News
സുഡാനി ജനത ഇല ഭക്ഷിച്ച് ജീവിക്കുന്നു; സഹായവും മാധ്യമ ശ്രദ്ധയും വേണമെന്ന് കത്തോലിക്ക സന്നദ്ധ സംഘടന
പ്രവാചകശബ്ദം 01-09-2025 - Monday
ഡാർഫർ: ലോകത്തിലെ ഏറ്റവും മോശമായ പ്രതിസന്ധിയാണ് ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ വടക്കൻ ഡാർഫർ മേഖലയിൽ നിലനില്‍ക്കുന്നതെന്നും നിരാശരായ ആളുകളിലേക്ക് സഹായം എത്തിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ കാത്തലിക് ഏജൻസി ഫോർ ഓവർസീസ് ഡെവലപ്‌മെന്റിന്റെ (CAFOD) സുഡാൻ പ്രതിനിധി ടെല്ലി സാദിയ. സന്നദ്ധ സഹായ ഏജൻസികൾ എല്ലാം നഷ്ട്ടപ്പെട്ട ആളുകളിലേക്ക് എത്തിച്ചേരാൻ പാടുപെടുകയാണെന്നും അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ആഗോള മാധ്യമങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ടെല്ലി ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യങ്ങളിലൊന്നാണിത്, നിർഭാഗ്യവശാൽ, ഇതിന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്ന് വലിയ ശ്രദ്ധ ലഭിച്ചിട്ടില്ല. എന്റെ സന്ദേശം മാധ്യമങ്ങൾക്കാണ്: സുഡാന് ഒരു ശബ്ദം ആവശ്യമാണ്. ഈ രാജ്യത്ത് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകം മൊത്തം അറിയുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു. റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും സുഡാനീസ് സായുധ സേനയും തമ്മില്‍ നടന്നുക്കൊണ്ടിരിക്കുന്ന രണ്ട് വർഷത്തെ കനത്ത പോരാട്ടം കാരണം അനേകര്‍ക്ക് ജീവന്‍ നഷ്ട്ടമായി.
പോരാട്ടം ഇപ്പോഴും തുടരുന്ന സ്ഥലങ്ങളിൽ സ്ഥിതി പരിതാപകരമാണ്. അനേകര്‍ക്ക് ജീവൻ നഷ്ടപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങൾ പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടു. ആളുകൾക്ക് ഭക്ഷണമില്ല. കോർഡോഫാനിലുള്ള ആളുകൾ ഭക്ഷണമില്ലാതായപ്പോള്‍ ഇലകൾ പറിച്ച് തിന്നുന്നതായാണ് കേട്ടത്. ഡാർഫറിലും സ്ഥിതി സമാനമാണ്. ഞാൻ കുറേ വർഷങ്ങളായി സുഡാനിലുണ്ട്, തെരുവുകളിൽ യാചിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ ഞാൻ മുന്‍പ് ഒരിക്കലും കണ്ടിട്ടില്ല. അവർക്ക് വേണ്ടത് എന്തെങ്കിലും കഴിക്കുക എന്നതാണ്. വിശപ്പിന്റെ പ്രശ്നം ശരിക്കും ഗുരുതരമാണെന്നും ടെല്ലി സാദിയ ചൂണ്ടിക്കാട്ടി.
വടക്ക്-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സര്‍ക്കാര്‍ സൈന്യവും, അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍.എസ്.എഫ്) തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്ന്‍ രാജ്യത്ത് അവശേഷിക്കുന്ന ക്രിസ്ത്യാനികളുടെ കാര്യം ദയനീയമാണെന്നും, അവരുടെ ജീവന്‍ അപകടത്തിലാണെന്നും സഭാനേതൃത്വം നേരത്തെ തന്നെ മാധ്യമങ്ങളെ അറിയിച്ചിരിന്നു. എന്നാല്‍ വേണ്ടത്ര പ്രാധാന്യം വിഷയത്തിന് ലഭിച്ചിട്ടില്ലായെന്നതാണ് യഥാര്‍ത്ഥ വസ്തുത. സുഡാനിലെ ന്യൂനപക്ഷ സമൂഹമാണ് ക്രൈസ്തവര്‍.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
