Youth Zone - 2024
‘‘എല്ലാ മഹത്വവും ദൈവത്തിന്’’: ഉത്തരീയം ധരിച്ച് കാന്‍സാസ് സിറ്റി വിജയശില്‍പ്പി ഹാരിസന്‍ ബട്കറിന്റെ വിശ്വാസ സാക്ഷ്യം
പ്രവാചകശബ്ദം 14-02-2023 - Tuesday
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ ഫുട്ബോള്‍ നാഷ്ണല്‍ ലീഗിലെ 2022 സീസണ്‍ ചാമ്പ്യന്‍മാരെ കണ്ടെത്തുവാന്‍ നടത്തിയ സൂപ്പര്‍ ബൗള്‍ എല്‍ VII ല്‍ ഫിലാഡെല്‍ഫിയ ഈഗിള്‍സുമായുള്ള മത്സരത്തിലെ വിജയശില്‍പ്പി ഹാരിസന്‍ ബട്കറിന്റെ വിശ്വാസ സാക്ഷ്യം മാധ്യമശ്രദ്ധ നേടുന്നു. ടീമിനെ വിജയത്തിലേക്ക് നയിച്ചത് ഉത്തരീയം ധരിച്ചുകൊണ്ട് കളിക്കുവാനിറങ്ങിയ ഹാരിസണ്‍ ബട്കര്‍ നേടിയ ഫീല്‍ഡ് ഗോളാണ്. ദൈവമാണ് തന്റെ ഈ നേട്ടത്തിന്റെ കാരണമെന്നു ബട്കര്‍ പിന്നീട് പറഞ്ഞു. സ്കോര്‍ 35-35-ല്‍ നില്‍ക്കുമ്പോള്‍ മത്സരം അവസാനിക്കുവാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഇരുപത്തിയേഴുകാരനായ ബട്കര്‍ നടത്തിയ മികച്ച കിക്കാണ് കാന്‍സാസ് സിറ്റി ചീഫ്സിനു വിജയം സമ്മാനിച്ചത്.
താരം ഉത്തരീയം വഹിച്ചുക്കൊണ്ട് പ്രകടനം നടത്തുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. (സഭയിൽ പ്രചുരപ്രചാരത്തിലുള്ള ഒരു ഭക്താനുഷ്ഠാനമാണ് ഉത്തരീയ ഭക്തി. പ്രധാനപ്പെട്ട കൂദാശാനുകരണമാണ് തവിട്ടു നിറത്തിലുള്ള ഉത്തരീയം. പതിമൂന്നാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് കർമ്മലീത്താ സന്യാസിയായ വിശുദ്ധ സൈമൺ സ്റ്റോക്കുമായി ബന്ധപ്പെട്ടാണു ഉത്തരീയ ഭക്തിയുടെ ആരംഭം. ഉത്തരീയത്തെ കുറിച്ചുള്ള വിശദമായ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിരവധി തവണ സമൂഹമാധ്യമങ്ങളിലൂടെ തന്റെ കത്തോലിക്ക വിശ്വാസം പരസ്യമാക്കിയ താരമാണ് ബട്കര്‍. 2022-ല്‍ കത്തോലിക്കാ ന്യൂസ് ഏജന്‍സി നല്‍കിയ അഭിമുഖത്തില്‍ കത്തോലിക്ക വിശ്വാസത്തോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം തുറന്നു പ്രകടിപ്പിച്ചിരിന്നു. “ഉത്തരങ്ങള്‍ തേടുന്ന നിരവധി യുവാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ സന്തോഷമാണ് തേടുന്നത്. എന്നെ സംബന്ധിച്ചിടത്തോളം, കത്തോലിക്കാ വിശ്വാസത്തിലാണ് ഞാന്‍ സന്തോഷം കണ്ടെത്തിയത്” - ബട്കര്‍ അന്ന് പറഞ്ഞ വാക്കുകളാണിത്.
ബട്കറിനു പുറമേ, ക്വാര്‍ട്ടര്‍ബാക്കായ പാട്രിക് മാഹോമെസും തന്റെ കത്തോലിക്ക വിശ്വാസം പരസ്യമാക്കിയിട്ടുള്ളതാണ്. ഞായറാഴ്ച നടന്ന സൂപ്പര്‍ ബൗള്‍ മത്സരത്തിനു മുന്നോടിയായി നടന്ന്‍ വാര്‍ത്താസമ്മേളനത്തില്‍വെച്ചാണ് അദ്ദേഹം തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമാക്കിയത്. “ഈ നിലയിലെത്തിയ ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് എനിക്കറിയാം..ഞാന്‍ എങ്ങനെ ഇവിടെ എത്തിയെന്നും എനിക്കറിയാം. ഫുട്ബോള്‍ മത്സരങ്ങള്‍ ജയിക്കുന്നതില്‍ മാത്രം കാര്യമില്ല. ദൈവത്തെ മഹത്വപ്പെടുത്തുന്നതിലാണ് കാര്യം” എന്നാണ് മാഹോമെസ് കഴിഞ്ഞ ദിവസം പറഞ്ഞത്.