News - 2024
റോമിലെ സിനഡിനൊരുക്കമായി ഏഷ്യൻ ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള അസംബ്ലിക്ക് ബാങ്കോക്കില്‍ ഇന്ന് തുടക്കം
24-02-2023 - Friday
ബാങ്കോക്ക്: ഈ വർഷം ഒക്ടോബറിൽ റോമിൽ ആരംഭിക്കുന്ന സിനഡിനൊരുക്കമായി ഏഷ്യൻ ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള അസംബ്ലിക്ക് ബാങ്കോക്ക് അതിരൂപതയുടെ പാസ്റ്ററൽ ട്രെയിനിംഗ് സെന്ററിൽ ഇന്നു തുടക്കം. രൂപതാ, ദേശീയതലത്തിലുള്ള ചർച്ചാസമ്മേളനങ്ങൾക്കുശേഷം നടക്കുന്ന ഈ അസംബ്ലിയിൽ 29 രാജ്യങ്ങളിൽ നിന്നുള്ള 17 മെത്രാൻ സമിതികളുടെയും രണ്ടു മെത്രാൻ സിനഡുകളുടെയും പ്രതിനിധികളായി 80 പേരാണു സംബന്ധിക്കുന്നത്. ഇന്നു രാവിലെ ടോക്കിയോ ആർച്ച്ബിഷപ്പും ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസസിന്റെ സെക്രട്ടറിയുമായ തർസീസിയോ ഇസാവോ കിക്കുച്ചിയുടെ പ്രധാന കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെ സമ്മേളനം ആരംഭിക്കും. ഞായറാഴ്ച സമ്മേളനം സമാപിക്കും.
സഭയിൽ നിലവിൽവരേണ്ട സിനഡാത്മകതയെക്കുറിച്ചുള്ള ചർച്ചകളാണു സമ്മേളന ത്തിൽ നടക്കുക. ഏഷ്യയിലെ വൈവിധ്യങ്ങൾ നിറഞ്ഞ സാംസ്കാരിക, മത, വംശീയ പശ്ചാത്തലങ്ങൾ ചെറിയൊരു ന്യൂനപക്ഷമായ സഭയെ കൂടുതൽ സജീവമായ ഇടപെടലുകൾക്കു പ്രേരിപ്പിക്കും. സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് മാർ ആലഞ്ചേരിയെക്കൂടാതെ റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ (സീറോ മലബാർ ഡോനൽ കമ്മീഷൻ സെക്രട്ടറി), ശ്രീമതി കൊച്ചുറാണി ജോസഫ് (സഭാ വക്താവ്) എന്നിവരാണുള്ളത്. ബിഷപ് മാർ ജോർജ് പള്ളിപ്പറമ്പിൽ, റവ. ഡോ. തോമസ് കൊല്ലംപറമ്പിൽ സിഎംഐ, റവ. ഡോ. ജോർജ് പ്ലാത്തോട്ടം എസ്ഡിബി, സിസ്റ്റർ ലളിത തോമസ് എന്നിവരാണു സമ്മേളന ത്തിൽ സംബന്ധിക്കുന്ന മറ്റു മലയാളികൾ.