News - 2024
'ഗൂഢാലോചന' ചുമത്തി നിക്കരാഗ്വേയില്‍ നിന്നു നാടുകടത്തിയവരില്‍ വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും
പ്രവാചകശബ്ദം 11-02-2023 - Saturday
മനാഗ്വേ: 'ഗൂഢാലോചന' ആരോപിച്ച് രാഷ്ട്രീയ കാരണങ്ങളാൽ നാടുകടത്തിയവരില്‍ വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും. മനാഗ്വേയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് രാഷ്ട്രീയ കാരണങ്ങളാൽ 222 തടവുകാരെ നിക്കരാഗ്വേൻ നീതിന്യായ വ്യവസ്ഥയാണ് നാടുകടത്തിയത്. അതിൽ 'ഗൂഢാലോചന' കുറ്റം ആരോപിച്ച് അഞ്ച് വൈദികരും ഒരു ഡീക്കനും, രണ്ട് സെമിനാരി വിദ്യാര്‍ത്ഥികളും ഉൾപ്പെടുന്നു. സ്വാതന്ത്ര്യം ദുർബലപ്പെടുത്തൽ, പരമാധികാരം, ജനങ്ങളുടെ സ്വയം നിർണ്ണയാവകാശം, അക്രമം, തീവ്രവാദം, സാമ്പത്തിക അസ്ഥിരത എന്നിവയെ പ്രേരിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്തുവെന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് നാടുകടത്തൽ വിധി.
നാടുകടത്തപ്പെട്ടവരെ 'മാതൃരാജ്യത്തെ രാജ്യദ്രോഹി'കളെന്ന വിശേഷണം നല്‍കിയ അധികൃതര്‍ അവരുടെ പൗരത്വ അവകാശങ്ങൾ ശാശ്വതമായി സസ്പെൻഡ് ചെയ്യുകയായിരിന്നുവെന്നു അധികൃതര്‍ പറയുന്നു. 2007-ല്‍ അധികാരത്തിലേറിയ നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും, പത്നി റൊസാരിയോ മുറില്ലയും (ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്) കത്തോലിക്ക സമൂഹത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇവര്‍ നടത്തുന്ന സ്വേച്ഛാധിപത്യത്തിനെതിരെയും സാമൂഹ്യ സുരക്ഷ സംവിധാനങ്ങളിലെ അഴിച്ചുപണിയിലും രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിന്നു.
പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടപ്പോള്‍ കത്തോലിക്ക സഭ ജനങ്ങള്‍ക്കു വേണ്ടി ശക്തമായി രംഗത്തിറങ്ങി. ഇത് ഭരണകൂടത്തെ കൂടുതല്‍ ചൊടിപ്പിക്കുകയായിരിന്നു. ഇതിന് പിന്നാലെയാണ് മെത്രാന്‍മാരേയും വൈദികരെയും തടങ്കലിലാക്കുന്ന പ്രവണത ആരംഭിച്ചത്. മതഗൽപ്പ രൂപത മെത്രാനും എസ്തലി രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്ററുമായ മോൺ. റോളാൻഡോ അൽവാരസിനെ ഭരണകൂടത്തിന്റെ സ്വാധീനത്തിലുള്ള കോടതി 26 വർഷവും, നാല് മാസവും ജയിൽ ശിക്ഷയ്ക്കു വിധിച്ചതു കഴിഞ്ഞ ദിവസമാണ്.