News - 2024

ഇസ്ലാം മതം സ്വീകരിച്ച് വിവാഹം ചെയ്യാനുള്ള ക്ഷണം നിരസിച്ചു; പാകിസ്ഥാനിൽ ക്രൈസ്തവ യുവതിക്ക് നേരെ ആസിഡ് ആക്രമണം

പ്രവാചകശബ്ദം 10-02-2023 - Friday

ലാഹോര്‍: ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു വിവാഹം ചെയ്യാനുള്ള ക്ഷണം നിരസിച്ചതിന്റെ പേരിൽ പത്തൊന്‍പതു വയസ്സുള്ള ക്രൈസ്തവ യുവതിക്ക് നേരെ പാക്കിസ്ഥാനിൽ ആസിഡ് ആക്രമണം. സുനിതാ മാസിഹ് എന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് കറാച്ചിയിലെ മാസും ഷാ കോളനിയിൽ സഹോദരിക്ക് ഒപ്പമാണ് സുനിതാ മാസിഹ് താമസിച്ചിരുന്നത്. സംഭവം നടന്ന ദിവസം പുലർച്ചെ കാന്റ് സ്റ്റേഷനിൽ ബസ്സിൽ കയറിയ ഉടൻ കമ്പ്രാൻ അളള എന്ന ഇസ്ലാം മതസ്ഥനായ അയൽക്കാരൻ സുനിതയുടെ ശരീരത്തിൽ ആസിഡ് ഒഴിക്കുകയായിരുന്നു.

19 വയസ്സ് മാത്രമുള്ള പെൺകുട്ടിയുടെ ജീവിതം മാനസികമായും, ശാരീരികമായും കമ്പ്രാൻ നശിപ്പിച്ചുവെന്ന് സുനിതയുടെ അമ്മാവനായ ജോൺ മാസിഹ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ പേരിൽ ശിക്ഷിച്ചാൽ പോലും, സുനിതയ്ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്കുമോയെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. കമ്പ്രാൻ നടത്തിയ ആസിഡ് ആക്രമണത്തിൽ ശരീരത്തിന്റെ 20% ഭാഗങ്ങളിൽ സുനിതയ്ക്കു പൊള്ളലേറ്റു. ആസിഡ് വീണ ഉടനെ തന്നെ കണ്ണുകളും, കൈകളും, കാലുകളും, മുഖവും എരിയാൻ തുടങ്ങിയെന്ന് ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് പോലീസുകാരോട് അവൾ വിവരിച്ചു. അസഹനീയമായ വേദന മൂലം റോഡിൽ തന്നെ വീണുപോയി. മതം മാറി തന്നെ വിവാഹം ചെയ്യാൻ ഏറെ നാളായി കമ്പ്രാൻ നിർബന്ധിച്ച് വരികയായിരുന്നുവെന്ന് അവൾ പറഞ്ഞു.

എന്നാൽ ഇതിന് വിസമ്മതിച്ച സുനിത തന്റെ സഹോദരങ്ങളെ വിവരങ്ങളെല്ലാം ധരിപ്പിക്കുമായിരുന്നു. കമ്പ്രാന്റെ മാതാപിതാക്കളെ കണ്ട് സഹോദരങ്ങൾ പരാതി പറയുമായിരുന്നെങ്കിലും അയാളുടെ ശല്യം അവസാനിച്ചിരുന്നില്ല. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ഒരു ശ്രമം നടത്തിയെങ്കിലും പോലീസുകാർ വിഷയത്തിൽ ഫലപ്രദമായി അന്വേഷണം നടത്തിയില്ല. ഏറ്റവും ഒടുവിൽ സുനിതയുടെ സഹോദരി ഭർത്താവ് കമ്പ്രാനെ മർദ്ദിച്ച സംഭവം പോലും ഉണ്ടായി. ആസിഡ് ആക്രമണം നടത്തിയ കമ്പ്രാനെ കസ്റ്റഡിയിൽ എടുത്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികൾ പാക്കിസ്ഥാനിൽ അക്രമങ്ങൾക്ക് ഇരയാകുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.

More Archives >>

Page 1 of 820