News - 2024

26 വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട മെത്രാനും രാജ്യത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 13-02-2023 - Monday

വത്തിക്കാന്‍ സിറ്റി: നിക്കരാഗ്വേയിലെ സ്വേച്ഛാധിപതി ഡാനിയൽ ഒർട്ടേഗയെ വിമര്‍ശിച്ചതിന്റെ പേരില്‍ 26 വര്‍ഷത്തെ തടവിന് വിധിച്ച ബിഷപ്പ് റൊളാൻഡോ അൽവാരെസിനു വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. നിക്കരാഗ്വേയിൽ നിന്നുള്ള വാർത്ത തന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്നും തന്നെ ആഴത്തിൽ ശ്രദ്ധിക്കുന്ന മതഗൽപ്പയിലെ ബിഷപ്പ് റൊളാൻഡോ അൽവാരസിനെ ആശങ്കയോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ലായെന്നും ഇന്നലെ ഫെബ്രുവരി 12-ന് പാപ്പ പറഞ്ഞു. അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ട 222 നിക്കരാഗ്വൻ തടവുകാർക്കും ആ പ്രിയപ്പെട്ട രാഷ്ട്രത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിയും താൻ പ്രാർത്ഥിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ ത്രികാല പ്രാര്‍ത്ഥനയോടൊപ്പമുള്ള പ്രസംഗത്തിന്റെ സമാപന ഭാഗത്ത് കൂട്ടിച്ചേര്‍ത്തു.

സത്യം, നീതി, സ്വാതന്ത്ര്യം, സ്നേഹം എന്നിവയിൽ നിന്ന് പിറവിയെടുക്കുന്ന സമാധാനത്തിനായുള്ള ആത്മാർത്ഥമായ അന്വേഷണത്തിനായി രാഷ്ട്രീയ നേതാക്കൻമാരുടെയും എല്ലാ പൗരന്മാരുടെയും ഹൃദയങ്ങൾ തുറക്കാൻ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിലൂടെ തങ്ങൾ കർത്താവിനോട് അപേക്ഷിക്കുകയാണെന്നും ക്ഷമയോടെ സംഭാഷണം നടത്തണമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. സമാനതകളില്ലാത്ത കിരാത ഭരണം നടത്തുന്ന ഒർട്ടെഗ ഗവൺമെന്റ് സമീപ വർഷങ്ങളിൽ ബിഷപ്പിനെയും നിരവധി വൈദികരെയും നിരവധി കത്തോലിക്കാ നേതാക്കളെയും തടങ്കലിൽ വയ്ക്കുകയും തടവിലിടുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കത്തോലിക്കാ റേഡിയോ, ടെലിവിഷൻ സ്റ്റേഷനുകൾ അടച്ചുപൂട്ടിയും ആലംബഹീനരായ അനേകര്‍ക്ക് താങ്ങായി നിലക്കൊണ്ട മിഷ്ണറീസ് ഓഫ് ചാരിറ്റി ഉൾപ്പെടെയുള്ള സന്യാസ സമൂഹങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കിയും കുപ്രസിദ്ധി നേടിയവരാണ് നിലവിലെ നിക്കരാഗ്വേ ഭരണകൂടം. ഭരണകൂടത്തിന്റെ കിരാത നടപടികളില്‍ കത്തോലിക്ക സഭ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതാണ് അധികാരികളെ ചൊടിപ്പിക്കുന്നത്.

More Archives >>

Page 1 of 821