News

നിക്കരാഗ്വേയിലെ ഭരണകൂട ക്രൂരത തുടര്‍ക്കഥ: 3 കത്തോലിക്ക വൈദികര്‍ക്കും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും 10 വര്‍ഷം തടവുശിക്ഷ

പ്രവാചകശബ്ദം 08-02-2023 - Wednesday

മനാഗ്വേ: മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വേയിലെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക വിരുദ്ധത തുടരുന്നു. മതഗല്‍പ്പ രൂപതയില്‍പ്പെട്ട മൂന്ന്‍ കത്തോലിക്കാ വൈദികര്‍ക്ക് 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. വൈദികര്‍ക്ക് പുറമേ ഒരു ഡീക്കനും, രണ്ട് സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും, കത്തോലിക്ക ടെലിവിഷന്‍ ചാനലിന്റെ ക്യാമറാമാനായ ഒരു അത്മായനും 10 വര്‍ഷം വീതം തടവിനു വിധിച്ചിട്ടുണ്ട്. ദേശീയ അഖണ്ഡതയേ ബാധിക്കുന്ന ഗൂഡാലോചന നടത്തി എന്ന കുറ്റത്തിന് 5 വര്‍ഷവും, വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന ആരോപണ മറവിൽ 5 വര്‍ഷവും ചേര്‍ത്ത് മൊത്തം 10 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇതിനുപുറമേ, 800 ദിവസത്തെ പിഴയും വിധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 6-ന് സെക്കന്‍ഡ് ക്രിമിനല്‍ ട്രയല്‍ ജില്ലാ കോടതി ജഡ്ജി നാദിയ ടാര്‍ഡെന്‍സിന്റേതാണ് വിധി.

ജുവാന്‍ പാബ്ലോ II സര്‍വ്വകലാശാലയുടെ റെക്ടറായ ഫാ. റാമിറോ റെയ്നാള്‍ഡോ ടിജേരിനോ ഷാവേസ് (50), മതഗല്‍പ്പ കത്തീഡ്രലിന്റെ മുന്‍ വികാരിയായിരുന്ന ഫാ. സാദിയേല്‍ അന്റോണിയോ യൂഗാരിയോസ് കാനോ (35), മതഗല്‍പ്പ കത്തീഡ്രലിന്റെ വികാരിയായ ജോസ് ലൂയിസ് ഡയസ് ക്രൂസ് എന്നീ വൈദികര്‍ക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. റാവൂള്‍ അന്റോണിയോ വെഗാ ഗോണ്‍സാലസ് (27) എന്ന ഡീക്കനും, ഡാര്‍വിന്‍ എസ്റ്റെലിന്‍ ലെയിവാ മാന്‍ഡോസ (19), മെല്‍ക്കിന്‍ അന്റോണിയോ സെന്റെനോ സെക്വീര എന്നീ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും, സെര്‍ജിയോ ജോസ് കാര്‍ഡെനാസ് ഫ്ലോറസ് എന്ന 32 കാരനായ അത്മായനുമാണ് വൈദികര്‍ക്ക് പുറമേ തടങ്കലിലാക്കപ്പെട്ടിരിക്കുന്നവര്‍. മറ്റൊരു വൈദികനായ ഫാ. ഓസ്കാര്‍ ബെനാവിദെസിന് ഇക്കഴിഞ്ഞ ഫെബ്രുവരി 4-ന് 10 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു.

2007-ല്‍ അധികാരത്തിലേറിയ നിക്കാരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും, പത്നി റൊസാരിയോ മുറില്ലയും (ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്) കത്തോലിക്ക സമൂഹത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത് . 2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന്‍ 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. കള്ളത്തരത്തിലൂടെയും, എതിരാളികളെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ട് 2021-ല്‍ ഒര്‍ട്ടേഗ വീണ്ടും അധികാരത്തിലേറുകയായിരിന്നു.

ഏകാധിപത്യ ഭരണത്തിന്‍ കീഴില്‍ നട്ടം തിരിയുന്ന നിക്കരാഗ്വേയിലെ കത്തോലിക്കാ സഭ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നേരിട്ടത് നാനൂറോളം അതിക്രമങ്ങളാണെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ വര്‍ഷം ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിക്കരാഗ്വേയിലെ അപ്പസ്തോലിക പ്രതിനിധിയായ വാള്‍ഡെമര്‍ സ്റ്റാനിസ്ലോ മെത്രാനെ രാജ്യത്ത് നിന്നും പുറത്താക്കിയതിനു പുറമേ, മതഗല്‍പ്പ ബിഷപ്പ് റൊളാണ്ടോ ആല്‍വാരെസിനെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. മെത്രാന്റെ വിചാരണ അടുത്തു തന്നെ ഉണ്ടാവും. നിരവധി കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനികളെ നാടുകടത്തുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ വധഭീഷണിയെ തുടര്‍ന്ന്‍ മനാഗ്വേയിലെ മുന്‍ സഹായ മെത്രാനായിരുന്ന സില്‍വിയോ ബയെസ് അമേരിക്കയില്‍ പ്രവാസിയായി തുടരുകയാണ്.

Tag: ‘The Chosen’ beat ‘Avatar’ , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 820