India - 2024
ദളിത് ക്രൈസ്തവർക്കും മുസ്ലിംകൾക്കും കൂടി പട്ടികജാതി പദവി നൽകുന്നതു പരിഗണനയിലെന്ന് കേന്ദ്രസർക്കാർ
പ്രവാചകശബ്ദം 08-02-2023 - Wednesday
ന്യൂഡൽഹി: ദളിത് ക്രൈസ്തവർക്കും മുസ്ലിംകൾക്കും കൂടി പട്ടികജാതി പദവി നൽകുന്നതു പരിഗണനയിലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ. ക്രൈസ്തവ, മുസ്ലിം ദളിതർക്കും പട്ടികജാതി പദവി അനുസരിച്ചുള്ള സാധ്യതകൾ പരിശോധിക്കാൻ സർക്കാർ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നു കേന്ദ്ര സാമൂഹികനീതി ശക്തീകരണ മന്ത്രി ഡോ. വീരേന്ദ്രകുമാർ ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്ടോബറിൽ നിയമിച്ച കമ്മീഷൻ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കമ്മീഷന്റെ പ്രവർത്തനത്തിനാവശ്യമായ എല്ലാ സെക്രട്ടേറിയറ്റ് സഹായവും നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
എന്നാൽ, ജസ്റ്റീസ് രംഗനാഥ് മിശ്ര കമ്മീഷന്റെ 2007ലെ റിപ്പോർട്ട് അംഗീകരിക്കാതെ പുതിയ കമ്മീഷനായി മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനെ നിയ മിച്ചതായി ലോക്സഭയിലെ സർക്കാരിന്റെ മറുപടിയിലില്ല. ദളിത് ക്രൈസ്തവർക്കും മുസ്ലിംകൾക്കും പട്ടികജാതി പദവി നൽകി വിദ്യാഭ്യാസ, തൊഴിൽ സംവരണ ആനുകൂല്യങ്ങൾ നൽകണമെന്ന ജസ്റ്റീസ് രംഗനാഥ മിശ്ര കമ്മീ ഷൻ റിപ്പോർട്ടിനെ സുപ്രീംകോടതിയിൽ കഴിഞ്ഞ മാസവും കേന്ദ്രസർക്കാർ എതിർത്തിരുന്നു. ചില ആന്തരികവും സൂക്ഷ്മവുമായ പ്രശ്നങ്ങൾ ശ്രദ്ധിക്കുന്നതിൽ രംഗനാഥ മിശ്ര കമ്മീഷൻ പരാജയപ്പെട്ടുവെന്നാണ് കേന്ദ്രം കോടതിയിൽ പറഞ്ഞത്.