിയതോടെയാണ് വിഷയം ചര്‍ച്ചയായത്. ആര്‍.എസ്.എഫ് മര്‍ദ്ദിക്കുന്നതിന് മുന്‍പ് സുഡാനി സൈന്യം (എസ്.എ.എഫ്) മെത്രാനെ അപമാനിക്കുകയും കൈയിലുള്ള പണം പിടിച്ചുവാങ്ങുകയും ചെയ്തിരുന്നു. മെത്രാന്റെ കഴുത്തിലും, നെറ്റിയിലും, തലയിലും നിരവധി പ്രാവശ്യം മര്‍ദ്ദിച്ചുവെന്നാണ് എ.സി.ഐ ആഫ്രിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിഷപ്പ് ടോംബെയ്ക്കു മാരകമായ മുറിവേറ്റിട്ടുണ്ടെന്നും താടിയെല്ലുകള്‍ക്ക് പരിക്കേറ്റിട്ടുള്ളതിനാല്‍ ഭക്ഷണം കഴിക്കുവാന്‍ പോലും കഴിയുന്നില്ലെന്നും ബിഷപ്പ് ടോംബെ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മെത്രാനും ഡീക്കനും യാത്രചെയ്യുന്നതിനിടെ സുഡാനീസ് ആംഡ് ഫോഴ്സിന്റെ (എസ്.എ.എഫ്) കയ്യിലാണ് ആദ്യം ചെന്നുപെടുന്നത്. അവര്‍ അദ്ദേഹത്തെ അപമാനിക്കുകയും അനുവദനീയമല്ലാത്ത പണം കയ്യില്‍വെച്ചു എന്ന വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ട് കയ്യിലുണ്ടായിരുന്ന അമേരിക്കന്‍ ഡോളര്‍ പിടിച്ചുവാങ്ങുകയും ചെയ്തു. സൈന്യത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടയിലാണ് ഇരുവരും ആര്‍.എസ്.എഫിന്റെ കയ്യില്‍ അകപ്പെടുന്നത്. അവര്‍ മെത്രാനെയും ഡീക്കനേയും ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കി ഉപേക്ഷിക്കുകയായിരുന്നു.

ഇതാദ്യമായല്ല അറുപതുകാരനായ മെത്രാന്‍ ആക്രമിക്കപ്പെടുന്നത്. ആഭ്യന്തരകലഹം തുടങ്ങി 5 ദിവസങ്ങള്‍ക്ക് ശേഷം മേരി ക്വീന്‍ ഓഫ് ആഫ്രിക്ക കത്തീഡ്രലില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ നിന്നും ബിഷപ്പ് ടോംബെയും വൈദികരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ആ സമയത്ത് അവര്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. സുഡാനിലെ ആഭ്യന്തരയുദ്ധത്തിന്റെ അവസാനത്തിനായി ശബ്ദമുയര്‍ത്തുന്നവരില്‍ ഒരാളാണ് ബിഷപ്പ് ടോംബെ. യുദ്ധത്തില്‍ ഇതുവരെ ഏതാണ്ട് 61,202 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ്‌ ട്രോപ്പിക്കല്‍ മെഡിസിന്‍ സുഡാന്‍ റിസര്‍ച്ച് ഗ്രൂപ്പും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. സമാധാനം പുനസ്ഥാപിക്കുവാന്‍ വേണ്ട ചര്‍ച്ചകള്‍ക്കായുള്ള യാതൊരു പ്രതീക്ഷയും ഇല്ലെന്നും, നേതാക്കള്‍ക്ക് സമാധാനം ആഗ്രഹിക്കുന്നില്ലെന്നും കഴിഞ്ഞ വര്‍ഷം ബിഷപ്പ് ടോംബെ വെളിപ്പെടുത്തിയിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »