News

നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം നാടുകടത്തിയ വൈദികരെ സ്വീകരിക്കുമെന്ന് അമേരിക്കയിലെ മയാമി അതിരൂപത

പ്രവാചകശബ്ദം 16-02-2023 - Thursday

മയാമി: നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടേയും, പത്നിയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുരില്ലോയുടേയും നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം രാജ്യത്തു നിന്നും അകാരണമായി പുറത്താക്കിയ കത്തോലിക്ക വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളെയും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് അമേരിക്കയിലെ മയാമി അതിരൂപത. ആര്‍ച്ച് ബിഷപ്പ് തോമസ്‌ വെന്‍സ്കിയാണ് ഇക്കാര്യം പറഞ്ഞത്. അവര്‍ക്ക് തുടക്കത്തില്‍ അമേരിക്കയില്‍ താമസിക്കുന്ന നിക്കാരാഗ്വേന്‍ കുടുംബങ്ങളോട് ഒപ്പമോ അല്ലെങ്കില്‍ മയാമിയിലെ സെന്റ്‌ ജോണ്‍ വിയാന്നി കോളേജ് സെമിനാരിയിലോ സ്ഥിരതാമസമാക്കാമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. കുടിയേറ്റത്തിനു വേണ്ട അനുമതി പത്രങ്ങള്‍ ശരിയാകുന്നത് വരെ അവര്‍ക്ക് ഇംഗ്ലീഷ് ക്ലാസ്സുകള്‍ ചേരാമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.

സ്പാനിഷ് ഭാഷയാണ് നിക്കരാഗ്വേയില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. എല്ലാവരും അതിരൂപതയില്‍ തങ്ങണമെന്നാണ് തന്റെ ആഗ്രഹമെങ്കിലും, സ്പാനിഷ് സംസാരിക്കുന്ന വൈദികരെ തങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന് ചില മെത്രാന്മാര്‍ തന്നോടു പറഞ്ഞിട്ടുണ്ടെന്നും ഇവരെ സഹായിക്കുന്നതില്‍ അവര്‍ക്ക് സന്തോഷമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. വഞ്ചനാക്കുറ്റം ചുമത്തി പൗരാവകാശങ്ങള്‍ റദ്ദാക്കി നിക്കാരാഗ്വേ പ്രസിഡന്റ് നാടുകടത്തിയ വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും ഇക്കഴിഞ്ഞ ഫെബ്രുവരി 9-നാണ് വാഷിംഗ്‌ടണ്‍ ഡി.സിയിലെത്തിയത്. ഒര്‍ട്ടേഗ ഭരണകൂടം അന്യായമായി നാടുകടത്തിയ 222 രാഷ്ട്രീയ തടവുകാരില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍.

അമേരിക്കയിലെത്തിയ വൈദികര്‍ മേരിലാന്‍ഡിലെ ഹയാറ്റ്സ്വില്ലെയില്‍ സെന്റ്‌ മാര്‍ക്ക് ഇവാഞ്ചലിസ്റ്റ് ഇടവക ദേവാലയത്തില്‍ ഫാ. റെയ്നാള്‍ഡോ ടിജേരിനോയുടെ നേതൃത്വത്തില്‍ കൃതജ്ഞത ബലിയര്‍പ്പണം നടത്തുകയാണ് ആദ്യം ചെയ്തത്. വിശുദ്ധ കുര്‍ബാനക്കിടെ നിക്കരാഗ്വേയിലെ കുടുംബങ്ങള്‍ക്കും, 26 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരസിനും വേണ്ടി പ്രാര്‍ത്ഥന നടത്തി. ഫാ. ഓസ്കാര്‍ ബെനാവിദെസ്, ഫാ. റാമിരോ ടിജേരിനോ, ഫാ. സാദിയേല്‍ യൂഗാരിയോസ് കാനോ, ഫാ. ജോസ് ലൂയീസ് ഡിയാസ് ക്രൂസ് എന്നീ വൈദികരും, റാവുള്‍ അന്റോണിയോ ഗോണ്‍സാലെസ് എന്ന ഡീക്കനും, ഡാര്‍വിന്‍ ലെയ്വാ മെന്‍ഡോസ, മെല്‍ക്കിന്‍ സെക്വീര എന്നീ സെമിനാരി വിദ്യാര്‍ത്ഥികളും അമേരിക്കയിലെത്തിയവരില്‍ ഉള്‍പ്പെടുന്നു. ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ വധഭീഷണിയെത്തുടര്‍ന്ന്‍ മയാമിയില്‍ അഭയം തേടിയ ബിഷപ്പ് സില്‍വിയോ ജോസ് ബയേസും കഴിഞ്ഞ വാരാന്ത്യത്തില്‍ ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നു.

Tag: Archdiocese of Miami offers to take in priests exiled from Nicaragua, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 822