Faith And Reason
തപസ്സുകാല അനുതാപവും സിനഡാത്മക സഞ്ചാരവും: ഫ്രാൻസിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
പ്രവാചകശബ്ദം 21-02-2023 - Tuesday
2023-ലെ ഈ തപസ്സുകാലത്തിലേക്ക് വിചിന്തനം ചെയ്യുവാന്‍ ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ച നോമ്പുകാല സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം താഴെ നല്‍കുന്നു.
പ്രിയ സഹോദരീസഹോദരന്മാരേ,
മത്തായിയുടെയും മർക്കോസിന്റെയും ലൂക്കായുടെയും സുവിശേഷങ്ങൾ യേശുവിന്റെ രൂപാന്തരണത്തിന്റെ വിവരണം നല്കുന്നു. തന്നെ മനസ്സിലാക്കാൻ പരാജയപ്പെട്ട ശിഷ്യന്മാരോടുള്ള യേശുവിന്റെ പ്രതികരണമാണ് നാം അവിടെ കാണുന്നത്. അതിന് അല്പം മുമ്പായി ഗുരുവും ശിമയോൻ പത്രോസും തമ്മിൽ ഗൗരവമായ ഒരു അഭിപ്രായ വ്യത്യാസ പ്രകടനം നടന്നിരുന്നു. യേശുവിനെ ക്രിസ്തുവും ദൈവപുത്രനും ആയി പ്രഖ്യാപിച്ച പത്രോസിന് അവിടുത്തെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും പ്രവചനം ഉൾക്കൊള്ളാനായില്ല. അതിനാൽ യേശു പത്രോസിനെ ശക്തമായി ശകാരിച്ചു. "സാത്താനേ, നീ എന്റെ പിന്നിലേക്കു പോകൂ, നീ എനിക്കു തടസ്സമാണ്. കാരണം, നീ ചിന്തിക്കുന്നത് ദൈവിക കാര്യങ്ങളല്ല. മാനുഷികകാര്യങ്ങളാണ്" (മത്താ 16:23).
ഇതിനെ തുടർന്ന്, “യേശു ആറുദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരുയർന്ന മലയിലേക്കു പോയി" (മത്താ 17:1), എല്ലാവർഷവും തപസ്സുകാലത്തിലെ രണ്ടാം ഞായറാഴ്ച രൂപാന്തരണത്തിന്റെ സുവിശേഷം വായിച്ചുവരുന്നു. ആരാധനക്രമത്തിലെ ഈ കാലഘട്ടത്തിൽ കർത്താവ് നമ്മെ തന്നോടൊപ്പം വേറൊരു സ്ഥലത്തേക്കു മാറ്റിനിറുത്തുന്നു. നമ്മുടെ സാധാരണയുള്ള ചുമതലകൾ നമ്മെ നാം സാധാരണയായി ആയിരിക്കുന്നിടത്തു തന്നെ നിലകൊള്ളാനും നാം പലപ്പോഴും ആവർത്തിച്ചുചെയ്യുന്നതും വിരസത ഉളവാക്കുന്നതുമായ ദൈനംദിന പ്രവൃത്തികൾ നിർവഹിക്കാനും നിർബന്ധിക്കുമ്പോൾ യേശുവിനോടൊത്ത് ഒരുയർന്ന മലയിലേക്കു കയറിപ്പോകാനും അങ്ങനെ ദൈവത്തിന്റെ വിശുദ്ധ ജനമെന്ന നിലയ്ക്ക് സവിശേഷമായ ഒരു ആധ്യാത്മിക അച്ചടക്കത്തിന്റെ (താപസവൃത്തി - അഷേസിസ്' എന്ന് ലത്തീനിൽ) അനുഭവത്തിൽ ജീവിക്കാനുമായി തപസ്സുകാലം നമ്മെ ക്ഷണിക്കുന്നു.
തപസ്സുകാല അനുതാപം എന്നത് നമ്മുടെ വിശ്വാസകുറവിനേയും യേശുവിനെ കുരിശിന്റെ പാതയിൽ അനുഗമിക്കുന്നതിനുള്ള നമ്മുടെ വിമുഖതയെയും മറികടക്കുന്നതിനുള്ള കൃപാവരങ്ങൾ പരിപോഷിപ്പിക്കപ്പെടുന്ന ഒരു പ്രതിജ്ഞാബദ്ധതയാണ്. ഇതുതന്നെയായിരുന്നു പത്രോസും ഇതരശിഷ്യരും ചെയ്യേണ്ടിയിരുന്നത്. ഗുരുവിനെകുറിച്ചുള്ള അറിവ് ആഴപ്പെടുത്താനും, സ്നേഹത്താൽ പ്രചോദിതരായി സമ്പൂർണ സ്വയം ദാനംവഴി നേടിയെടുക്കപ്പെട്ട, അവിടുത്തെ രക്ഷയുടെ രഹസ്യത്തെ പൂർണമായി മനസ്സിലാക്കാനും അതിനെ ആശ്ലേഷിക്കാനുമായി നമ്മെ അവിടുന്നു വേർതിരിച്ചു നിറുത്താനും കേവലസാമാന്യതയിൽ നിന്നും വ്യർഥതയിൽ നിന്നും വേർതിരിക്കപ്പെടാനും നാം നമ്മെത്തന്നെ അനുവദിക്കണം.
അതിനായി നാം ഒരു യാത്രയ്ക്കു തയ്യാറാവണം; മലകയറുന്നതുപോലെ മുകളിലേക്കുള്ള ഒരു യാത്രയാണിത്. അതിന് പ്രയത്നവും ത്യാഗവും ഏകാഗ്രതയും ആവശ്യമുണ്ട്. ഒരു സഭ എന്ന നിലയ്ക്ക് ഇന്ന് നാം പ്രതിജ്ഞാബദ്ധരായിരിക്കുന്ന സിനഡാത്മക സഞ്ചാരത്തിനും അവ അനിവാര്യമാണ്. ആകയാൽ, തപസ്സനുഷ്ഠാനവും സിനഡാത്മക അനുഭവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിചിന്തനം വളരെ ഉപകാരപ്രദമായിരിക്കും.
താബോർമലയിലേക്കുള്ള തന്റെ പിൻവാങ്ങലിൽ (retreat) യേശു മൂന്ന് ശിഷ്യന്മാരെ കൂടെകൊണ്ടുപോയി. അസാധാരണമായ ആ സംഭവത്തിന് സാക്ഷികളാക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു അവർ. എന്നാൽ, കൃപയുടെ ആ അനുഭവം പങ്കുവെയ്ക്കപ്പെടണമെന്ന് യേശു ആഗ്രഹിക്കുന്നു. അത് അവരുടേത് മാത്രമായി അവശേഷിക്കാൻ പാടില്ല. നമ്മുടെ വിശ്വാസജീവിതം എന്നതുതന്നെ പങ്കുവെയ്ക്കപ്പെടുന്ന ഒരു അനുഭവം ആണല്ലോ! എന്തെന്നാൽ, ഒത്തൊരുമിച്ചാണല്ലോ നാം യേശുവിനെ അനുഗമിക്കുന്നത്. സമയ ബന്ധിതമായിരിക്കുന്ന ഒരു തീർത്ഥാടക സഭ എന്ന നിലയിൽ നാം ഒരുമിച്ചാണ് ആരാധനാവർഷവും അതിന്റെ ഭാഗമായിരിക്കുന്ന തപസ്സുകാലവും ആചരിക്കുന്നതും അനുഭവിക്കുന്നതും; അതായത്, നമ്മുടെ സഹയാത്രികരോടൊപ്പം, കർത്താവ് നമുക്ക് നൽകിയിട്ടുള്ളവരോടൊപ്പം, നടന്നുകൊണ്ട് യേശുവിന്റെയും ശിഷ്യന്മാരുടെയും താബോർ മലകയറ്റം പോലെ നമ്മുടെ തപസ്സുകാലസഞ്ചാരവും സിനഡാത്മകം ആണെന്ന് നമുക്ക് പറയാനാകും.
കാരണം, അതു നാം ഒരേ ഗുരുവിന്റെ ശിഷ്യർ എന്ന നിലയിൽ ഒരേയൊരു പാതയിൽ ഒരുമിച്ചു നടക്കുന്നതാണ്. എന്തെന്നാൽ, യേശുതന്നെയാണ് "വഴി" എന്ന് നമുക്കറിയാം. അതിനാൽ, ആരാധനക്രമപരമായ സഞ്ചാരത്തിലും സിനഡിന്റെ സഞ്ചാരത്തിലും സഭ നടത്തുന്നത് രക്ഷകനായ ക്രിസ്തുവിന്റെ രഹസ്യത്തിലേക്ക് കൂടുതൽ ആഴത്തിലും പൂർണതയിലും പ്രവേശിക്കുക എന്നതിലുപരി മറ്റൊന്നുമല്ല.
അങ്ങനെ നാം അതിന്റെ ഉച്ചസ്ഥാനത്ത് എത്തിച്ചേരുന്നു. യേശു ''അവരുടെ മുമ്പിൽവച്ച് രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രങ്ങൾ പ്രകാശംപോലെ ധവളമായി'' (മത്താ 17:2) എന്ന് സുവിശേഷം പറയുന്നു. സഞ്ചാരത്തിന്റെ കൊടുമുടി അഥവാ ലക്ഷ്യം ഇതാണ്. തങ്ങളുടെ ആരോഹണത്തിന്റെ അവസാനം അവർ ഗിരിശൃംഗത്തിൽ യേശുവിനോടൊപ്പം നിൽക്കുന്നു. അലൗകികമായ പ്രകാശത്തിൽ തിളങ്ങിനിന്ന യേശുവിന്റെ മഹത്വം ദർശിക്കാനുള്ള കൃപാവരം ആ മൂന്ന് ശിഷ്യന്മാർക്ക് ലഭിക്കുകയുണ്ടായി. ആ പ്രകാശം പുറത്തുനിന്ന് വന്നതായിരുന്നില്ല. അത് കർത്താവിൽ നിന്നുതന്നെ പ്രസരിച്ചതാണ്.
താബോർ ആരോഹണത്തിനായി ശിഷ്യന്മാർ നടത്തിയ എല്ലാ പ്രയത്നങ്ങൾക്കും ഉപരിയായിരുന്നു പ്രസ്തുത ദർശനത്തിന്റെ ദൈവികസൗന്ദര്യം. ശ്രമകരമായ ഏത് പർവതാരോഹണത്തിലും നാം നമ്മുടെ നയനങ്ങൾ പാതയിൽ ഉറപ്പിച്ച് നിറുത്തേണ്ടതാണ്. എന്നിരുന്നാലും അതിന്റെ അവസാനം ഉരുത്തിരിയുന്ന വിശാലദൃശ്യം നമ്മെ ആശ്ചര്യപ്പെടുത്തുകയും അതിന്റെ മനോഹാരിതയാൽ നമുക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. അതുപോലെതന്നെ സിനഡാത്മക പ്രക്രിയ പലപ്പോഴും ദുഷ്കരമാണെന്ന് നമുക്ക് തോന്നും; അങ്ങനെ നാം ചിലപ്പോൾ നിരുത്സാഹപ്പെട്ടവരാകും. എന്നാൽ, അവസാനം നമ്മെ കാത്തിരിക്കുന്നത് നിശ്ചയമായും അത്ഭുതാവഹവും ആശ്ചര്യജനകവുമായ ഒന്നായിരിക്കും. അത് നമ്മെ ദൈവഹിതവും അവിടത്തെ രാജ്യത്തിന്റെ ശുശ്രൂഷയ്ക്കായുള്ള നമ്മുടെ ദൗത്യവും കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്നതായിരിക്കും.
നിയമത്തെയും പ്രവാചകരെയും യഥാക്രമം പ്രതിനിധീകരിക്കുന്ന മോശയും ഏലിയായും യേശുവിന്റെ രൂപാന്തരണവേളയിൽ പ്രത്യക്ഷപ്പെട്ടത്. (മത്താ 17:3 കാണുക) മലയിലെ ശിഷ്യന്മാരുടെ അനുഭവത്തെ കൂടുതൽ സമ്പന്നമാക്കി മാറ്റി. ക്രിസ്തുവിന്റെ നവീനത എന്നു പറയുന്നത് പഴയ ഉടമ്പടിയുടെയും വാഗ്ദാനങ്ങളുടെയും പൂർത്തീകരണം എന്നതാണ്. ദൈവം തന്റെ ജനവുമായി ഇടപഴകിയതിന്റെ ചരിത്രത്തിൽനിന്ന് അതിനെ വേർപെടുത്താനാകില്ല; ആ ചരിത്രത്തിന്റെ ആഴമാർന്ന അർഥം അത് വെളിപ്പെടുത്തുന്നു. അതുപോലെ തന്നെ, സിഡാത്മക സഞ്ചാരം ഒരേസമയം സഭയുടെ പാരമ്പര്യത്തിൽ ഊന്നി നിൽക്കുന്നതും എന്നാൽ നവീനതയിലേക്ക് തുറന്നിരിക്കുന്നതുമാണ്. പുതിയ വഴികൾ അന്വേഷിക്കുന്നതിന് പ്രചോദനം നൽകുന്ന സ്രോതസ്സാണ്. പാരമ്പര്യം; അതിന് എതിർ നിൽക്കുന്ന സ്തംഭനതയുടെ പ്രലോഭന ത്തെയും തൽക്ഷണം സൃഷ്ടി നടത്തുന്ന പരീക്ഷണശൈലിയെയും ഒഴിവാക്കാനും പാരമ്പര്യം നമ്മെ സഹായിക്കുന്നു.
തപസ്സുകാല അനുതാപ സഞ്ചാരത്തിന്റെയും സിനിഡാത്മക സഞ്ചാരത്തിന്റെയും ഏകലക്ഷ്യം വ്യക്തിപരവും സഭാപരവുമായ രൂപാന്തരണമാണ്. ഇവ രണ്ടിലും ഉൾച്ചേർന്നിരിക്കുന്ന പരിവർത്തനത്തിന്റെ മാതൃക യേശുവിന്റെ രൂപാന്തരണം തന്നെയാണ്; അത് സമ്പാദിക്കപ്പെടുന്നത് അവിടത്തെ പെസഹാരഹസ്യത്തിന്റെ കൃപ മൂലമാണ്. യേശുവിനോടൊപ്പം മലകയറാനും അവിടത്തോടൊപ്പം ആയിരിക്കാനും, അങ്ങനെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനും ഞാൻ രണ്ട് പാതകൾ നിർദേശിക്കാൻ ആഗ്രഹിക്കുന്നു.
താബോർ മലയിൽ വച്ച് രൂപാന്തരപ്പെട്ട യേശുവിനെ ധ്യാനിച്ചുകൊണ്ടിരുന്ന ശിഷ്യന്മാർക്ക് പിതാവായ ദൈവം നൽകിയ നിർദേശത്തോട് ചേർന്നുള്ളതാണ്. ആദ്യത്തെ പാത. മേഘത്തിൽ നിന്നുള്ള സ്വരം ഇപ്രകാരം പറഞ്ഞു: 'ഇവനെ ശ്രവിക്കുവിൻ" (മത്താ 17:5), ആകയാൽ, ആദ്യനിർദേശം വളരെ വ്യക്തമാണ്. നാം യേശുവിനെ ശ്രവിക്കണം. അവിടുന്ന് നമ്മോട് സംസാരിക്കുമ്പോൾ നാം അവിടത്തെ ശ്രവിക്കുന്ന കൃപയുടെ കാലമാണ് തപസ്സുകാലം. എങ്ങനെയാണ് അവിടുന്ന് നമ്മോട് സംസാരിക്കുന്നത് ഒന്നാമത്, ആരാധന ക്രമത്തിൽ സഭ നമുക്ക് നൽകുന്ന ദൈവവചനം വഴിയായി. ആ വചനം നമ്മുടെ ബധിരകാതുകളിൽ പതിക്കാതിരിക്കട്ടെ! നമുക്ക് ദിവ്യപൂജയിൽ സംബന്ധിക്കാൻ സാധിക്കുന്നില്ലെങ്കിൽ ദൈനംദിനമുള്ള ബൈബിൾ വായനവഴിയായി ദൈവവചനം പഠനവിഷയമാക്കാം; ഇന്റർനെറ്റിന്റെ സഹായത്തോടെയും ആകാം അത്.
വിശുദ്ധലിഖിതങ്ങൾക്ക് പുറമേ, നമ്മുടെ സഹോദരിസഹോദരന്മാരിലൂടെയും കർത്താവ് നമ്മോട് സംസാരിക്കുന്നു, ഏറെ പ്രത്യേകിച്ച് ആവശ്യങ്ങളിൽ ഇരിക്കുന്നവരുടെ വദനങ്ങളിലൂടെയും അവരുടെ കഥകളിലൂടെയും. സിനഡാത്മക പ്രക്രിയയിൽ വളരെ പ്രധാനപ്പെട്ടതായ മറ്റൊരു കാര്യം കൂടെ ഞാൻ പറയട്ടെ. പലപ്പോഴും ക്രിസ്തുവിനെ ശ്രവിക്കുന്നത് സംഭവിക്കുന്നത് സഭയിലെ സഹോദരീസഹോദരന്മാരെ ശ്രവിക്കുന്നതിലൂടെയാണ്. അപ്രകാരമുള്ള പരസ്പര ശ്രവണം ചില ഘട്ടങ്ങളിലെ ആദ്യ ലക്ഷ്യമാണ്; എന്നാൽ അത് സിനഡാത്മക സഭയുടെ രീതി ശാസ്ത്രത്തിന്റെയും ശൈലിയുടെയും അനിവാര്യ ഭാവമായി എപ്പോഴും നിലനില്ക്കുന്നു.
പിതാവിന്റെ സ്വരം കേട്ട ശിഷ്യന്മാർ കമഴ്ന്നു വീണു. അവർ അത്യധികം ഭയപ്പെട്ടിരുന്നു. യേശു അവരെ സമീപിച്ച് അവരെ സ്പർശിച്ചുകൊണ്ട് പറഞ്ഞു. എഴുന്നേല്ക്കുവിൻ, ഭയപ്പെടേണ്ട അവർ കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല" (മത്താ 17: 6-8), തപസ്സുകാലത്തെ സംബന്ധിച്ച രണ്ടാമത്തെ നിർദേശം ഇവിടെയാണ് ഞാൻ കാണുന്നത്. അതായത്, യാഥാർഥ്യത്തെയും അതുമായുള്ള ദൈനംദിന പോരാട്ടങ്ങളെയും ക്ലേശങ്ങളെയും വൈരുദ്ധ്യങ്ങളെയും അഭിമുഖീകരിക്കുന്നതിന്റെ ഭയത്തെ മറികടക്കുന്നതിന്റെ ഭാഗമായി അസാധാരണമായ സംഭവങ്ങളിലും നാടകീയമായ അനുഭവങ്ങളിലും ഊന്നിനിൽക്കുന്ന മതാത്മകതയിൽ അഭയം പ്രാപിക്കുന്നത്. യേശു ശിഷ്യന്മാരെ കാണിച്ചു കൊടുത്ത പ്രകാശം ഉയിർപ്പിന്റെ മഹിമയുടെ ഒരുമുന്നാസ്വാദനം ആയിരുന്നു.
അവിടത്തെ മാത്രം അനുഗമിക്കുന്ന നമുക്ക് അതായിരിക്കണം നമ്മുടെ പ്രയാണത്തിന്റെ ലക്ഷ്യം. തപസ്സുകാലം ഉയിർപ്പുതിരുനാളിലേക്ക് നീങ്ങുന്നതാണ്. "പിൻവാങ്ങൽ" (retreat) അതിൽത്തന്നെ ഒരുലക്ഷ്യമല്ല. അത് വിശ്വാസത്തിലും സ്നേഹത്തിലും പ്രത്യാശയിലും കർത്താവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും അനുഭവത്തിലേക്കും അങ്ങനെ ഉയിർപ്പിലേക്കും എത്തിച്ചേരാനുമായി നമ്മെ ഒരുക്കുന്ന ഒരു മാർഗമാണ്. സിനഡാത്മക സഞ്ചാരവും അപ്രകാരമുള്ളതാണ്. പ്രസ്തുത പാതയിൽ ദൈവം നമുക്ക് കൂട്ടായ്മയുടേതായ ശക്തമായ അനുഭവങ്ങൾ പ്രധാനം ചെയ്യുന്ന കൃപാവരങ്ങൾ നല്കിയാൽത്തന്നെയും നാം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു എന്ന് കരുതാൻ പാടില്ല; അവിടെയും കർത്താവ് നമ്മോട് ആവർത്തിക്കുന്നു. “എഴുന്നേല്ക്കുവിൻ, ഭയപ്പെടേണ്ട". ആകയാൽ, നമുക്ക് താഴേക്ക്, സമതലത്തിലേക്ക്, ഇറങ്ങാം; നമുക്ക് അനുഭവവേദ്യമായ കൃപാവരം നമ്മുടെ സമൂഹങ്ങളിൽ സാധാരണജീവിതത്തിലെ സിനഡാത്മകതയുടെ ശില്പികളാകാൻ നമ്മെ ശക്തിപ്പെടുത്തട്ടെ.
പ്രിയ സഹോദരീസഹോദന്മാരേ, ഈ തപസ്സുകാലത്ത് യേശുവിനോടോത്ത് ദൈവാനുഭവത്തിന്റെ മലകയറുവാൻ പരിശുദ്ധാത്മാവ് നമ്മെ പ്രചോദിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യട്ടെ. അതുവഴി നാം അവിടത്തെ ദൈവികശോഭ അനുഭവിച്ചറിയുകയും അങ്ങനെ വിശ്വാസത്തിൽ ഉറപ്പിക്കപ്പെട്ട് തന്റെ ജനത്തിന്റെ മഹത്വവും ജനതകളുടെ പ്രകാശവുമായ അവിടത്തോടൊപ്പമുള്ള നമ്മുടെ സഞ്ചാരത്തിൽ നാം നിലനില്ക്കുകയും ചെയ്യുമാറാകട്ടെ.
വിവര്‍ത്തനത്തിന് കടപ്പാട്: പിഓസി, കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയം.